വായ്പ പിഴയില്ലാതെ നേരത്തേ അടച്ചു തീർക്കാം; ഭവന വായ്പയ്ക്ക് പിന്നാലെ എംഎസ്എംഇ വായ്പയിലും ആശ്വാസം

Mail This Article
കൊച്ചി∙ കാലാവധിക്കു മുൻപ് വായ്പ അടച്ചു തീർക്കുമ്പോൾ പിഴ ഈടാക്കാൻ പാടില്ലെന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കരടു വിജ്ഞാപനത്തിലെ നിർദേശം ഏറ്റവും കൂടുതൽ സഹായകമാകുക സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) ആയിരിക്കും. ഭവന വായ്പ മുൻകൂറായി തീർപ്പാക്കുമ്പോൾ പിഴ പാടില്ലെന്ന നിർദേശം നേരത്തേതന്നെ നിലവിലുള്ളതാണ്.
വായ്പ നിരക്കിൽ ഇളവു പ്രഖ്യാപിക്കുമ്പോൾ അതു പ്രയോജനപ്പെടുത്താൻ എംഎസ്എംഇകൾക്കു പലപ്പോഴും സാധ്യമാകുന്നില്ല. കുറഞ്ഞ പലിശ നിരക്കു വാഗ്ദാനം ചെയ്യുന്ന ബാങ്കുകളിലേക്കോ ധനസ്ഥാപനങ്ങളിലേക്കോ വായ്പ മാറ്റുന്നതിനുള്ള ബുദ്ധിമുട്ടാണു കാരണം. വിജ്ഞാപനത്തിലെ നിർദേശം നടപ്പാകുമെങ്കിൽ ഇതിനു പരിഹാരമാകുമെന്ന് എംഎസ്എംഇ സംരംഭകർ പറയുന്നു.
ഫ്ലോട്ടിങ് നിരക്കു ബാധകമായ വായ്പകളെ ഉദ്ദേശിച്ചു മാത്രമുള്ളതാണു നിർദേശം. ബാങ്കുകളുടെയും ധനസ്ഥാപനങ്ങളുടെയും നിർദേശങ്ങൾ പരിഗണിച്ച ശേഷം മാത്രമേ അന്തിമ തീരുമാനമുണ്ടാകൂ. ബാങ്കുകൾക്കും മറ്റും മാർച്ച് 21 വരെ ആക്ഷേപം സമർപ്പിക്കാം.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business