ബൽജിയത്തിലെ ബ്രസൽസിൽ ഇൻഫിനിറ്റി സെന്റർ തുറക്കാൻ കേരള സ്റ്റാർട്ടപ് മിഷൻ

Mail This Article
ന്യൂഡൽഹി ∙ കേരള സ്റ്റാർട്ടപ് മിഷന്റെ (കെഎസ്‍യുഎം) ഇൻഫിനിറ്റി സെന്റർ അടുത്ത വർഷം ബൽജിയത്തിലെ ബ്രസൽസിൽ ആരംഭിക്കും. ഇൻഫിനിറ്റി കേന്ദ്രത്തിനുള്ള സ്ഥലം ബ്രസൽസിൽ ലഭ്യമാക്കുമെന്നും സ്റ്റാർട്ടപ്പുകൾക്ക് ആദ്യ മൂന്നു മാസം സൗജന്യമായി പ്രവർത്തിക്കാനുള്ള സൗകര്യങ്ങൾ ക്രമീകരിക്കുമെന്നും ബൽജിയം സർക്കാരിന്റെ പ്രതിനിധികൾ ഡൽഹിയിൽ മനോരമയോടു പറഞ്ഞു.
നവസംരംഭങ്ങൾക്ക് ആവശ്യമായ സാങ്കേതിക ഉപദേശങ്ങളും സഹായങ്ങളും, ജോലിക്കാരെ എടുക്കാനുള്ള മാർഗനിർദേശങ്ങൾ, വീസ ഉൾപ്പെടെയുള്ള പിന്തുണ എന്നിവയെല്ലാം നൽകും. ആവശ്യമെങ്കിൽ മൂന്നു മാസത്തിനു ശേഷവും സൗജന്യമായി സ്ഥലം ലഭ്യമാക്കാനുള്ള നടപടി ആലോചിക്കും. കഴിഞ്ഞ വർഷം 7 ഇന്ത്യൻ സ്റ്റാർട്ടപ് കമ്പനികളാണു ബൽജിയത്തിൽ പ്രവർത്തനം ആരംഭിച്ചതെന്നും കൂടുതൽ സ്ഥാപനങ്ങൾ എത്തുമെന്നാണു പ്രതീക്ഷയെന്നും അധികൃതർ പറഞ്ഞു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
കേരള സ്റ്റാർട്ടപ്പുകളെ രാജ്യാന്തര തലത്തിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണു വിദേശരാജ്യങ്ങളിൽ ഇൻഫിനിറ്റി സെന്റർ ആരംഭിക്കാൻ സ്റ്റാർട്ടപ് മിഷൻ 2 വർഷം മുൻപു തീരുമാനിച്ചത്. സഹകരണത്തിനുള്ള ധാരണാപത്രം 2023ൽ കേരളവും ബൽജിയവും ഒപ്പിട്ടിരുന്നു. ഇതു പുതുക്കുമെന്നും കൂടുതൽ സഹകരണം ഉറപ്പാക്കുമെന്നും ബൽജിയം സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
ബൽജിയം സംഘത്തിന്റെ സന്ദർശനം നാളെ മുതൽ
ന്യൂഡൽഹി∙ ബൽജിയം ഇക്കണോമിക് മിഷന്റെ പ്രതിനിധി സംഘം നാളെ മുതൽ 8 വരെ ഇന്ത്യ സന്ദർശിക്കും. ആസ്ട്രിഡ് രാജകുമാരിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ വിദേശകാര്യ മന്ത്രി ബർണാഡ് ക്വിന്റിൻ ഉൾപ്പെടെയുള്ളവരുമുണ്ട്. സർക്കാർ, ബിസിനസ് രംഗത്തെ 326 പേരുടെ സംഘമാണ് ഇന്ത്യയിലെത്തുന്നത്. ആരോഗ്യം, ഗതാഗതം, പ്രതിരോധം, ജീവശാസ്ത്ര ഗവേഷണം, സ്റ്റീൽ, ഊർജ മേഖലകളിലെ വിവിധ സഹകരണത്തിനുള്ള പദ്ധതികൾ കേന്ദ്രസർക്കാരുമായും വിവിധ സ്ഥാപനങ്ങളുമായും ചർച്ച ചെയ്യും. ഇന്ത്യ–ബൽജിയം ടെക് ഫോറം മാർച്ച് അഞ്ചിനു മുംബൈയിൽ നടക്കും. കേന്ദ്രമന്ത്രി എസ്. ജയശങ്കർ ഉൾപ്പെടെയുള്ളവരുമായി പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തുമെന്നു ബൽജിയം അംബാസഡർ ദിദിയർ വാന്ദെർഹാസെൽറ്റ് വ്യക്തമാക്കി.