തിരുവനന്തപുരം–കൊച്ചി, കൊച്ചി–എടപ്പാൾ: വരുന്നു, ഹരിത ഹൈഡ്രജൻ വണ്ടികൾ

Mail This Article
ന്യൂഡൽഹി∙ പ്രകൃതിസൗഹൃദ ഇന്ധനമായ ഗ്രീൻ ഹൈഡ്രജൻ ഉപയോഗിക്കുന്ന വാഹനങ്ങളുടെ പരീക്ഷണ ഓട്ടത്തിനായി കേന്ദ്രസർക്കാർ തിരഞ്ഞെടുത്ത 10 റൂട്ടുകളിൽ രണ്ടെണ്ണം കേരളത്തിൽ. തിരുവനന്തപുരം–കൊച്ചി, കൊച്ചി–എടപ്പാൾ റൂട്ടുകളാണ് തിരഞ്ഞെടുത്തത്. ദേശീയ ഹരിത ഹൈഡ്രജൻ മിഷന്റെ ഭാഗമായി അനെർട്ട് സമർപ്പിച്ച പദ്ധതി നിർദേശത്തിനാണ് കേന്ദ്ര പുനരുപയോഗ ഊർജമന്ത്രാലയം അംഗീകാരം നൽകിയത്.
ഹരിത ഹൈഡ്രജൻ ഉപയോഗിച്ച് ഓടുന്ന 2 ഫ്യുവൽ സെൽ ട്രക്കുകളും 2 ഐസി (ഇന്റേണൽ കംബഷൻ) ട്രക്കുകളും (28 ടൺ) ഈ റൂട്ടുകളിൽ ഓടിക്കും. 2 വർഷത്തിനുള്ളിൽ ആകെ 60,000 കിലോമീറ്റർ പരീക്ഷണാടിസ്ഥാനത്തിൽ ഓടിക്കണം. കെഎസ്ആർടിസിക്ക് വേണ്ട സ്പെയർ പാർട്സുകൾ, ടയറുകൾ തുടങ്ങിയ വിവിധ ഡിപ്പോകളിൽ എത്തിക്കാൻ കൂടിയായിരിക്കും ഈ ട്രക്കുകൾ ഓടുക.

2 ഹൈഡ്രജൻ റീഫ്യുവലിങ് സ്റ്റേഷനുകൾ തിരുവനന്തപുരത്തും കൊച്ചിയിലും ആരംഭിക്കും. ഇതിൽ കൊച്ചിയിലേതിന്റെ നിർമാണം ആരംഭിച്ചു. അശോക് ലെയ്‌ലാൻഡ് ഏതാനും മാസങ്ങൾക്കകം ട്രക്കുകൾ ലഭ്യമാക്കും. ഭാരത് പെട്രോളിയമാണ് റീഫ്യൂവലിങ് സ്റ്റേഷനുകൾ തുടങ്ങുന്നത്. 6 മാസത്തിനകം പൈലറ്റ് ആരംഭിക്കുമെന്നാണ് വിവരം.

40 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 34.85 കോടി രൂപ (90%) കേന്ദ്രത്തിന്റെ വയബിലിറ്റി ഗ്യാപ്പ് ഫണ്ടിങ് വഴിയാണ്. ആദ്യ 2 വർഷം ഗ്രീൻ ഹൈഡ്രജൻ ഇന്ധനത്തിന്റെ ചെലവ് അനെർട്ട് വഹിക്കും. നിലവിൽ ചില കമ്പനികൾ ഹൈഡ്രജൻ വാഹനങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും നിരത്തിൽ കാര്യമായി ഓടിത്തുടങ്ങിയിട്ടില്ല. ഇവയുടെ പ്രായോഗികതയാണ് പൈലറ്റ് പദ്ധതിയിൽ പ്രധാനമായും പരിശോധിക്കുക.
രാജ്യമാകെ 10 റൂട്ടുകളിലായി 37 ഗ്രീൻ ഹൈഡ്രജൻ വാഹനങ്ങളാണ് (ബസുകളും ട്രക്കുകളും) പൈലറ്റ് പദ്ധതിയിൽ പങ്കെടുക്കുക. ഇതിൽ 15 എണ്ണം ഫ്യുവൽ സെൽ അടിസ്ഥാനമാക്കിയതും 22 എണ്ണം ഇന്റേണൽ കംബഷൻ അധിഷ്ഠിതവുമായിരിക്കും. ആകെ 208 കോടി രൂപയാണ് കേന്ദ്രം ഈ പദ്ധതികൾക്ക് സഹായമായി നൽകുന്നത്.
∙ മറ്റ് റൂട്ടുകൾ: ഗ്രേറ്റർ നോയിഡ–ഡൽഹി–ആഗ്ര, ഭുവനേശ്വർ–കൊണാർക്–പുരി, അഹമ്മദാബാദ്–വഡോദര–സൂറത്ത്, സാഹിബാബാദ്–ഫരീദാബാദ്–ഡൽഹി, പുണെ–മുംബൈ, ജംഷഡ്പുർ–കലിംഗ നഗർ, ജാംനഗർ–അഹമ്മദാബാദ്, വിശാഖപട്ടണം–ബയ്യാവരം.
∙ ഉൾപ്പെട്ട സ്ഥാപനങ്ങൾ: ടാറ്റ മോട്ടോഴ്സ്, റിലയൻസ് ഇൻഡസ്ട്രീസ്, എൻടിപിസി, അശോക് ലെയ്‌ലൻഡ്, എച്ച്പിസിഎൽ, ബിപിസിഎൽ, ഐഒസിഎൽ
എന്താണ് ഗ്രീൻ ഹൈഡ്രജൻ?
കാർബൺ അംശം അടങ്ങാത്തതിനാൽ, മലിനീകരണമുണ്ടാക്കാത്ത പ്രധാന ഇന്ധനസ്രോതസ്സുകളൊന്നായാണ് ഹൈഡ്രജനെ കണക്കാക്കുന്നത്. ഹൈഡ്രജൻ 'ക്ലീൻ' ആണെങ്കിലും അത് വേർതിരിക്കുന്ന നിലവിലെ പ്രക്രിയ വൻതോതിൽ കാർബൺ പുറന്തള്ളുന്നതാണ്.

ഇത് പരിഹരിക്കാനാണ് ഗ്രീൻ ഹൈഡ്രജൻ. സോളർ, കാറ്റ് അടക്കമുള്ള പുനരുപയോഗ ഊർജസ്രോതസ്സുകളിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് ഇലക്ട്രോളിസിസ് എന്ന പ്രക്രിയ കൊണ്ട് വെള്ളത്തിൽ നിന്നു വേർതിരിച്ചെടുക്കുന്നതാണ് ഗ്രീൻ ഹൈഡ്രജൻ.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business