നോൺ കേരളം! ഇറച്ചിയും മീനുമില്ലാതെ മലയാളിയ്ക്കെന്ത് ഭക്ഷണം!

Mail This Article
ന്യൂഡൽഹി∙ നോൺ–വെജിറ്റേറിയൻ ഭക്ഷണങ്ങൾ വാങ്ങാനായി ഏറ്റവും ഉയർന്ന വിഹിതം നീക്കിവയ്ക്കുന്ന സംസ്ഥാനങ്ങളിൽ തുടർച്ചയായി രണ്ടാം വർഷവും കേരളം ഒന്നാമത്. ഗ്രാമീണമേഖലയിൽ പച്ചക്കറി വാങ്ങുന്നതിന് ഏറ്റവും കുറവ് വിഹിതം മാറ്റിവയ്ക്കുന്നതും കേരളത്തിലാണ്, 9.49%. നഗരമേഖലകളിൽ 8.27 ശതമാനമാണ് പച്ചക്കറി വാങ്ങാനായി കുടുംബങ്ങൾ മാറ്റിവയ്ക്കുന്നത്.
നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിന്റെ (എൻഎസ്ഒ) 2023–24 വർഷത്തെ ഗാർഹിക ഉപഭോഗ സർവേ റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്. നോൺ–വെജിറ്റേറിയൻ ഇനത്തിൽ 2022–23ലും കേരളമായിരുന്നു ഒന്നാമത്.
കേരളത്തിന്റെ ഗ്രാമീണ മേഖലകളിൽ 23.33% തുകയാണ് മുട്ട, മാംസം, മത്സ്യം എന്നിവയ്ക്കായി മാറ്റിവയ്ക്കുന്നത്. നഗരങ്ങളിൽ ഇത് 21.3 ശതമാനവും. രണ്ടാമത് ബംഗാളാണ്, അവരുടെ ഭക്ഷണച്ചെലവിൽ 18.78ശതമാനവും (നഗരം) 19.71 ശതമാനവുമാണ് (ഗ്രാമം) നോൺ–വെജ് ഇനങ്ങൾ. 2022–23ൽ അസമായിരുന്നു രണ്ടാമത്.
ഗ്രാമീണമേഖലയിൽ ഏറ്റവും കുറവ് ഹരിയാനയിലും (1.91%) നഗരമേഖലകളിൽ ഏറ്റവും കുറവ് രാജസ്ഥാനിലുമാണ് (2.25%).

∙ നഗരമേഖലകളിൽ പഴങ്ങൾ വാങ്ങാനായി മാറ്റിവയ്ക്കുന്ന തുകയിലും കേരളമാണ് മുന്നിൽ, 12.41%. ഗ്രാമങ്ങളിൽ ആന്ധ്രയുടെ തൊട്ടുപിന്നിലാണ് കേരളം (10.94%).
∙ ഗ്രാമീണമേഖലകളിൽ മെഡിക്കൽ ആവശ്യങ്ങൾക്ക് ഏറ്റവും കൂടുതൽ വിഹിതം നീക്കിവയ്ക്കുന്നതും കേരളത്തിലാണ്, 17.33%. നഗരമേഖലകളിൽ ഇത് 14.42 ശതമാനമാണ്.
∙ കേരളത്തിലെ നഗരമേഖലകളിൽ ആളുകൾ നോൺ–വെജ് ഭക്ഷണത്തിനേക്കാൾ കൂടുതൽ പണം ചെലവഴിക്കുന്നത് പ്രോസസ്ഡ് ഫുഡിനും പാനീയങ്ങൾക്കുമാണ്. ഗ്രാമമേഖലകളിൽ നോൺ–വെജ് ഭക്ഷണങ്ങൾ തന്നെ മുന്നിൽ.