പ്രതിരോധം മുതൽ ഭക്ഷ്യസംസ്കരണം വരെ; പുതുമകളിലൂടെ കേരളത്തിന് മുന്നേറാം

Mail This Article
കൊച്ചി ∙ എയ്റോസ്പേസ്, വ്യോമയാനം, പ്രതിരോധ ഉപകരണങ്ങളുടെ ഉൽപാദനം, ടൂറിസം, റീട്ടെയ്ൽ, ഭക്ഷ്യസംസ്കരണം തുടങ്ങിയ മേഖലകളിൽ കേരളത്തിൽ വലിയ സാധ്യതകളുണ്ടെന്ന് ഇൻവെസ്റ്റ് കേരള ഉച്ചകോടിയിൽ പങ്കെടുത്ത നിക്ഷേപകർ അഭിപ്രായപ്പെട്ടു. ഐഎസ്ആർഒ, ഐഐഎസ്ടി, ബ്രഹ്മോസ് എയ്റോസ്പേസ് പോലുള്ള സ്ഥാപനങ്ങൾ ഉള്ളതിനാൽ തിരുവനന്തപുരത്തിന് എയ്റോസ്പേസ്, പ്രതിരോധ മേഖലയിൽ വലിയ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്നു കെ സ്പേസ് സിഇഒ ജി. ലെവിൻ പറഞ്ഞു.
നാവികസേന അസിസ്റ്റന്റ് ചീഫ് ഓഫ് മെറ്റീരിയൽസ് റിയർ അഡ്മിറൽ ശരത് ആശിർവാദ്, അനന്ത് ടെക്നോളജീസ് എംഡി ഡോ. പാവുലൂരി സുബ്ബറാവു, ഭാരത് ഇലക്ട്രോണിക്സ് ഡയറക്ടർ രജനീഷ് ശർമ, ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് ചെയർമാൻ എ.മാധവറാവു, മഹീന്ദ്ര ഡിഫൻസ് സിസ്റ്റംസ് ലിമിറ്റഡ് ഹോംലാൻഡ് ആൻഡ് സൈബർ സെക്യൂരിറ്റി സിഇഒ ജസ്ബീർ സിങ് സോളങ്കി, നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യനോഗ്രഫിക്കൽ ലാബ് ഡയറക്ടർ ഡോ. ദുവ്വുരി ശേഷഗിരി, ജർമനിയിലെ എലാക് സോണാർ എംഡി ബേൺഡ് സുകായ് എന്നിവർ പങ്കെടുത്തു.
രാജ്യത്തെ റീട്ടെയ്ൽ വിപണിയിൽ കേരള ബ്രാൻഡുകൾ ആധിപത്യമുറപ്പിക്കുന്ന കാലം വിദൂരമല്ലെന്നു റീട്ടെയ്ൽ സെമിനാറിൽ വിദഗ്ധർ അഭിപ്രായപ്പെട്ടു. കല്യാൺ സിൽക്സ് സിഎംഡി ടി.എസ്. പട്ടാഭിരാമൻ, ഷാഡോഫാക്സ് സിഇഒ അഭിഷേക് ബൻസാൽ, മിന്ത്ര സീനിയർ വൈസ് പ്രസിഡന്റ് വേണു നായർ, ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയ്ൽ പ്രസിഡന്റ് ജേക്കബ് ജോൺ, സംഗീത മൊബൈൽസ് എംഡി സുഭാഷ് ചന്ദ്ര, റീട്ടെയ്‌ലേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ബിജോയ് കുര്യൻ, മാധ്യമ പ്രവർത്തകൻ വിജു ചെറിയാൻ എന്നിവർ പങ്കെടുത്തു.

വൈവിധ്യമാണ് കേരളത്തിന്റെ ടൂറിസം കരുത്തെന്നു സംരംഭകർ ചൂണ്ടിക്കാട്ടി. കേന്ദ്ര ടൂറിസം അഡിഷനൽ സെക്രട്ടറി സുമൻ ബില്ല, കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർമാൻ വി.വേണു, ഐസിആർടി ഗ്ലോബൽ ഡയറക്ടർ മനീഷ പാണ്ഡെ, ഐഎച്ച്സിഎൽ കേരള ഏരിയ ഓപ്പറേഷൻസ് ഡയറക്ടർ ലളിത് വിശ്വകുമാർ എന്നിവർ പങ്കെടുത്തു.
ഭക്ഷ്യസംസ്കരണ മേഖലയിൽ മൂല്യവർധിത ഉൽപന്നങ്ങളിൽ പുതുമ കണ്ടെത്തിയാൽ കേരളത്തിന് അനന്തമായ സാധ്യതകളുണ്ടെന്നു ഓർക്‌ല സിഇഒ സഞ്ജയ് ശർമ, മാൻ ഗ്രൂപ്പ് പ്രസിഡന്റ് ജോൺ മാൻ, എഡിബി ഇന്ത്യൻ മിഷൻ കൺട്രി ഡയറക്ടർ മിയോ ഓക, സിന്തൈറ്റ് എംഡി അജു ജേക്കബ്, ഓസ്ട്രേലിയൻ കോൺസുലേറ്റിലെ കൃഷി വിഭാഗത്തിലെ കൗൺസലർ കിരൺ കരാമിൽ, മഞ്ഞിലാസ് ഫുഡ് ടെക് മേധാവി വിനോദ് മഞ്ഞില എന്നിവർ പറഞ്ഞു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business