സ്ലീപ്പറായാലും ഓർഡിനറി ആയാലും ടൂറിസ്റ്റ് വണ്ടിക്ക് ഇനി ഒരേ നികുതി; ഇതാ സ്ലാബ്

Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തെ കോൺട്രാക്ട് കാര്യേജ് വാഹനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി നികുതി ഏകീകരിച്ചു. ടൂറിസത്തിന്റെ ഭാഗമായി യാത്രാസൗകര്യം വർധിപ്പിക്കുന്നതിനാണ് നടപടി. ടൂറിസ്റ്റ് ബസുകളിലും കോൺട്രാക്ട് കാര്യേജ് വാഹനങ്ങളിലും സീറ്റിന്റെ നിലവാരം അനുസരിച്ചായിരുന്നു കേരളത്തിൽ നികുതി ഏർപ്പെടുത്തിയിരുന്നത്.
മറ്റു സംസ്ഥാനങ്ങളിൽ ഇല്ലാത്ത രീതി 10 വർഷം മുൻപാണ് കേരളം നടപ്പാക്കിയത്. കേന്ദ്രസർക്കാരിന്റെ വാഹൻ സോഫ്റ്റ്‌വെയറിൽ ഇത്തരത്തിൽ സീറ്റ് തരംതിരിച്ച് നികുതി നിർണയിക്കാൻ സംവിധാനം ഇല്ലാത്തതിനാൽ കേരളത്തിലെ വാഹനങ്ങൾക്ക് മാത്രമല്ല, പുറത്തുനിന്ന് കേരളത്തിലേക്ക് ടൂറിസ്റ്റുകളുമായി വരുന്ന വാഹനങ്ങളും പ്രതിസന്ധിയിലായിരുന്നു.

ഏകീകരണത്തോടെ സാധാരണ സീറ്റുകളുള്ള ടൂറിസ്റ്റ് വാഹനങ്ങൾക്ക് നികുതി വർധിക്കും. പുഷ്ബാക് സീറ്റുകളുള്ള വാഹനങ്ങൾക്ക് നികുതി കുറയും. സ്ലീപ്പർ ബെർത്തുകൾക്കും ചെറിയ ആശ്വാസം ലഭിക്കും. നികുതി കുറയ്ക്കുന്നതിനായി ഓർഡിനറി സീറ്റുകൾ സ്ഥാപിച്ച ബസുകൾ പുഷ്ബാക് സീറ്റുകളാക്കി ഉയർത്തുമെന്നാണു സർക്കാരിന്റെ പ്രതീക്ഷ. ഈ ഏകീകരണത്തിലൂടെ സർക്കാരിനു 15 കോടി രൂപ അധിക വരുമാനം ലഭിക്കും.
മറ്റു സംസ്ഥാനത്തുനിന്നുള്ള ബസുകൾക്കും ബാധകം
മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള ബസുകൾക്ക് കേരളത്തിൽ പ്രവേശിക്കുന്നതിന് 7 ദിവസത്തെ സ്പെഷൽ പെർമിറ്റാണ് എടുക്കേണ്ടത്. ഓർഡിനറി സീറ്റിന് 2250 രൂപയും പുഷ്ബാക് സീറ്റിനു 3000 രൂപയും ആയിരുന്നത് ഏകീകരിച്ച് ത്രൈമാസ നിരക്ക് ഓരോ സീറ്റിനും 2500 രൂപയാക്കി.

സ്ലീപ്പർ ബെർത്തിന് നിലവിലുള്ള ത്രൈമാസ നിരക്ക് അനുസരിച്ച് ഓരോ ബെർത്തിനും 4000 രൂപയെന്നുള്ളത് നിലനിർത്തി. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ടൂറിസ്റ്റ് ബസുകളിൽനിന്ന് നികുതി ലഭിക്കുന്നത് 10 കോടി രൂപയാണ്. ഇൗ ഏകീകരണത്തിലൂടെ ഒരു കോടി രൂപ അധിക വരുമാനം ലഭിക്കും.
സ്വകാര്യബസുകൾ ഉൾപ്പെടുന്ന സ്റ്റേജ് കാര്യേജുകളുടെ നികുതി കുറച്ചു. കൂടുതൽ യാത്രാ ബസുകൾ നിരത്തിലിറക്കുന്നതിനാണ് നടപടിയെന്ന് ധനമന്ത്രി വിശദീകരിച്ചു.സ്റ്റേജ് കാര്യേജ് വാഹനങ്ങളുടെ ത്രൈമാസ നികുതിയിൽ 10% ഇളവ് അനുവദിക്കും. ഇതനുസരിച്ച് 9 കോടി രൂപയുടെ കുറവ് വരും.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business