ഉർസുല വോൺഡെർ ലെയൻ ഇന്ത്യയിലേക്ക്; വ്യാപാരത്തിൽ ഇന്ത്യയെ ഒപ്പംകൂട്ടാൻ യൂറോപ്യൻ യൂണിയൻ

Mail This Article
ന്യൂഡൽഹി∙ വ്യാപാരമേഖലയിൽ ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്തുകയാണ് യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺഡെർ ലെയന്റെയും മറ്റ് യൂറോപ്യൻ യൂണിയൻ കമ്മിഷനർമാരുടെയും ഇന്ത്യ സന്ദർശനത്തിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്ന്. യുഎസിന്റെ വ്യാപാര നീക്കങ്ങൾ യൂറോപ്പിനടക്കം തലവേദനയാകുമ്പോഴാണ് ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നത്. മാർച്ച് 10 മുതൽ 14 വരെ ബ്രസൽസിൽ നടക്കാനിരിക്കുന്ന 10–ാം റൗണ്ട് ഇന്ത്യ–യൂറോപ്യൻ യൂണിയൻ (ഇയു) സ്വതന്ത്ര വ്യാപാര കരാർ (എഫ്ടിഎ) ചർച്ചകളുടെ മുന്നോടിയായിട്ടു കൂടിയാണ് സന്ദർശനം.
ഇയു എഫ്ടിഎ യാഥാർഥ്യമായാൽ ഇന്ത്യ ഭാഗഭാക്കാകുന്ന ഏറ്റവും വലിയ വ്യാപാര കരാറാകും. ഇയു ട്രേഡ് കമ്മിഷണർ മാരോസ് സെഫ്കോവിക് ഇന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയലുമായി ചർച്ച നടത്തും. വിസ്കി, വൈൻ, കാറുകൾ തുടങ്ങിയവയുടെ ഇറക്കുമതി തീരുവ ഇന്ത്യ കുറയ്ക്കണമെന്നതാണ് ഇയുവിന്റെ പ്രധാന ആവശ്യം.
അതേസമയം, ഇന്ത്യയിൽ നിന്നുള്ള സ്റ്റീൽ, അലുമിനിയം ഉൽപന്നങ്ങളുടെ തീരുവ വർധിപ്പിക്കാൻ ഇടയാക്കുന്ന ‘കാർബൺ നികുതി’ (സിബിഎഎം) പുനഃപരിശോധിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടേക്കും. 2026 ജനുവരി ഒന്നിനാണ് ഇതു യൂറോപ്പിൽ പ്രാബല്യത്തിൽ വരുന്നത്.
യൂറോപ്യൻ യൂണിയന്റെ ഇയുഡിആർ (യൂറോപ്യൻ യൂണിയൻ ഡീഫോറസ്റ്റേഷൻ റഗുലേഷൻ) ചട്ടം നടപ്പാക്കുന്നതിലും ഇന്ത്യ ഇളവ് തേടിയേക്കും. 2020 ഡിസംബർ 30ന് ശേഷം വനനശീകരണം നടത്തിയ സ്ഥലത്ത് കൃഷി ചെയ്തതല്ലെന്ന് സാക്ഷ്യപ്പെടുത്തിയ ഉൽപന്നങ്ങൾ മാത്രം യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിൽ വിൽക്കാൻ അനുവദിക്കുന്നതാണ് ഇയുഡിആർ. ഇത് ഇന്ത്യയിലെ റബർ, കാപ്പി കർഷകർക്ക് തിരിച്ചടിയാണ്.
യൂറോപ്യൻ യൂണിയനുമായുള്ള കരാർ യാഥാർഥ്യമായാൽ ഇന്ത്യയിലെ ടെക്സ്റ്റൈൽസ് ബിസിനസിനു നേട്ടമാകും. കരാർ നിലവിലില്ലാത്തതിനാൽ ബംഗ്ലദേശ്, വിയറ്റ്നാം പോലെയുള്ള രാജ്യങ്ങളെ അപേക്ഷിച്ച് 10% അധിക തീരുവ ഇന്ത്യൻ തുണിത്തരങ്ങൾക്ക് ഇയു രാജ്യങ്ങളിൽ ബാധകമാണ്.
യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺഡെർ ലെയന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. യൂറോപ്യൻ യൂണിയനും ഇന്ത്യയും ചേർന്ന വ്യാപാര–സാങ്കേതിക വിദ്യ കൗൺസിലിന്റെ രണ്ടാമത്തെ മന്ത്രിതല യോഗവും ഇന്നു നടക്കും.