ക്വിക്ക് കൊമേഴ്‌സ് കേരളത്തിൽ തരംഗമാകുന്നു! മലയാളിയുടെ സാക്ഷരതയും കാരണം

Mail This Article
ഇ-കൊമേഴ്‌സിന് പിന്നാലെ ക്വിക്ക് കൊമേഴ്‌സ് എന്ന ഗ്രോസറി വില്‍പ്പന ശൈലി അതിവേഗമാണ് കേരളത്തില്‍ സ്വീകരിക്കപ്പെടുന്നതെന്ന് പ്രമുഖ ഓണ്‍ലൈന്‍ ഗ്രോസറി പ്ലാറ്റ്‌ഫോം ബിഗ് ബാസ്‌ക്കറ്റിന്റെ സഹസ്ഥാപകനും സിഇഒയുമായ ഹരി മേനോന്‍ പറയുന്നു.
'കേരളത്തില്‍ ഇ-കൊമേഴ്‌സ് രംഗത്ത് 10 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു ഞങ്ങള്‍. വളരെ മികച്ച രീതിയിലാണ് ഇവിടുത്തെ ജനങ്ങള്‍ ഞങ്ങളെ സ്വീകരിച്ചത്. വളരെ വേഗത്തില്‍ തന്നെ സ്വീകാര്യത ലഭിച്ചുവെന്ന് പറയാം.'
ഇപ്പോള്‍ ക്വിക്ക് കൊമേഴ്‌സിലും സജീവമാണ് ബിഗ് ബാസ്‌ക്കറ്റ്. "തുടക്കത്തില്‍ ഈ രംഗങ്ങളുടെ വളര്‍ച്ച കൊച്ചിയില്‍ തന്നെ പരിമിതപ്പെട്ടു നിലനില്‍ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കൊച്ചി വിട്ട് തിരുവനന്തപുരം, കോഴിക്കോട് പോലുള്ള നഗരങ്ങളിലും ജനങ്ങള്‍ ഇതിനെ സ്വീകരിച്ചു കഴിഞ്ഞു" അദ്ദേഹം പറയുന്നു.
കേരളത്തിന്റെ ഉയര്‍ന്ന സാക്ഷരതാ നിരക്കായിരിക്കാം ഈ ആശയങ്ങള്‍ ഇവിടെ പെട്ടെന്ന് സ്വീകരിക്കപ്പെടുന്നതിന് കാരണമെന്നും അദ്ദേഹം പറയുന്നു.10 മിനിറ്റിനുള്ളില്‍ ഉല്‍പ്പന്നങ്ങള്‍ ഡെലിവറി ചെയ്യുന്ന ഇ-കൊമേഴ്‌സ് രീതിയാണ് ക്വിക്ക് കൊമേഴ്‌സ്.
ഡെലിവറി 10 മിനിറ്റിൽ
ക്വിക്ക് കൊമേഴ്‌സില്‍ മാക്‌സിമം 25-30 ഉല്‍പ്പന്നങ്ങളേ ഒരു തവണ വിൽക്കാൻ സാധിക്കൂ. ഇല്ലെങ്കില്‍ 10 മിനിറ്റിനുള്ളില്‍ ഡെലിവറി നടത്താൻ സാധിക്കില്ല.
ക്വിക്ക് കൊമേഴ്‌സ് എന്ന ശൈലിയുമായി ബിഗ് ബാസ്‌ക്കറ്റ് മുന്നോട്ടു വന്നപ്പോള്‍ അത് നടക്കില്ലെന്ന നിലപാടായിരുന്നു പലര്‍ക്കും. എന്നാല്‍ യുവതലമുറ വളരെ പെട്ടെന്ന് ഇതിനെ സ്വീകരിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ക്വിക്ക് കൊമേഴ്‌സ് സജീവമായിത്തുടങ്ങിയിട്ട് മൂന്ന് വര്‍ഷമേ ആയിട്ടുള്ളൂ.
ജോലിക്കാരയ ദമ്പതികളും യുവാക്കളും മധ്യവയസ്‌കരുമെല്ലാം ക്വിക്ക് കൊമേഴ്‌സിനെ ആശ്രയിക്കുന്ന പ്രവണത ശക്തമാകുകയാണ്. ഓഫീസില്‍ നിന്ന് ജോലി കഴിഞ്ഞുവന്ന് ഡിന്നറുണ്ടാക്കാന്‍ പെട്ടെന്ന് സാധിക്കുമെന്നതെല്ലാമാണ് അവരെ ഇതിനോട് അടുപ്പിക്കുന്നത്.
ശൈലി മാറി
പണ്ടെല്ലാം ഗ്രോസറി മാസത്തിന്റെ തുടക്കത്തില്‍ ബള്‍ക്കായി വാങ്ങുന്ന ശീലമായിരുന്നു നമുക്ക്. എന്നിട്ട് ഡബ്ബയിൽ സൂക്ഷിച്ച് വച്ച് മാസം മുഴുവന്‍ ഉപയോഗിക്കും. ആ ശൈലി മാറുകയാണ്. സ്‌റ്റോക്ക് ചെയ്യേണ്ട ആവശ്യമില്ലെന്നാണ് ഇന്ന് മിക്കവരുടേയും ചിന്ത. ചെറിയ അളവ് സാധനങ്ങള്‍ വാങ്ങി അത് ഉപയോഗിക്കുക എന്ന ശൈലിയാണ് ഇപ്പോള്‍. അപ്പോള്‍ വൈവിധ്യം നിറഞ്ഞ ഗ്രോസറികൾ പാചകത്തിന് പരീക്ഷിക്കാം. എപ്പോഴാണെങ്കിലും 10 മിനിറ്റിനുള്ളില്‍ സാധനങ്ങള്‍ എത്തുകയും ചെയ്യും-ഹരി മേനോന്‍ പറയുന്നു.
വന്‍ തൊഴിലവസരങ്ങള്‍
രാജ്യത്ത് ഇ-കൊമേഴ്‌സ് മേഖല വലിയ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. വെയര്‍ഹൗസുകളിലും മറ്റും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയാണ്. ഇപ്പോൾ കൂടുതലും വനിതകള്‍ ജോലിക്കെത്തുന്ന പ്രവണതയുമുണ്ട്. എന്തിന് ഉല്‍പ്പന്നങ്ങളുടെ ഡെലിവറിക്ക് വരെ ഇപ്പോള്‍ സ്ത്രീകള്‍ കൂടുതലായി എത്തുന്നു.
ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്കും തൊഴിലവസരങ്ങള്‍ നല്‍കാന്‍ ഇന്ന് ഇ-കൊമേഴ്‌സ്, ക്വിക്ക് കൊമേഴ്‌സ് മേഖയ്‌ലക്ക് സാധിക്കുന്നു. കാരണം ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രോസസും ഓട്ടോമേറ്റഡ് ആയതിനാലാണ്.
ചെറുകിടക്കാരെ ബാധിക്കില്ല
ഇ-കൊമേഴ്‌സ്, ക്വിക്ക് കൊമേഴ്‌സ് ഗ്രോസറി വില്‍പ്പനയുടെ വളര്‍ച്ച ചെറുകിട കച്ചവടക്കാരെ കാര്യമായി ബാധിക്കില്ലെന്ന അഭിപ്രായമാണ് ഹരി മോനോന്. 600 ബില്യണ്‍ ഡോളറിന്റെ വലുപ്പമുണ്ട് ഗ്രോസറി ബിസിനസിന്. ഇതില്‍ 95 ശതമാനവും ചെറുകിട വ്യാപാരികള്‍ അല്ലെങ്കില്‍ കിരാന സ്റ്റോറുകളാണ്. ബാക്കി ചെറിയ ശതമാനം മാത്രമേ ഇ-കൊമേഴ്‌സ് കമ്പനികളുള്ളൂ. അതിനാല്‍ തന്നെ ഓണ്‍ലൈന്‍ ഗ്രോസറി വില്‍പ്പനയുടെ ആഘാതം വളരെ പരിമിതമാണ്-ഹരി മോനോന്‍ വ്യക്തമാക്കുന്നു.
മിക്ക കിരാനകളും പുതിയ തലമുറയാണ് ഇപ്പോള്‍ നയിക്കുന്നത്. അവരത് അപ്‌ഡേറ്റ് ചെയ്യാനാണ് ശ്രമിക്കുന്നത്. അവിടെ ഉപഭോക്താക്കളുമായി ഒരു റിലേഷന്‍ഷിപ്പുണ്ട്. ഒഎന്‍ഡിസി, കിരാനകള്‍ക്ക് മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താവുന്നതാണ്.
ക്വിക്ക് കൊമേഴ്‌സും ഇവിടെ നിലനില്‍ക്കും കിരാനകളും ഇവിടെ നിലനില്‍ക്കും-ഇതാണ് ഇക്കാര്യത്തില്‍ എനിക്ക് പറയാനുള്ളത്.
1999ലാണ് ബിഗ് ബാസ്‌ക്കറ്റ് തുടങ്ങുന്നത്. കസെറ്റുകളും സിഡികളും വിറ്റ് തുടങ്ങിയ സംരംഭം പിന്നീടാണ് ഗ്രോസറിയിലേക്ക് കടന്നത്. അതോടെ പുതിയൊരു ചരിത്രം കൂടി ഇന്ത്യന്‍ ഇ-കൊമേഴ്‌സില്‍ പിറക്കുകയായിരുന്നു. അന്നത്തെ പ്രധാന പരിമിതികള്‍ പേമെന്റ് സിസ്റ്റം ഇല്ലെന്നതും ലോജിസ്റ്റിക്‌സുമായിരുന്നു. ചുരുക്കി പറഞ്ഞാല്‍ ഇപ്പോഴുള്ള പോലൊരു ഇ-കൊമേഴ്‌സ് ഇക്കോസിസ്റ്റം അന്ന് ഉണ്ടായിരുന്നില്ല.