ഇന്ത്യൻ കമ്പനികൾ കപ്പലുകൾ വാങ്ങണം, മാരിടൈം മേഖലയ്ക്ക് 25,000 കോടി രൂപയുടെ വായ്പാ ഫണ്ട്

Mail This Article
കപ്പൽ നിർമാണം, വിൽപ്പന എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി വലിയ കപ്പലുകളെ ഹാര്‍മണൈസ്ഡ് മാസ്റ്റർ ലിസ്റ്റിൽ ഉൾപ്പെടുത്തി. 2025 ബജറ്റിലാണ് പ്രഖ്യാപനം. പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യ മേഖലകൾ ഉൾപ്പെടുന്ന ലിസ്റ്റ് ആണിത്. ഇതോടെ സർക്കാർ നിഷ്കർഷിക്കുന്ന നിശ്ചിത വലുപ്പമുള്ള കപ്പലുകൾ വാങ്ങുന്നതിന് കുറഞ്ഞ നിരക്കിൽ വായ്പപകളും നികുതി ആനുകൂല്യങ്ങളും ലഭിച്ചേക്കും. നിലവിൽ കപ്പൽ നിർമാണ മേഖലയ്ക്ക് ഇൻഫ്രാസ്ട്രക്ചർ പദവിയുണ്ട്.
ദീർഘകാലത്തേക്ക് കുറഞ്ഞ നിരക്കിൽ വായ്പ ലഭിച്ചാൽ മാരിടൈം രംഗത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികൾക്ക് കൂടുതൽ കപ്പലുകൾ വാങ്ങാന്‍ അവസരം ഒരുങ്ങും. കൂടാതെ വായ്പ ചെലവിലുണ്ടാവുന്ന കുറവ് ലാഭത്തിലും പ്രതിഫലിക്കും. നിലവിൽ കപ്പൽ ഉടമസ്ഥതയിൽ ഇന്ത്യ ആഗോള തലത്തിൽ പതിനെട്ടാമതാണ്. റജിസ്റ്റര്‍ ചെയ്ത 1,550 വെസലുകളാണ് ഇന്ത്യയിലുള്ളത്. 13.5 ദശലക്ഷം ഗ്രോസ് ടണ്ണേജ് (ജിടി) ആണ് ഇവയുടെ ശേഷി. 2047ഓടെ കപ്പൽ ഉടമസ്ഥതയിൽ ഇന്ത്യയെ ടോപ് 5ൽ എത്തിക്കുകയാണ് കേന്ദ്രത്തിന്‍റെ ലക്ഷ്യം.
ദീർഘകാല വായ്പ ആവശ്യങ്ങൾക്കായി മാരിടൈം ഡെവലപ്മെന്‍റ് ഫണ്ടും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. 25,000 കോടി രൂപയുടേതാവും ഫണ്ട്. ഇതിൽ 49% ആണ് കേന്ദ്ര സർക്കാർ വിഹിതം. ബാക്കി തുക തുറമുഖങ്ങൾ, സ്വകാര്യ മേഖല എന്നിവയില്‍ നിന്ന് സമാഹരിക്കും. മാര്‍ച്ച് 2026ൽ അവസാനിക്കുന്ന ഷിപ്പ്‌ബിൽഡിങ് ഫിനാൻഷ്യൽ അസിസ്റ്റൻസ് പോളിസിയും നീട്ടിയേക്കും. വെഹിക്കിൾ സ്ക്രാപ്പിങ് പോളിസിക്ക് സമാനമായ രീതി കപ്പലുകൾ പൊളിക്കുന്നതിലും പിന്തുടരും. ഇന്ത്യയിൽ കപ്പലുകൾ പൊളിച്ച് , ഇന്ത്യയിൽ നിന്നുതന്നെ കപ്പലുകൾ വാങ്ങിയാൽ ആനുകൂല്യങ്ങൾ നൽകുന്ന രീതിയാണിത്. കപ്പൽ നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളെ ബേസിക് കസ്റ്റം ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയത് അടുത്ത 10 വർഷത്തേക്ക് കൂടി നീട്ടാനും ബജറ്റിൽ തീരുമാനമുണ്ട്.
മാരിടൈം ഡെവലപ്മെന്‍റ് ഫണ്ട് ഉൾപ്പടെ ബജറ്റിലെ പ്രഖ്യാപനങ്ങൾ കപ്പൽ നിർമാണം ഉൾപ്പടെയുള്ള മേഖലയിലെ പ്രധാന കമ്പനികൾക്കും തുറമുഖ നടത്തിപ്പുകാർക്കും ഗുണം ചെയ്യും. ബജറ്റ് പ്രഖ്യാപനം മേഖലയിലെ ഓഹരികളിൽ ഉണർവുണ്ടാക്കിയെങ്കിലും നേട്ടം നിലനിർത്താൻ പല കമ്പനികൾക്കും സാധിച്ചില്ല. ലാഭത്തിൽ വ്യാപാരം തുടങ്ങിയ കൊച്ചിൻ ഷിപ്പ്‌യാർഡ് 4.5 ശതമാനത്തോളവും മസഗോൺ ഡോക്ക് 5 ശതമാനത്തിലധികവും ഇടിഞ്ഞത്. ഗാർഡന് റീച്ച് ഷിപ്പ് ബിൽഡേഴ്സ് 2.4 % താഴ്ന്നു. അതേസമയം ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യ ഓഹരി നാല് ശതമാനത്തിലധികം ഉയര്‍ന്നു. അദാനി പോർട്ട്, ജെഎസ്‌ഡബ്ല്യു ഇൻഫ്രാ, പിപാവാവ് പോർട്ട് എന്നീ തുറമുഖ കമ്പനികളും ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.