യുഎസിലേക്ക് സമുദ്രോൽപന്ന കയറ്റുമതി;കടൽ സസ്തനികളുടെ ഇടക്കാല റിപ്പോർട്ട് നൽകി ഇന്ത്യ

Mail This Article
കൊച്ചി ∙ സമുദ്രോൽപന്ന കയറ്റുമതിക്ക് മറൈൻ മാമൽ പ്രൊട്ടക്‌ഷൻ നിയമ വ്യവസ്ഥകൾ 2026 ജനുവരി 1 മുതൽ യുഎസ് കർശനമാക്കാനിരിക്കെ, ഇന്ത്യയിലെ കടൽ സസ്തനികളുടെ വിവര സമാഹരണ, സംരക്ഷണ നടപടികൾ നിർണായക ഘട്ടത്തിൽ.
കടലിൽ ഇവയുടെ ലഭ്യത സംബന്ധിച്ച ഇടക്കാല റിപ്പോർട്ട് യുഎസിന്റെ നാഷനൽ ഓഷ്യനോഗ്രഫിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ പോർട്ടലിൽ അപ്‌ലോഡ് ചെയ്തു.ഇവ മത്സ്യബന്ധന വലയിൽ കുടുങ്ങാതിരിക്കാനുള്ള സംരക്ഷണ നടപടികളുടെ പരീക്ഷണം പുരോഗമിക്കുകയാണ്.

സമുദ്രോൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾ തിമിംഗലമുൾപ്പെടെ കടൽ സസ്തനികളുടെ എണ്ണവും മീൻ വലയിൽ കുടുങ്ങാനുള്ള സാധ്യതയും അടിസ്ഥാനമാക്കി സംരക്ഷണ നടപടി സ്വീകരിക്കണമെന്നാണു യുഎസ് ആവശ്യപ്പെടുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ സസ്തനികളുടെ കണക്കെടുപ്പും സംരക്ഷണ നീക്കവും ഉൾപ്പെട്ട പദ്ധതി 2020ൽ തുടങ്ങിയതാണ്. സിഎംഎഫ്ആർഐ, എംപിഇഡിഎ, ഫിഷറീസ് സർവേ ഓഫ് ഇന്ത്യ, സിഫ്ട് എന്നിവ ചേർന്നാണു പദ്ധതി നടപ്പാക്കുന്നത്.
മീൻ വലകളിൽ നിന്ന് കടൽ സസ്തനികളെ അകറ്റി നിർത്താൻ ശബ്ദം പുറപ്പെടുവിക്കുന്ന പിംഗറുകൾ വലകളിൽ സ്ഥാപിക്കുക, വലകൾക്കു റിഫ്ലക്ടിങ് നിറങ്ങൾ നൽകുക, കുടുങ്ങുന്ന സസ്തനികൾക്കു രക്ഷപ്പെടാൻ പാകത്തിനു വല താഴ്ത്താൻ സംവിധാനം ഒരുക്കുക തുടങ്ങി പല മാർഗങ്ങളും പരീക്ഷിക്കുന്നുണ്ടെന്ന് പ്രോജക്ട് കോഓർഡിനേറ്റർ കൂടിയായ സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. രതീഷ്കുമാർ രവീന്ദ്രൻ പറഞ്ഞു.