ഓർമയാകാൻ ഗോ ഫസ്റ്റ് വിമാനക്കമ്പനി; ആസ്തികൾ വിറ്റ് കടബാധ്യത തീർക്കാൻ ഉത്തരവ്

Mail This Article
ന്യൂഡൽഹി∙ സാമ്പത്തിക പ്രതിസന്ധിയിലായ ‘ഗോ ഫസ്റ്റ്’ വിമാനക്കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിച്ച് ബാധ്യത തീർക്കാൻ (ലിക്വിഡേഷൻ) ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ (എൻസിഎൽടി) ഉത്തരവിട്ടു. 3 വർഷം മുൻപാണ് ഗോ–ഫസ്റ്റ് സർവീസ് നിർത്തിവച്ചത്.
ലിക്വിഡേഷൻ നടന്നാൽ കമ്പനിയുടെ വിമാനങ്ങൾ അടക്കമുള്ള ബാക്കി ആസ്തികൾ പണമാക്കി മാറ്റി വായ്പ നൽകിയ ബാങ്കുകൾക്കടക്കം നൽകും. ഇതോടെ ‘ഗോ ഫസ്റ്റ്’ എന്ന ബ്രാൻഡ് ഓർമയാകും. ജെറ്റ് എയർവേയ്സ് പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് നവംബറിൽ സുപ്രീം കോടതി ലിക്വിഡേഷൻ ഉത്തരവിട്ടിരുന്നു.
2023 മേയിൽ ഗോ ഫസ്റ്റ് പാപ്പർ ഹർജി നൽകിയിരുന്നു.ഗോ എയർ കമ്പനി 2021ലാണ് ‘ഗോ ഫസ്റ്റ്’ എന്ന് റീബ്രാൻഡ് ചെയ്തത്. 17 വർഷത്തോളം ഈ കമ്പനി സർവീസ് നടത്തിയ ശേഷം 2023 മേയ് മൂന്നിനാണ് സേവനം അവസാനിപ്പിച്ചത്.
ബിസി ബീ എയർവേയ്സ്, സ്പൈസ്ജെറ്റ് സ്ഥാപകൻ അജയ് സിങ്, സ്കൈ വൺ എന്നിവ ഗോ ഫസ്റ്റിനെ ഏറ്റെടുക്കാൻ രംഗത്തുണ്ടായിരുന്നു. പുനരുജ്ജീവന നടപടികൾ ഫലവത്താകാതെ വന്നതോടെയാണ് ലിക്വിഡേഷൻ ഉത്തരവ്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business