ചർച്ചകൾ അന്തിമ ഘട്ടത്തിൽ; മണപ്പുറം ഫിനാൻസിനെ ഏറ്റെടുക്കാൻ ബെയിൻ ക്യാപ്പിറ്റൽ

Mail This Article
കൊച്ചി ∙ ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്വർണപ്പണയ വായ്പാ സ്ഥാപനമായ മണപ്പുറം ഫിനാൻസിനെ ഏറ്റെടുക്കാൻ ബോസ്റ്റൺ ആസ്ഥാനമായ ബെയിൻ ക്യാപ്പിറ്റലുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലെത്തി. 100 കോടി ഡോളറിലേറെ (9000 കോടി രൂപയിലേറെ) ബെയിൻ ക്യാപ്പിറ്റൽ മുടക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
അമേരിക്കൻ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ബെയിൻ ക്യാപ്പിറ്റലുമായി 3 മാസമായി ചർച്ചകൾ തുടരുകയായിരുന്നു. പ്രമോട്ടറും എംഡിയും സിഇഒയുമായ വി.പി.നന്ദകുമാറിന് നിലവിൽ 6000 കോടിയിലേറെ മൂല്യമുള്ള 35.25% ഓഹരികളുണ്ട്. ഓഹരികളിൽ 25% ബെയിൻ ക്യാപ്പിറ്റൽ വാങ്ങും. പുറമേ, ഓപ്പൺ ഓഫറിലൂടെ ഓഹരി ഉടമകളിൽ നിന്ന് 26% കൂടി ഏറ്റെടുക്കും. ആകെ 51% ഓഹരി (കൺട്രോളിങ് ഓഹരി) സ്വന്തമായാൽ നന്ദകുമാർ നോൺ എക്സിക്യൂട്ടീവ് സ്ഥാനത്തേക്കു മാറിയേക്കും. ബെയിൻ ക്യാപ്പിറ്റൽ സ്വന്തം സിഇഒയെ നിയമിക്കും.
നേരത്തേ ഐഡിഎഫ്സി, കാർലിൽ തുടങ്ങിയ സ്ഥാപനങ്ങളുമായി ഏറ്റെടുക്കലിനെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നെങ്കിലും അന്തിമമായില്ല. ബെയിൻ ക്യാപ്പിറ്റലുമായി ചർച്ച തുടങ്ങിയ ശേഷം മണപ്പുറം ഓഹരി വിലയിൽ 36% കയറ്റമുണ്ടായി. ബാങ്കിതര ഉപസ്ഥാപനമായ ആശീർവാദ് മൈക്രോഫിനാൻസിന് റിസർവ് ബാങ്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് കഴിഞ്ഞ മാസം പിൻവലിച്ചതോടെ ബെയിൻ ക്യാപ്പിറ്റലുമായി ചർച്ചകൾ വേഗത്തിലാവുകയായിരുന്നു.

തൃശൂർ വലപ്പാട് വി.സി.പത്മനാഭൻ 1949ൽ ആരംഭിച്ച വായ്പാ സ്ഥാപനം മകൻ വി.പി.നന്ദകുമാർ ഏറ്റെടുത്തതോടെയാണ് കോർപറേറ്റ്‌വൽക്കരിച്ചതും വൻ തോതിൽ വളർന്നതും ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തതും. നിലവിൽ മണപ്പുറം 44000 കോടിയിലേറെ സാമ്പത്തിക ആസ്തി കൈകാര്യം ചെയ്യുന്നുണ്ട്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business