മുട്ടയുടെ മഞ്ഞക്കരു കളയേണ്ട; ഇനി പതിവായൊരു ‘ലൂട്ടീൻ’ മുട്ട ദിവസേനയുള്ള ചിട്ട!

Mail This Article
കൊച്ചി ∙ ‘പതിവായൊരു മുട്ട ദിവസേനയുള്ള ചിട്ട’ – എന്നത് പഴയൊരു പരസ്യവാചകം. ഇനിയത് ‘ലൂട്ടീനുള്ള മുട്ട സ്ഥിരമായ ചിട്ട’– എന്നു മാറുമോയെന്നാണ് അറിയേണ്ടത്. പൂവുകൾക്ക് മഞ്ഞ നിറം നൽകുന്ന പിഗ്‌മെന്റും മികച്ച ആന്റി ഓക്സിഡന്റുമായ ലൂട്ടീൻ ചേർത്ത കോഴിത്തീറ്റകൾ നൽകി ‘സാന്റോ മുട്ടകൾ ’ എന്ന പോഷകഗുണമുള്ള മുട്ടകൾക്കായുള്ള പരീക്ഷണത്തിന്റെ വിജയഘട്ടത്തിലാണ് കോലഞ്ചേരിയിലെ സിന്തൈറ്റ് കമ്പനി.
തമിഴ്നാട്ടിലെ നാമക്കലിലെ പ്രശസ്തമായ പൗൾട്രിഫാമുകളിൽ ലൂട്ടീൻ സപ്ലിമെന്റുകൾ ചേർത്ത കോഴിത്തീറ്റകൾ പരീക്ഷണടിസ്ഥാനത്തിൽ നൽകിയപ്പോൾ ലഭിച്ച മുട്ടകളിൽ 1.74 മില്ലിഗ്രാം വരെ ലൂട്ടീൻ കണ്ടെത്തി. കർഷകർക്കും ‘മൂല്യ വർധിത’ മുട്ടകളുടെ വിപണിയിൽ പുതിയ പ്രതീക്ഷ നൽകുന്നതാണ് ലുട്ടീൻ മുട്ടകൾ. ഒരു കിലോ കോഴിത്തീറ്റയിൽ 25 ഗ്രാം ലുട്ടീൻ പൗഡർ ചേർത്തു നൽകിയ പരീക്ഷണമാണ് വിജയം കണ്ടത്.

ഗുണനിലവാരമുള്ള മഞ്ഞച്ചോളം കോഴിത്തീറ്റയിലുണ്ടെങ്കിൽ അത്തരം മുട്ടകളിൽ 0.50 മില്ലിഗ്രാം ലൂട്ടീനാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഹൈബ്രിഡ് ചോളത്തിന് ഈ ഗുണമില്ല. അത്തരം മുട്ടകളിൽ ലൂട്ടീനില്ല. അമേരിക്കയിലെ നാഷനൽ ഐ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠന പ്രകാരം നിത്യവും 10 മില്ലിഗ്രാം ലൂട്ടീൻ കഴിക്കണമെന്നാണ് കണ്ടെത്തിയത്. കണ്ണിനു സംരക്ഷണവും തിമിരത്തിൽ നിന്നു രക്ഷയും നൽകുന്നതാണു ലൂട്ടീൻ.

ചീര, പാലക്, ബ്രൊക്കോളി തുടങ്ങിയ ഇലക്കറികൾ വഴി ലൂട്ടീൻ ലഭിക്കുമെങ്കിലും മുട്ടയിലൂടെയാണ് കൂടുതൽ കിട്ടുന്നത്. ലൂട്ടീൻ സപ്ലിമെന്റുകൾ യൂറോപ്യൻ രാജ്യങ്ങളിൽ വ്യാപകമാണെങ്കിൽ ഇന്ത്യയിൽ വലിയ പ്രചാരമില്ല. വിലയും കൂടുതലാണ്. ലൂട്ടീൻ ചേർത്ത കോഴിത്തീറ്റ നൽകിയപ്പോൾ ലഭിച്ച മുട്ടയിലെ മഞ്ഞക്കരുവിന് ഓറഞ്ച് നിറമാണ്. ആഫ്രിക്കയിലെ റ്വാണ്ടയിൽ കൃഷി ചെയ്യുന്ന ജമന്തിപ്പൂക്കളിൽ നിന്നാണ് ഇപ്പോൾ സിന്തൈറ്റ് ലൂട്ടീൻ വേർതിരിക്കുന്നത്.

ജമന്തിപ്പൂവിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ലൂട്ടീന് ആഗോള മരുന്നുവിപണിയിലും ഭക്ഷ്യരംഗത്തും വലിയ ഡിമാൻഡാണ്. പ്രായമായവരിലുണ്ടാകുന്ന കണ്ണുരോഗങ്ങൾക്ക് ഫലപ്രദമായ മരുന്നിന്റെ പ്രധാന ഘടകമാണ് ലൂട്ടീൻ. ചൈനയ്ക്ക് ലൂട്ടീൻ വിപണിയിൽ ആധിപത്യമുണ്ടെങ്കിലും മലിനീകരണവും കീടനാശിനികളുടെ സാന്നിധ്യവും ചൈനീസ് പൂക്കളിൽ നിന്നെടുക്കുന്ന സത്തയുടെ ഡിമാൻഡ് കുറച്ചിട്ടുണ്ട്.

ഈ സംരംഭത്തോടെ, മുട്ടയുടെ മഞ്ഞക്കരുവിനെ ആരോഗ്യകരമല്ലെന്ന വിലയിരുത്തലിൽ ഭക്ഷ്യമാലിന്യമായി കളയുന്ന രീതി മാറും. ലൂട്ടീൻ ശക്തമായ ആന്റിഓക്‌സിഡന്റായതിനാൽ കൊളസ്ട്രോൾ അളവു കുറയ്ക്കാൻ കഴിയുമെന്നും ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. ദിവസവും ഒരു നിശ്ചിത അളവിൽ മുട്ട മുഴുവനായും കഴിക്കുമ്പോൾ, അതൊരു ആരോഗ്യകരമായ പോഷകാഹാരമാകും ’’ –സിന്തൈറ്റ് എംഡി അജു ജേക്കബ് ചൂണ്ടിക്കാട്ടി.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business