യുഎസ് ആരോഗ്യസേവന രംഗത്ത് സൂപ്പർഹിറ്റായി പ്രവാസി മലയാളിയുടെ ‘പ്രാക്ടീസ് സ്യൂട്ട്’

Mail This Article
കൊച്ചി ∙ യുഎസിലെ ‘ആംബുലേറ്ററി കെയർ’ മേഖലയിലെ ടോപ് 5 ക്ലൗഡ് അധിഷ്ഠിത പ്ലാറ്റ്ഫോമുകളിൽ ഇടം പിടിച്ച് പ്രവാസി മലയാളിയുടെ ടെക് സംരംഭം. പാലക്കാട്ടും കൊച്ചിയിലും കുടുംബ വേരുകളുള്ള, മുംബൈയിൽ വളർന്ന്, യുഎസിൽ താമസിക്കുന്ന വി.കെ.വിനോദ് നായരുടെ സോഫ്റ്റ്‌വെയർ ഉൽപന്നമായ ‘പ്രാക്ടീസ് സ്യൂട്ട്’ ഉപയോഗിക്കുന്നത് യുഎസിലെ 50 സംസ്ഥാനങ്ങളിലായി 25,000 ലേറെ ഡോക്ടർമാർ. കൈകാര്യം ചെയ്യുന്നത് 200 ലക്ഷം രോഗികളുടെ ചികിത്സാ വിവരങ്ങൾ. ലഭ്യമാക്കുന്നതു പ്രതിവർഷം 3 ബില്യൻ ഡോളർ (ഏകദേശം 26000 കോടി രൂപ) മൂല്യമുള്ള ഇൻഷുറൻസ് ക്ലെയിം.
ചെറിയ ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള ചികിത്സ ലഭ്യമാക്കുന്ന ഔട്ട് പേഷ്യന്റ് ക്ലിനിക് സംവിധാനമാണു യുഎസിൽ ആംബുലേറ്ററി കെയർ എന്നറിയപ്പെടുന്നത്. കുറഞ്ഞ ചെലവിൽ വേഗത്തിൽ ചികിത്സ ലഭ്യമാക്കാൻ കഴിയുമെന്നതിനാൽ ആംബുലേറ്ററി കെയർ ഉപയോഗിക്കുന്നവർ ഏറെ. ആശുപത്രിവാസം വേണ്ടെന്ന സൗകര്യവുമുണ്ട്. ആംബുലേറ്ററി കെയർ ക്ലിനിക്കുകളുടെ പ്രവർത്തനത്തിനുള്ള സമ്പൂർണ സോഫ്റ്റ്‌വെയർ പ്ലാറ്റ്ഫോമായ പ്രാക്ടീസ് സ്യൂട്ട് പിന്നിട്ടത് 20 വർഷം.

രോഗം വരാതിരിക്കുക, ആരോഗ്യത്തോടെ ജീവിക്കുക. അതിനാണു മുൻഗണന നൽകേണ്ടതെന്ന് വിനോദ് പറയുന്നു. രോഗം വരുന്നതു വരെ ആരോഗ്യത്തെക്കുറിച്ചു ചിന്തയില്ല. ആ സ്ഥിതി മാറണം. ബോധവൽക്കരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കായി ‘ഹലോ ഹെൽത്ത്’ എന്ന പ്ലാറ്റ്ഫോം ഏറ്റെടുത്തു കഴിഞ്ഞു. ഇന്ത്യയിലേക്കും വ്യാപിപ്പിക്കാൻ ആലോചനയുണ്ട്. യുഎസിലെ ഇലക്ട്രോണിക് മെഡിക്കൽ റെക്കോർഡ്സ് സോഫ്റ്റ്‌വെയർ കമ്പനിയായ ‘മൈക്രോഎംഡി’യെയും വികസന പദ്ധതികളുടെ ഭാഗമായി വിനോദ് ഏറ്റെടുത്തിട്ടുണ്ട്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business