ആപ്പിളിന്റെ സ്വന്തം എഐ ഇന്ത്യയിലേക്ക്; ഐഫോൺ 16ഇയിലും ലഭിക്കും

Mail This Article
ന്യൂഡൽഹി ∙ ആപ്പിളിന്റെ സ്വന്തം എഐയായ ‘ആപ്പിൾ ഇന്റലിജൻസ്’ ഇന്ത്യൻ ഉപയോക്താക്കൾക്ക് ഏപ്രിൽ ആദ്യവാരം മുതൽ ലഭ്യമാകും. ഐഒഎസ് 18.4 അപ്‌ഡേറ്റിന്റെ ഭാഗമായിട്ടാണ് ആപ്പിൾ ഇന്റലിജൻസ് ഇന്ത്യൻ ഉപഭോക്താക്കൾക്കും ലഭ്യമാകുന്നത്. തിരഞ്ഞെടുത്ത ഐഫോണുകൾ, ഐപാഡുകൾ, മാക് എന്നിവയ്ക്കായി വിപുലമായ എഐ സവിശേഷതകളാണ് കമ്പനി കൊണ്ടുവരുന്നത്.

വ്യക്തിഗത ഇന്റലിജൻസ് സംവിധാനമായ ആപ്പിൾ ഇന്റലിജൻസ് ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, പോർച്ചുഗീസ്, സ്പാനിഷ്, ജാപ്പനീസ്, കൊറിയൻ, ചൈനീസ് ഉൾപ്പെടെ കൂടുതൽ ഭാഷകളിൽ ഉടൻ ലഭ്യമാകുമെന്നും സിംഗപ്പൂരിനും ഇന്ത്യയ്ക്കുമായി പ്രാദേശികവൽകരിച്ച ഇംഗ്ലിഷ് ലഭിക്കുമെന്നും ആപ്പിൾ അറിയിച്ചു. ഡവലപ്പർമാർക്ക് പുതിയ പതിപ്പ് പരീക്ഷിക്കാൻ ബീറ്റാ വേർഷൻ കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബറിൽ പുതിയ ഐഫോൺ 16 മോഡലുകൾക്ക് ഒപ്പമാണ് കമ്പനി ‘ആപ്പിൾ ഇന്റലിജൻസ്’ പ്രഖ്യാപിച്ചത്. ആപ്പിൾ സ്വന്തമായി വികസിപ്പിച്ചെടുത്ത എഐ ടെക്നോളജി നവംബർ മുതൽ യുഎസ് അടക്കമുള്ള രാജ്യങ്ങളിൽ ലഭ്യമായിരുന്നെങ്കിലും ഇന്ത്യൻ ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്നില്ല. ഇന്ത്യൻ ഇംഗ്ലിഷ് സപ്പോർട്ട് ചെയ്യാത്തതായിരുന്നു എഐ വൈകാൻ കാരണം.
എന്നാൽ ഏപ്രിലിൽ പുതിയ അപ്ഡേറ്റ് വരുന്നതോടെ മറ്റു രാജ്യങ്ങളിലേതുപോലെ ഇന്ത്യൻ ഉപയോക്താക്കൾക്കും ‘ആപ്പിൾ ഇന്റലിജൻസ്’ ഉപയോഗിക്കാനാവും. ഐഫോൺ 15 പ്രോ മാക്സ് മുതലുള്ള ഫോൺ മോഡലുകളിലും ഐപാഡ്, മാക്ബുക് ലാപ്ടോപ് എന്നിവയിലും ‘ആപ്പിൾ ഇന്റലിജൻസ്’ ലഭിക്കും. കഴിഞ്ഞ ആഴ്ച ആപ്പിൾ അവതരിപ്പിച്ച ഐഫോൺ 16ഇയിലും എഐ ലഭിക്കും.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business