ഒടുവിൽ തർക്കം; ഹോണ്ട-നിസാൻ ലയനനീക്കം പൊളിയുന്നു, ഓഹരികളിൽ മുന്നേറ്റം

Mail This Article
ലോകത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളും ഈ രംഗത്തെ മുൻനിര ജാപ്പനീസ് ബ്രാൻഡുകളുമായ ഹോണ്ട മോട്ടോറും (Honda Motor) നിസാൻ മോട്ടോറും (Nissan Motor) തമ്മിലെ ലയനനീക്കം പൊളിയുന്നു. നിസാനെ ഉപകമ്പനിയാക്കി മാറ്റാനുള്ള നിബന്ധനകളാണ് ലയന ഉടമ്പടികളിലുള്ളതെന്നും ഇതു സ്വീകാര്യമല്ലെന്നും ചൂണ്ടിക്കാട്ടി നിസാനാണ് ലയനനീക്കത്തിൽ നിന്ന് പിന്മാറുന്നതെന്നാണ് സൂചന. നിസാന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ഉടൻ ചേർന്ന് ലയനനീക്കം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചേക്കും.

ജപ്പാനിലെ രണ്ടാമത്തെ വലിയ കാർ നിർമാതാക്കളാണ് ഹോണ്ട. നിസാൻ മൂന്നാമത്തെയും. ടൊയോട്ടയാണ് (Toyota) ഏറ്റവും വലിയ കമ്പനി. നിസാനും ഹോണ്ടയും ലയിച്ചാൽ, വിൽപനക്കണക്കിന്റെ അടിസ്ഥാനത്തിൽ പിറക്കുക ലോകത്തെ മൂന്നാമത്തെ വലിയ കാർ നിർമാണക്കമ്പനിയായിരിക്കും. ഹോണ്ട, നിസാൻ, നിസാന് 24% ഓഹരിപങ്കാളിത്തമുള്ള മറ്റൊരു പ്രമുഖ ജാപ്പനീസ് ബ്രാൻഡായ മിത്സുബിഷി (Mitsubishi) എന്നിവ തമ്മിൽ ലയിക്കുന്നത് സംബന്ധിച്ചായിരുന്നു ചർച്ചകൾ.
ടൊയോട്ട, ടെസ്‍ല (Tesla) എന്നിവയും ബിവൈഡി (BYD) ഉൾപ്പെടെയുള്ള ചൈനീസ് ഇലക്ട്രിക് വാഹനക്കമ്പനികളും (EV) ഉയർത്തുന്ന വെല്ലുവിളികൾ മറികടക്കുക ഉന്നമിട്ടാണ് നിസാനും ഹോണ്ടയും ലയന ചർച്ചകളിലേക്ക് കടന്നത്. ഇവിക്കു പകരം ഹൈബ്രിഡ് മോഡലുകൾക്ക് ഊന്നൽ നൽകിയത് ആഗോള വിപണിയിൽ ഹോണ്ടയ്ക്ക് ക്ഷീണമായിരുന്നു. മൂല്യത്തകർച്ച, സാമ്പത്തികഞെരുക്കം എന്നിവ തരണംചെയ്യുകയെന്ന ലക്ഷ്യവുമായാണ് ലയനചർച്ചകളിലേക്ക് നിസാനും കടന്നത്.

നേരത്തേ, ലയിച്ചുണ്ടാകുന്ന കമ്പനിയിൽ ഹോണ്ടയ്ക്കും നിസാനും തുല്യപ്രധാന്യം കിട്ടുന്ന വിധമായിരുന്നു ചർച്ചകൾ. ഇതിൽ നിന്ന് ഹോണ്ട, നിസാനെ ഉപകമ്പനിയാക്കുംവിധം നിബന്ധനകളിലേക്ക് കടന്നതും കൂടുതൽ അധികാരം ഉറപ്പാക്കാൻ ശ്രമിക്കുന്നതുമാണ് നിസാന്റെ മനംമാറ്റത്തിന് പിന്നിലെന്ന് ജാപ്പനീസ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഓഹരികളിൽ കുതിപ്പ്
ലയനനീക്കം പൊളിയുന്നെന്ന പശ്ചാത്തലത്തിൽ പക്ഷേ, ജാപ്പനീസ് ഓഹരി വിപണിയിൽ (നിക്കേയ് സൂചിക) ഹോണ്ടയുടെയും നിസാന്റെയും ഓഹരിവിലകൾ ഉയർന്നു. നിസാന്റെ ഓഹരിവില 7.4 ശതമാനവും ഹോണ്ടയുടേത് 4.2 ശതമാനവും കുതിച്ചു. കഴിഞ്ഞ ഡിസംബറിലായിരുന്നു ലയന ചർച്ചകളിലേക്ക് കടക്കുന്നതായി ഹോണ്ടയും നിസാനും പ്രഖ്യാപിച്ചത്. അന്നും ഇരു കമ്പനികളുടെയും ഓഹരികൾ മുന്നേറിയിരുന്നു.

ഫ്രഞ്ച് കമ്പനിയായ റെനോയുമായുള്ള (Renault) സഹകരണം അവസാനിപ്പിച്ചാണ് ഹോണ്ടയുമായുള്ള ലയനചർച്ചകളിലേക്ക് നിസാൻ കടന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കുകയായിരുന്നു മുഖ്യലക്ഷ്യം. ഇതിന്റെ ഭാഗമായി 9,000 ജീവനക്കാരെ പിരിച്ചുവിടാനും ആഗോള ഉൽപാദനശേഷി 20% കൂട്ടാനും നിസാൻ പദ്ധതിയിട്ടിരുന്നു. മുഖ്യ വിപണികളായ യുഎസ്, ചൈന എന്നിവിടങ്ങളിൽ പ്രധാനമായും ഇലക്ട്രിക് വാഹനക്കമ്പനികളിൽ നിന്നുണ്ടായ കടുത്തമത്സരം നിസാന് വൻ തിരിച്ചടിയായിരുന്നു. ഇതുമൂലം 2024ന്റെ ആദ്യപകുതിയിൽ നിസാന്റെ പ്രവർത്തനലാഭം 90 ശതമാനവും അറ്റ ലാഭം 94 ശതമാനവും ഇടിഞ്ഞിരുന്നു.
നോവിക്കാൻ ട്രംപിന്റെ തീരുവയും
കാനഡയ്ക്കും മെക്സിക്കോയ്ക്കും മേൽ 25% അധിക ഇറക്കുമതി തീരുവ ഏർപ്പെടുത്താനുള്ള യുഎസ് പ്രഡിസന്റ് ഡോണൾഡ് ട്രംപിന്റെ നീക്കം ഏറ്റവുമധികം നോവിക്കുക ടൊയോട്ട, ഹോണ്ട, നിസാൻ എന്നീ ജാപ്പനീസ് വാഹനക്കമ്പനികളെയായിരിക്കും. ഇവ യുഎസ് വിപണിയിലെത്തിക്കുന്ന വാഹനങ്ങൾ പ്രധാനമായും നിർമിക്കുന്നത് മെക്സിക്കോയിലും കാനഡയിലുമാണ്. ഇതിൽ, മെക്സിക്കോയിൽ ഫാക്ടറിയുള്ള നിസാനായിരിക്കും കൂടുതൽ തിരിച്ചടിയെന്ന് രാജ്യാന്തര മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം, തീരുവ ഏർപ്പെടുത്തുന്നത് ട്രംപ് ഒരുമാസത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business