സൗത്ത് ഇന്ത്യൻ ബാങ്കിന് റെക്കോർഡ് ലാഭം; ഓഹരികളിൽ മികച്ച നേട്ടം

Mail This Article
കൊച്ചി∙ നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ (ഒക്ടോബർ-ഡിസംബർ) സൗത്ത് ഇന്ത്യൻ ബാങ്കിന് 341.8 കോടി രൂപ ലാഭം. ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ത്രൈമാസ ലാഭമാണിത്. പ്രവർത്തന ലാഭം മുൻ വർഷത്തെ 483.4 കോടിയിൽ നിന്ന് 528.8 കോടി രൂപയായി. റീട്ടെയ്ൽ നിക്ഷേപങ്ങൾ 1,02,420 കോടി രൂപയിലും എൻആർഐ നിക്ഷേപം 31,132 കോടി രൂപയിലുമെത്തി.
വായ്പാ വിതരണം 77,686 കോടിയിൽ നിന്ന് 86,966 കോടിയിലെത്തി. കോർപറേറ്റ് വായ്പകൾ 16.9% വാർഷിക വർധനയോടെ 29,892 കോടിയിൽ നിന്നു 34,956 കോടി രൂപയിലെത്തി. വ്യക്തിഗത വായ്പ 2,186 കോടിയിൽ നിന്ന് 2,249 കോടിയായും സ്വർണ വായ്പകൾ 15,369 കോടിയിൽ നിന്ന് 16,966 കോടിയായും വർധിച്ചു.
ഭവനവായ്പ 63.9% വളർച്ചയോടെ 8,195 കോടിയും വാഹന വായ്പ 24% വളർച്ചയോടെ 1,938 കോടിയും. ഡിജിറ്റൽവൽക്കരണം ഉൾപ്പെടെ ബാങ്ക് സ്വീകരിച്ചുവരുന്ന തന്ത്രങ്ങൾ ബിസിനസിൽ മികച്ച പ്രകടനം സാധ്യമാക്കുന്നുവെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും സിഇഒയുമായ പി. ആർ. ശേഷാദ്രി പറഞ്ഞു.
ഓഹരികളിൽ നേട്ടം
മികച്ച പ്രവർത്തനഫലത്തിന്റെ കരുത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓഹരികൾ ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ചെയ്യുന്നത്. എൻഎസ്ഇയിൽ 26 രൂപയിൽ ആരംഭിച്ച വ്യാപാരം ഇന്നൊരുവേള 27 രൂപവരെ എത്തി. വ്യാപാരം പുരോഗമിക്കുന്നത് 3.41% ഉയർന്ന് 26.68 രൂപയിൽ. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പ്രവർത്തനഫലവും ഓഹരി വിപണിയുടെ ഇന്നലത്തെ പ്രകടനവും സംബന്ധിച്ച വിശദാംശങ്ങൾ ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business