ADVERTISEMENT

വിഴിഞ്ഞം പോർട്ട് പ്രവർത്തനസജ്ജമാകുന്നു. ഒട്ടേറെ കപ്പലുകൾ വരുന്നു. എംഎസ്‌സി കമ്പനികളുടെ കപ്പലുകൾ തീരം തൊടുമ്പോൾ തുറക്കുന്നത് ഒട്ടേറെ ബിസിനസ് സാധ്യതകളാണ്. സിംഗപ്പൂർ പോലെ മാതൃകാപരമായ പോർട്ടിലേതു പോലുള്ള സൗകര്യങ്ങളെല്ലാം വിഴിഞ്ഞം പോർട്ടിലും ഉണ്ടാകേണ്ടതുണ്ട്. ഇതു വലിയ തോതിലുള്ള നിക്ഷേപ സാധ്യതകളാണ് ചെറു സംരംഭകർക്ക് മുൻപിൽ തുറക്കുന്നത്. സിംഗപ്പൂർ പോർട്ടിലെ എല്ലാ അനുബന്ധ പ്രവർത്തനങ്ങളെക്കുറിച്ചും പഠിച്ചാൽ അവയെല്ലാം വിഴിഞ്ഞത്തേക്കും കൊണ്ടുവരാനാകുമെന്നു മനസ്സിലാക്കാം.

ഡ്രൈ സ്റ്റോറുകൾക്ക് അവസരങ്ങൾ

ഡ്രൈ സ്റ്റോറുകൾ എന്ന് മൊത്തമായി അറിയപ്പെടുന്ന ഒട്ടേറെ ഉൽപന്നങ്ങൾ വിൽക്കുന്നതിനുള്ള വലിയ സാഹചര്യം ഒരുങ്ങുകയാണ്. പ്രൊവിഷൻ സാധനസാമഗ്രികൾ, മാംസം, പച്ചക്കറികൾ, ഡ്രൈഫ്രൂട്സ്, ഭക്ഷ്യ എണ്ണകൾ, ധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ തുടങ്ങിയവയെല്ലാം വിഴിഞ്ഞം കേന്ദ്രീകരിച്ച് വിൽക്കുന്നതിനുള്ള സാഹചര്യങ്ങൾ തുറക്കുകയാണ്. സ്വകാര്യ വ്യക്തികൾക്കും സംരംഭങ്ങൾക്കും ഇവിടെ വലിയ അവസരങ്ങളാണ് വരാൻ പോകുന്നത്. ഇവ സംഭരിക്കുന്നതിനും കേടാകാതെ സൂക്ഷിക്കുന്നതിനും മറ്റു സ്ഥലങ്ങളിലേക്കു കൊണ്ടുപോകുന്നതിനുമുള്ള സൗകര്യങ്ങൾ ഇതിനോടനുബന്ധിച്ചു വേണം. ഇവയെല്ലാം ചെറു സംരംഭകർക്കുള്ള അവസരങ്ങളാണ്.

സുരക്ഷാ ഉപകരണങ്ങളുടെ വിതരണം

 സുരക്ഷാ ഉപകരണങ്ങൾക്ക് വലിയ ഡിമാൻഡ് ആണ് ഈ പ്രദേശം കേന്ദ്രീകരിച്ച് ഉണ്ടാകാൻ പോകുന്നത്. ഹെൽമറ്റുകൾ, എയർ മട്സ്, ബോയിലർ സ്യൂട്സ്, (ഓവറോൾ സ്യൂട്സ്) ഗൗണുകൾ, ഗ്ലൗസുകൾ വിൽക്കുന്നതിനും എത്തിച്ചു നൽകുന്നതിനും കഴിയുന്ന സൗകര്യങ്ങൾ വ്യാപാരമേഖലയ്ക്കു മികച്ച അവസരമാണ്.

മെഷിനറി പാർട്സുകൾ

 ഷിപ്പിന്റെ പ്രവർത്തനത്തിന് ആവശ്യമായ എൻജിനീയറിങ് പാർട്സുകൾക്ക് വൻ സാധ്യതകളുണ്ട്. ഷിപ്പ് പാർട്സുകൾ, എൻജിൻ പാർട്സുകൾ, മെക്കാനിക്കൽ പാർട്സുകൾ തുടങ്ങിയവ നിർമിക്കുന്ന ചെറിയ എൻജിനീയറിങ് യൂണിറ്റുകൾക്കു പോലും വലിയ തോതിലുള്ള പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ കഴിയും. ആധുനിക എൻജിനീയറിങ് യൂണിറ്റുകൾ സ്ഥാപിച്ചുകൊണ്ട് ഇത്തരം മെക്കാനിക്കൽ വർക്കുകളും ഏറ്റെടുത്ത് ചെയ്യാനാകും.

സുരക്ഷാ ഉപകരണങ്ങളുടെ സർവീസിങ്

 എൻജിൻ പ്രവർത്തനം, ഫയർ ഫൈറ്റിങ് ഉപകരണങ്ങളുടെ പ്രവർത്തനം, സർവേ, ത്രൈമാസ - വാർഷിക മെയിന്റനൻസുകൾ ഇവയ്ക്കെല്ലാം സ്ഥിരം കോൺട്രാക്ടർമാരെയും സ്ഥിരം പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന സ്ഥാപനങ്ങളെയും ആവശ്യമായി വരുന്നു.

ക്രൂ മാനേജ്മെന്റ്

ഷിപ്പിങ് ഏജൻസി സർവീസസ്, ഷിപ് മാനേജ്മെന്റ് എന്നീ ഘടകങ്ങളിലും സംരംഭസാധ്യതകളുണ്ട്. വീസ, ഫ്ലൈറ്റ്, റിപ്പർഹേഷൻ മാനേജ്മെന്റ് (പകരക്കാരെ നൽകൽ), മെഡിക്കൽ സേവനങ്ങൾ, വിവരസാങ്കേതികവിദ്യ ലഭ്യമാക്കൽ, തുടങ്ങി നൂറുകണക്കിന് ഷിപ് മാനേജ്മെന്റ് സേവനങ്ങൾ നൽകുന്നതിന് സംരംഭങ്ങൾക്ക് അവസരമുണ്ട്.

ബങ്കർ സപ്ലൈ (ഇന്ധനവിതരണം )

ഇന്ധനങ്ങൾ, ഡീസൽ, ഓയിൽ/ ലൂബ്രിക്കേറ്റിങ്‌ ഓയിൽ, ഹൈ ഫ്ലൂയിഡ് ഓയിൽ, ഫ്രഷ് വാട്ടർ സപ്ലൈ തുടങ്ങിയ ബങ്കർ സർവീസ് സേവനങ്ങൾക്ക് സാധ്യതകളേറെയുണ്ട്.

ബങ്കർ സർവേ

 ബങ്കർ സർവേ എന്നാൽ ഇന്ധനം സംബന്ധിച്ച വിലയിരുത്തൽ റിപ്പോർട്ട് ആണ്. ഒരു ഷിപ്പിൽ എത്ര ഇന്ധനം ഉണ്ട്, എത്ര ഉപയോഗിച്ചു, എത്ര നൽകി, ഇനിയെത്ര വേണം തുടങ്ങിയ കണക്കുകൂട്ടലുകൾ കൃത്യസമയങ്ങളിൽ നൽകുകണം. ഇത്തരം പ്രഫഷനൽ സ്ഥാപനങ്ങളും വലിയ അവസരങ്ങൾ തുറമുഖം തുറക്കും.

ഡ്രാഫ്റ്റ് സർവേയർ കമ്പനികൾ

ചരക്കുമായി ബന്ധപ്പെട്ട പ്രഫഷനൽ സേവനങ്ങൾ നൽകുന്ന കമ്പനികളാണിവ. കപ്പലിലെ ചരക്കിന്റെ അളവു നോക്കുക എന്നുള്ളതാണ് ഇതിന്റെ ഒരു പ്രവർത്തനരീതി. എത്ര കയറ്റി, എത്ര ഇറക്കി, ഇനിയെത്ര, എത്ര ഏരിയ ഉപയോഗിക്കുന്നു, എത്ര ബാക്കി കിടക്കുന്നു, ഇൻവോയ്സിൽ പറയുന്ന അളവ് ഉറപ്പുവരുത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളൊക്കെ വിലയിരുത്തുന്നതും സർട്ടിഫൈ ചെയ്യുന്നതും ഡ്രാഫ്റ്റ് സർവേയർമാരാണ്. പ്രഫഷനൽ യോഗ്യതയുള്ള ഇത്തരം സർവേ സ്ഥാപനങ്ങൾക്ക് വലിയ സാധ്യതകളുണ്ട്.

ധനകാര്യ സ്ഥാപനങ്ങൾ

 മണി എക്സ്ചേഞ്ച് ഉൾപ്പെടെയുള്ള ഇന്റർനാഷനൽ ബാങ്കിങ് സേവനങ്ങൾ, വിദൂരങ്ങളിലേക്ക് പണം അയയ്ക്കൽ, ഇൻഷുറൻസ് സേവനങ്ങൾ എന്നിവയെല്ലാം തന്നെ ഇതിന്റെ ഭാഗമായി പ്രത്യേകം ഉണ്ടാകേണ്ടതുണ്ട്. രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങൾക്ക് വേണ്ട അനുബന്ധ സേവനങ്ങളും നൽകുന്നതിന് സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ട്. ചാർട്ടേഡ് അക്കൗണ്ടർമാർ പോലുള്ള വിദഗ്ധരുടെ സേവനങ്ങളും വേണ്ടിവരും.

മെഡിക്കൽ സേവനങ്ങൾ

ആയുർവേദം, അലോപ്പതി എന്നിവയ്ക്കെല്ലാം സാധ്യതകളുണ്ട്. വൻകിട ഹോസ്പിറ്റലുകൾ മാത്രമല്ല നഴ്സിങ് ഹോമുകൾ, ഡോക്ടർ /ഫാർമസിസ്റ്റ് /എക്സ് റേ ടെക്നിഷ്യന്മാർ തുടങ്ങിയവയ്ക്കും അവസരമുണ്ട്. ചെറിയ അസുഖങ്ങൾക്ക് വേഗത്തിൽ ചികിത്സിച്ച് തിരിച്ചു പോകാൻ കഴിയുന്ന സംവിധാനങ്ങളാണ് കൂടുതലായി കൊടുക്കേണ്ടി വരിക.

ലേഖകൻ  സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിലെ മുൻ ഡപ്യൂട്ടി ഡയറക്ടറാണ്

English Summary:

Vizhinjam Port presents numerous business opportunities for small entrepreneurs in Kerala. The port's operations create a demand for various services, from supplying dry stores to providing crew management and financial services.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com