ബിഎസ്എൻഎൽ വരിക്കാരുടെ എണ്ണത്തിൽ ഇടിവ്; ജിയോയ്ക്ക് വൻ നേട്ടം

Mail This Article
ന്യൂഡൽഹി∙ 4 മാസത്തിന്റെ ഇടവേളയ്ക്കു ശേഷം വരിക്കാരുടെ എണ്ണത്തിൽ ബിഎസ്എൻഎലിന് ഇടിവ്. കഴിഞ്ഞ ജൂലൈയിൽ സ്വകാര്യ മൊബൈൽ കമ്പനികളുടെ താരിഫ് വർധനയ്ക്ക് ശേഷമുള്ള 4 മാസത്തിനിടെ മാത്രം 68 ലക്ഷം പുതിയ വരിക്കാരെയാണ് ബിഎസ്എൻഎൽ നേടിയത്. എന്നാൽ നവംബറിലെ ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ കണക്കുപ്രകാരം 3.4 ലക്ഷം വരിക്കാരെ നഷ്ടമായി.
താരിഫ് വർധന മൂലമുണ്ടായ നേട്ടം ബിഎസ്എൻഎലിന് പതിയെ നഷ്ടമാകുന്നുവെന്ന് വ്യക്തമാകുന്നതാണ് കണക്കുകൾ.4 മാസത്തിനിടെ 1.65 കോടി വരിക്കാരെ നഷ്ടപ്പെട്ട റിലയൻസ് ജിയോയ്ക്ക് നവംബറിൽ 12.12 ലക്ഷം വരിക്കാരെ പുതിയതായി ലഭിച്ചു. ഒക്ടോബറിൽ 19.28 ലക്ഷം വരിക്കാരെ നേടിയ എയർടെൽ കമ്പനിക്ക് നവംബറിൽ 11.36 ലക്ഷം വരിക്കാരെ നഷ്ടമായി.

4 മാസത്തിനിടെ 68.19 ലക്ഷം കണക‍്ഷനുകൾ നഷ്ടമായ വോഡഫോൺ–ഐഡിയയ്ക്ക് ഇക്കുറി 15.02 ലക്ഷം പേരെ കൂടി നഷ്ടമായി.കേരളത്തിൽ ബിഎസ്എൻഎലിന് 23,990 ഉപയോക്താക്കളെ നഷ്ടമായി.
ഒരു മാസത്തിനിടെ വരിക്കാരുടെ എണ്ണത്തിലെ വ്യത്യാസം
രാജ്യമാകെയുള്ള കണക്ക് (ബ്രാക്കറ്റിൽ കേരളത്തിലേത്)
. ജിയോ: +12.12 ലക്ഷം (–681)
. എയർടെൽ: –11.36 ലക്ഷം (-33,267)
. വോഡഫോൺ–ഐഡിയ: –15.02 ലക്ഷം (-27,552)
. ബിഎസ്എൻഎൽ: –3.4 ലക്ഷം (-23,990)