സ്വർണം സാധാരണക്കാരുടെ ആശ്രയം; മലബാർ ഗോൾഡിന്റെ വിജയത്തിനു പിന്നിൽ സത്യസന്ധതയും സുതാര്യതയുമെന്ന് ചെയർമാൻ എം.പി. അഹമ്മദ്

Mail This Article
സാധാരണക്കാരുടെയും തൊഴിലാളി സമൂഹത്തിന്റെയും ആശ്രയമാണ് സ്വർണമെന്നും സുതാര്യതയും സത്യസന്ധതയും മുറുകെപ്പിടിച്ച് അവർക്കൊപ്പം നിൽക്കുന്നതാണ് ആഗോളതലത്തിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ വിജയത്തിന്റെ കാരണമെന്നും ചെയർമാൻ എം.പി. അഹമ്മദ്. കേരളത്തിൽ ചില വ്യാപാരിസംഘടനകൾ വ്യത്യസ്ത സ്വർണവില നിശ്ചയിക്കുകയും ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ മനോരമ ഓൺലൈനിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെമ്പാടും ‘വൺ ഇന്ത്യ, വൺ റേറ്റ്’ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് മലബാർ ഗോൾഡാണ്. മലബാർ ഗോൾഡിന്റെ ഇന്ത്യയിലെ ഷോറൂമുകളിലെല്ലാം ഇപ്പോൾ സ്വർണത്തിന് ഒറ്റവിലയേയുള്ളൂ. ഉപഭോക്താക്കളിൽ നിന്ന് അതിനു വലിയ പിന്തുണയും ലഭിച്ചു. ഒറ്റ നികുതിനിരക്കാണ് രാജ്യത്ത് സ്വർണത്തിനുള്ളത്, രൂപയ്ക്കും ഒറ്റ മൂല്യം. പിന്നെ എന്തുകൊണ്ടാണ് ഓരോ സംസ്ഥാനത്തും പലവില? ഇതിനു പരിഹാരമായാണ് മലബാർ ഗോൾഡ് ‘വൺ ഇന്ത്യ, വൺ റേറ്റ്’ ആശയം അവതരിപ്പിച്ചത്.
മലബാർ ഗോൾഡിന് രാഷ്ട്രീയമില്ല. ചിലർ അധികാരം നിലനിർത്താൻ സംഘടനകളിൽ പോര് നടത്തുന്നു. മലബാർ ഗോൾഡിന്റെ രാഷ്ട്രീയമെന്നത് ഉപഭോക്താക്കൾക്കൊപ്പം നിൽക്കുകയാണ്. ബിസിനസിൽ വിശ്വാസം പ്രധാനമാണ്. സത്യസന്ധതയും സുതാര്യതയും പാലിച്ചാലേ ഉപഭോക്തൃവിശ്വാസം ലഭിക്കൂ. ഇന്ത്യയിലും യുഎസിലും സിംഗപ്പുരിലും ഓസ്ട്രേലിയയിലും മലേഷ്യയിലുമെല്ലാം മലബാർ ഗോൾഡ് വൻ വിജയമായതും ഇത്രയധികം ഉപഭോക്താക്കളെ നേടിയതും അതുകൊണ്ടാണ്.

ആഭരണം മാത്രമല്ല, സാധാരണക്കാർക്ക് സാമ്പത്തിക ആശ്രയവും സുരക്ഷിത നിക്ഷേപവുമാണ് സ്വർണം. ദീർഘകാല കാഴ്ചപ്പാടിലൂടെ ആ വിശ്വാസം സംരക്ഷിക്കുകയാണ് മലബാർ ഗോൾഡ്. രാജ്യാന്തര സ്വർണവില, രൂപയുടെ മൂല്യം, സ്വർണത്തിന്റെ പരിശുദ്ധി അനുപാതം (93%) തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തി സുതാര്യമായാണ് മലബാർ ഗോൾഡിന്റെ വിലനിർണയം.
ന്യായമായ പണിക്കൂലിയും ആജീവനാന്ത സൗജന്യ മെയിന്റനൻസും മികച്ച ബൈബാക്ക് വിലയുമായി ഉപഭോക്തൃസൗഹൃദമായി നിലകൊള്ളാനും അതുകൊണ്ടു കമ്പനിക്ക് കഴിയുന്നു. ചില സംഘടനകൾ വില നിർണയത്തിലെ അനുപാതനിരക്ക് 93.5 ശതമാനമാക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ വില ഉയരുമെന്നുകണ്ട് അതിനോട് വിയോജിച്ചത് മലബാർ ഗോൾഡാണെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business