കൊച്ചിൻ ഷിപ്യാഡിന് പുത്തൻ നാഴികക്കല്ല്; ബ്രിട്ടീഷ് കമ്പനിക്കായി ഹൈബ്രിഡ് ഇലക്ട്രിക് എസ്ഒവി നിർമാണത്തിന് തുടക്കം

Mail This Article
കൊച്ചി ∙ കടലിലെ വിൻഡ് ഫാമുകളുടെ (കാറ്റാടിപ്പാടങ്ങൾ) പ്രവർത്തനത്തിനു സഹായിക്കുന്ന ഹൈബ്രിഡ് ഇലക്ട്രിക് സർവീസ് ഓപ്പറേഷൻ വെസൽ (എസ്ഒവി) നിർമാണത്തിനു തുടക്കമിട്ടു കൊച്ചിൻ ഷിപ്‌യാഡിൽ (സിഎസ്എൽ) സ്റ്റീൽ കട്ടിങ് ആരംഭിച്ചു.
യുകെയിലെ നോർത്ത് സ്റ്റാർ ഷിപ്പിങ് കമ്പനിക്കു വേണ്ടി രണ്ട് എസ്ഒവികളാണു ഷിപ്‌യാഡ് നിർമിക്കുന്നത്. കടലിലെ കാറ്റാടിപ്പാടങ്ങളുടെ നിർമാണം, അറ്റകുറ്റപ്പണികൾ, മറ്റു പ്രവർത്തനങ്ങൾ എന്നിവയിൽ നിർണായക പങ്കാളിത്തം വഹിക്കാൻ ഈ യാനങ്ങൾക്കു കഴിയും. ഇതോടെ, സിഎസ്എൽ മറ്റൊരു നാഴികക്കല്ലു കൂടിയാണു പിന്നിടുന്നത്.
68 മീറ്റർ നീളമുള്ള ഹൈബ്രിഡ് ഇലക്ട്രിക് എസ്ഒവി രൂപകൽപന നിർവഹിച്ചതു നോർവേയിലെ വാർഡ് എഎസ് കമ്പനിയാണ്. 3 ഡീസൽ എൻജിനുകളും ഉയർന്ന ശേഷിയുള്ള ലിഥിയം അയോൺ ബാറ്ററികളും ചേർന്നാണു യാനത്തിന് ഊർജം പകരുന്നത്.

54 ജീവനക്കാരെ ഉൾക്കൊള്ളാൻ കഴിയും. അറ്റകുറ്റപ്പണികൾക്കു പുറമേ, വെയർഹൗസായും ലോജിസ്റ്റിക്സ് കേന്ദ്രമായും യാനത്തിനു പ്രവർത്തിക്കാനാകും. നോർത്ത് സ്റ്റാർ ഷിപ്പിങ് ചീഫ് ടെക്നോളജി ഓഫിസർ ജയിംസ് ബ്രാഡ്ഫോഡിന്റെ നേതൃത്വത്തിലായിരുന്നു സ്റ്റീൽ കട്ടിങ് ചടങ്ങ്. സിഎസ്എൽ ഓപ്പറേഷൻസ് ഡയറക്ടർ ശ്രീജിത് കെ. നാരായണൻ, ഷിപ് ബിൽഡിങ് എക്സിക്യൂട്ടീവ് ഡയറക്ടർ എസ്.ഹരികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
അതേസമയം, കൊച്ചിൻ ഷിപ്‍യാഡിന്റെ ഓഹരികൾ ഇന്ന് വ്യാപാരം ചെയ്യുന്നത് നഷ്ടത്തിലാണ്. എൻഎസ്ഇയിൽ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കുമ്പോൾ ഓഹരി വിലയുള്ളത് 1.94% താഴ്ന്ന് 1,279.30 രൂപയിൽ. 33,655 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം. കഴിഞ്ഞവർഷം ജൂലൈ എട്ടിന് 2,979.45 രൂപയെന്ന സർവകാല റെക്കോർഡ് കുറിച്ചവിലയാണ് ഇപ്പോൾ 1,300 രൂപയ്ക്കും താഴെയുള്ളത്.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)