ADVERTISEMENT

സ്വർണ വില കുത്തനെ കൂടുന്ന വേളയിൽ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷ (എകെജിഎസ്എംഎ) നിലെ പ്രതിസന്ധി പുതിയ വഴിത്തിരിവില്‍. സംസ്ഥാനത്ത് പ്രതിദിന സ്വർണ വില നിശ്ചയിക്കുന്ന കാര്യത്തിലടക്കമുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് സംഘടനയിൽ അടുത്തിടെ പ്രതിസന്ധി രൂക്ഷമായത്.

സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് ഡോ. ബി. ഗോവിന്ദന്‍, ബിന്ദു മാധവ്, റോയ് പാലത്തറ എന്നിവരെ സംഘടനയില്‍ നിന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുല്‍ നാസറിന്റെ നേതൃത്വത്തിലുള്ള പക്ഷം പുറത്താക്കി. 

gold-coins

നിലവിലുള്ള 12 ജില്ലാ കമ്മറ്റികളും 112 അംഗ കൗണ്‍സിലര്‍മാരില്‍ 99 പേരും തങ്ങള്‍ക്കൊപ്പമാണെന്ന് കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ആക്ടിങ് പ്രസിഡന്റ് അയമു ഹാജി, വര്‍ക്കിങ് ജനറല്‍ സെക്രട്ടറി ബി. പ്രേമാനന്ദ്, വൈസ് പ്രസിഡന്റ് അബ്ദുല്‍ അസീസ് എര്‍ബാദ്, സെക്രട്ടറി എസ്. പളനി എന്നിവര്‍ വ്യക്തമാക്കി. 

സ്വര്‍ണവില നിശ്ചയിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പോലും സ്വര്‍ണ വ്യാപാരികളുടെയും ഉപയോക്താക്കളുടെയും താൽപര്യം പുറത്താക്കപ്പെട്ടവര്‍ പരിഗണിക്കുന്നില്ല. സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചിട്ടുള്ള റേറ്റ് കമ്മിറ്റി അംഗങ്ങളോട് പോലും ആലോചിക്കാതെ സ്വന്തം താല്പര്യപ്രകാരമാണ് കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഉയർന്ന നിരക്കിൽ സ്വര്‍ണവില പ്രഖ്യാപിച്ചു കൊണ്ടിരുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.

പ്രതിദിന ബാങ്ക് നിരക്കിന്റെയും രൂപയുടെ നിരക്കിന്റെയും അടിസ്ഥാനത്തിൽ സ്വർണ വില കണക്കാക്കുമ്പോൾ  അധിക വില നിശ്ചയിക്കണമെന്ന ആവശ്യവുമായി ഇക്കൂട്ടരിൽ നിന്ന് തർക്കം പതിവായിരുന്നുവെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ഇപ്പോൾ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സ്വർണത്തിന് പല വിലയാണെന്ന അവസ്ഥ അപലപനീയമാണ്. നിരക്കിൽ ഇത്തരം തർക്കങ്ങളവസാനിപ്പിച്ച് എത്രയും വേഗം ജനങ്ങൾക്ക് കഴിയുന്നതും വില കുറച്ച് നൽകുകയാണ് വേണ്ടതെന്ന് അദ്ദേഹം കൂട്ടിചേർത്തു.

എകെജിഎസ്എംഎ ആസ്ഥാനമായ സ്വര്‍ണ ഭവന്റെയും സംഘടനയുടെയും അവകാശ തര്‍ക്കങ്ങളെ കുറിച്ചുള്ള കേസുകള്‍ വിവിധ കോടതികള്‍ നടക്കുകയാണ്. മാര്‍ച്ച് 12 ന് സംസ്ഥാന കൗണ്‍സില്‍ തൃശൂരില്‍ യോഗം ചേര്‍ന്ന് മുന്നോട്ടുള്ള പ്രവര്‍ത്തനത്തിന് രൂപം നല്‍കുമെന്നും ദേശീയ ഭാരവാഹികൾ ഉൾപ്പടെ ഇതിൽ പങ്കെടുക്കുമെന്നും ജനറല്‍ സെക്രട്ടറി അബ്ദുല്‍ നാസര്‍ വ്യക്തമാക്കി. 

1041002924

സീറോ പണിക്കൂലി തട്ടിപ്പ് അന്വേഷിക്കണം

സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവര്‍ക്ക് 30 ശതമാനം വരെ പലിശ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ ജുവലറി ഗ്രൂപ്പിനെതിരേ അന്വേഷണം നടത്തണമെന്ന് അഡ്വ. അബ്ദുല്‍ നാസര്‍ ആവശ്യപ്പെട്ടു. വലിയ പലിശ നല്‍കാമെന്ന് വാഗ്ദാനം നൽകി കേരളത്തിലുടനീളമുള്ള നിരവധി പേരില്‍ നിന്ന് കോടികളാണ് ഈ ജുവലറി ഗ്രൂപ്പ് തട്ടിയത്.

പണം തിരിച്ചു ലഭിക്കാതെ വന്നതോടെ നിക്ഷേപകര്‍ ഈ ജുവലറിയുടെ ശാഖകള്‍ക്കു മുന്നില്‍ പ്രതിഷേധവുമായി വരുന്നുണ്ട്. എന്നിട്ടു പോലും അന്വേഷണം നടത്താന്‍ പോലീസ് മടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ പണം തിരികെ ലഭിക്കുന്നതിന് സർക്കാർ ഇടപെടണം.  സംസ്ഥാനത്തെ സ്വര്‍ണ വ്യാപാര മേഖലയുടെ തകര്‍ച്ചയ്ക്ക് ഇതു കാരണമാകുമെന്നും അബ്ദുല്‍ നാസര്‍ കൂട്ടിച്ചേര്‍ത്തു.

English Summary:

Kerala's gold market faces turmoil as internal disputes within the AKGSMMA erupt, leading to price hikes and legal battles. A major faction expulsion and alleged investment fraud further destabilize the sector.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com