കേരളത്തിന്റെ കുതിപ്പിന് ഹൈലൈറ്റിന്റെ വൻ പദ്ധതി; 10,000 കോടി നിക്ഷേപം, 70,000 തൊഴിൽ

Mail This Article
കൊച്ചി∙ കേരളത്തിന്റെ വികസന മുന്നേറ്റത്തിന് പുത്തനുണർവ് തേടി രണ്ടുദിവസമായി കൊച്ചിയിൽ നടന്ന ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിൽ 10,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനവുമായി ഹൈലൈറ്റ് ഗ്രൂപ്പ്. മൊത്തം 1.53 ലക്ഷം കോടി രൂപയുടെ നിക്ഷേപവാഗ്ദാനം ലഭിച്ച ഉച്ചകോടിയിൽ അദാനി ഗ്രൂപ്പ് (30,000 കോടി രൂപ) കഴിഞ്ഞാൽ ഏറ്റവും വലിയ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചതും ഹൈലൈറ്റ് ഗ്രൂപ്പാണ്.
അടുത്ത 5 വർഷത്തിനകം സംസ്ഥാനത്ത് 10,000 കോടി രൂപ നിക്ഷേപിക്കുന്ന ഹൈലൈറ്റ്, അതുവഴി 70,000 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കും. ഇതു സംബന്ധിച്ച താൽപര്യപത്രം (EoI) ഉച്ചകോടിയിൽ വ്യവസായ മന്ത്രി പി. രാജീവിന് ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദ് കൈമാറി.
ഹൈലൈറ്റിന്റെ വികസന പദ്ധതികൾ
ആഡംബര ഹോസ്പിറ്റാലിറ്റി, ഐടി പാർക്ക്, വേൾഡ് ട്രേഡ് സെന്റർ (ഡബ്ല്യുടിസി), ഹെൽത്ത്കെയർ, വിവിധ ജില്ലകളിൽ രാജ്യാന്തര നിലവാരത്തോടെ ഷോപ്പിങ് മാൾ എന്നിങ്ങനെ കേരളത്തിന്റെ വികസന മുന്നേറ്റത്തിന് കരുത്തേകുന്ന പദ്ധതികളാണ് ഹൈലൈറ്റ് ഗ്രൂപ്പ് ആസൂത്രണം ചെയ്യുന്നതെന്ന് അജിൽ മുഹമ്മദ് പറഞ്ഞു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business