ഡോണൾഡ് ട്രംപിന്റെ സാമ്രാജ്യത്വ മോഹത്തിൽ ഇന്ത്യയും; ഉന്നം റിയൽ എസ്‌റ്റേറ്റ്, ഒഴുകും ശതകോടികൾ

Mail This Article
കൊച്ചി ∙ കാനഡയും ഗ്രീൻലാൻഡും പാനമ കനാലും അമേരിക്കയുടേതാക്കാൻ ആഗ്രഹിക്കുന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാമ്രാജ്യത്വ മോഹത്തിൽ ഇന്ത്യയും. ഇന്ത്യയെ ട്രംപ് റിയൽ എസ്‌റ്റേറ്റ് ബ്രാൻഡിന്റെ ഏറ്റവും വലിയ വിപണിയായി വികസിപ്പിച്ച് അദ്ദേഹത്തിന്റെ റിയൽ എസ്‌റ്റേറ്റ് സാമ്രാജ്യത്തിന്റെ ആസ്‌ഥാനമാക്കി മാറ്റുകയാണു ലക്ഷ്യം.
പുണെ, മുംബൈ, ഗുരുഗ്രാം,കൊൽക്കത്ത എന്നിവിടങ്ങളിൽ ഇപ്പോൾത്തന്നെ ട്രംപ് ടവറുകളുണ്ട്. 15 കോടി മുതൽ 23 കോടി രൂപ വരെ വിലയുള്ള അപ്പാർട്‌മെന്റുകളടങ്ങിയതാണ് ഈ അത്യാഡംബര പാർപ്പിട സമുച്ചയങ്ങൾ. 35 ലക്ഷം ചതുരശ്ര അടിയാണ് ഇവയുടെ ആകെ വിസ്‌തൃതി.

കൂടുതൽ നഗരങ്ങളിൽ ട്രംപ് ടവറുകൾ കെട്ടിപ്പടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പാർപ്പിടാവശ്യത്തിനും വാണിജ്യാവശ്യങ്ങൾക്കും ഉപകരിക്കുന്ന ടവറുകളായിരിക്കും ഇനി നിർമിക്കുന്നത്. അവ ബെംഗളൂരു,ഹൈദരാബാദ്, നോയ്‌ഡ, പുണെ,മുംബൈ, ഗുരുഗ്രാം എന്നിവിടങ്ങളിലായിരിക്കും.
പുതിയ പദ്ധതികൾ പൂർത്തിയാകുന്നതോടെ ഇന്ത്യയായിരിക്കും അമേരിക്കയ്‌ക്കു പുറത്ത് ഏറ്റവും കൂടുതൽ ട്രംപ് ടവറുകളുള്ള രാജ്യം. 15,000 – 20,000 കോടി രൂപയുടേതാണു പുതിയ പദ്ധതികൾ എന്ന് അനുമാനിക്കുന്നു. ഗോൾഫ് കോഴ്‌സുകൾ, ഓഫിസ് സമുച്ചയങ്ങൾ, വില്ലകൾ എന്നിവയുടെ നിർമാണവും ട്രംപ് ഓർഗനസേഷന്റെ ഇന്ത്യയിലെ ലക്ഷ്യങ്ങളിലുണ്ട്.

ന്യൂയോർക്കിലെ ബാറിൽ 13 വർഷം മുൻപ് ഇന്ത്യയിൽനിന്നുള്ള കൽപേശ് മേത്തയെ കണ്ടുമുട്ടിയതോടെയാണു ട്രംപിന്റെ ലക്ഷ്യങ്ങളിൽ ഇന്ത്യയും സ്ഥാനം പിടിച്ചത്.
അവർക്കിടയിൽ വളർന്ന സൗഹൃദത്തിന്റെ ഫലമായി കൽപേശിന്റെ ട്രിബെക്ക ഡവലപ്പേഴ്‌സിനു ട്രംപ് ടവർ പ്രോജക്‌ടിന്റെ ‘ലൈസൻസ്‌ഡ് പാർട്‌നർ’ പദവി ലഭിച്ചു. തുടർന്നായിരുന്നു ടവറുകളുടെ നിർമാണം. പ്രശസ്‌തമായ വാർട്ടൺ സ്‌കൂൾ ഓഫ് ഫിനാൻസിൽനിന്ന് എംബിഎ പാസായ കൽപേശ് ആഗോളതലത്തിൽത്തന്നെ അറിയപ്പെടുന്ന റിയൽ എസ്‌റ്റേറ്റ് ഡവലപ്പറാണ്.

രാഷ്ട്രീയത്തിലെത്തിയിട്ട് അധികനാളാകാത്ത ട്രംപാകട്ടെ വിവിധ ബിസിനസ് സംരംഭങ്ങളുടെ അധിപൻ. ട്രംപിന്റെ ആസ്‌തി മൂല്യം 57,620 കോടി രൂപയാണെന്നു യുഎസ് ബിസിനസ് മാഗസിനായ ഫോബ്‌സ് കണക്കാക്കുന്നു. ബ്ളൂംബർഗിന്റെ കണക്കനുസരിച്ചു ട്രംപിന്റെ ആസ്‌തി 61,576 കോടി രൂപയാണ്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business