ഐടി രംഗത്ത് വെല്ലുവിളികൾ ധാരാളം: ബിസിനസിൽ റീമോഡലിങ് വേണമെന്ന് മുന്നറിയിപ്പ്

Mail This Article
കൊച്ചി ∙ ഐടി രംഗത്തെ അതിവേഗ മാറ്റങ്ങൾക്കൊപ്പം നവീകരിച്ചില്ലെങ്കിൽ നശിക്കുമെന്ന സ്ഥിതിയാണെന്ന് ഇൻവെസ്റ്റ് കേരള ഉച്ചകോടിയിൽ മുന്നറിയിപ്പ്. നിർമിതബുദ്ധി വരുത്തുന്ന മാറ്റങ്ങളേക്കാളേറെ ആഗോളവൽക്കരണത്തിൽ നിന്നുള്ള തിരിച്ചുപോക്കും രാജ്യാന്തര രാഷ്ട്രീയത്തിലെ മാറ്റങ്ങളും വൻ വെല്ലുവിളിയാണ് ഉയർത്തുന്നത്.
ഐടിയിൽ ഉപയോക്താക്കളുടെ ആവശ്യങ്ങളും വിപണനരീതികളും മാറിക്കൊണ്ടിരിക്കുകയാണെന്ന് ഐബിഎസ് ചെയർമാൻ വി.കെ.മാത്യൂസ് ചൂണ്ടിക്കാട്ടി. ബിസിനസുകളെല്ലാം റീമോഡൽ ചെയ്യേണ്ടി വരും. പുതിയ നൈപുണ്യങ്ങൾ വേണ്ടിവരും. എഐയെ പ്രോംപ്റ്റ് ചെയ്യാൻ സാങ്കേതിക ജ്ഞാനവും കമ്യൂണിക്കേഷൻ കഴിവുകളും ഒരുമിച്ചു വേണമെന്ന സ്ഥിതിയാണ്. ഇന്ത്യൻ ഐടി വ്യവസായത്തിൽ നിന്നുള്ള വരുമാനം 25,400 കോടി ഡോളറിൽ എത്തിനിൽക്കുമ്പോഴാണ് ഈ മാറ്റങ്ങൾ. ഇന്നുള്ള സ്ഥാനം നഷ്ടമാവാതിരിക്കാൻ തയാറെടുപ്പുകൾ വേണം.

സൺടെക് കമ്പനി 90കളിൽ ബിസിനസ് ആരംഭിക്കുമ്പോഴുള്ള വിപണി സാഹചര്യമല്ല ഇപ്പോഴുള്ളതെന്ന് സിഇഒ നന്ദകുമാർ ചൂണ്ടിക്കാട്ടി. ടെക്കികളെയാകെ റീസ്കിൽ ചെയ്യേണ്ട സ്ഥിതിയാണ്. ഐടിക്കു വളരാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് ഐടി സെക്രട്ടറി രത്തൻ ഖേൽക്കർ പറഞ്ഞു. ബ്ലാക്ക്സ്റ്റോൺ കേരളത്തിലെ ഐടി സംരംഭങ്ങളിൽ മുതൽമുടക്കാൻ സാഹചര്യമുണ്ടെന്ന് സീനിയർ എംഡി മുകേഷ് മേത്ത ചൂണ്ടിക്കാട്ടി.

ലോകരാഷ്ട്രങ്ങൾ ഡിജിറ്റൽ ലോകത്തു പോലും പരസ്പരം സഹകരിച്ചാണ് എല്ലാം ചെയ്യുന്നതെന്നത് ഇന്ത്യൻ ഐടിയുടെ പ്രസക്തി നിലനിൽക്കുമെന്നതിന്റെ സൂചനയാണെന്ന് ബോഷ് ഇന്ത്യ മേധാവി നവീൻ നാരായണൻ ചൂണ്ടിക്കാട്ടി. ഇവൈ ഇന്ത്യ ഡയറക്ടർ റിച്ചഡ് ആന്റണി അധ്യക്ഷത വഹിച്ചു.വൻ തോതിൽ ഡേറ്റ സുരക്ഷിതമായി സംരക്ഷിക്കുകയാണ് ഐടി ലോകത്തെ പുതിയ ആവശ്യമെന്ന് ഐബിഎം വൈസ് പ്രസിഡന്റ് ശ്രീപ്രിയ ശ്രീനിവാസൻ ചർച്ചയിൽ ചൂണ്ടിക്കാട്ടി.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business