അഞ്ചു മാസത്തിലേറെയായി അസാധാരണ വിലത്തകർച്ച! ആകർഷകത്വം നഷ്ടപ്പെട്ട് ഓഹരി നിക്ഷേപം

Mail This Article
കൊച്ചി ∙ അഞ്ചിലേറെ മാസങ്ങളായി തുടരുന്ന അസാധാരണ അളവിലുള്ള വിലത്തകർച്ചയുടെ ഫലമായി ഓഹരി നിക്ഷേപത്തിന് ആകർഷകത്വം നഷ്ടപ്പെടുന്നു. മൂലധന നേട്ടത്തിനുള്ള വിവിധ നിക്ഷേപമാർഗങ്ങളിൽനിന്ന് ഓഹരി വിപണിയിലേക്കു വഴിമാറിനടന്നവർ വലിയ തോതിൽ പിന്തിരിയുകയാണ്. ഇതിന്റെ സൂചനയാണു ‘ഡീമാറ്റ്’ അക്കൗണ്ടുകൾ ആരംഭിക്കുന്നവരുടെയും മ്യൂച്വൽ ഫണ്ട് പദ്ധതികളിൽ ഏറ്റവും ജനപ്രീതി നേടിയ ‘സിപ്’ എന്ന സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനിൽ ചേരുന്നവരുടെയും എണ്ണത്തിൽ അനുഭവപ്പെടുന്ന വലിയ തോതിലുള്ള കുറവ്.

സ്റ്റോക് ബ്രോക്കിങ് വ്യവസായത്തിലെ കമ്പനികളുടെ വരുമാന വളർച്ചയെയും ഓഹരി വിപണിയിലെ തുടർച്ചയായ ഇടിവു സാരമായി ബാധിക്കുന്നു. ഇടപാടുകളിൽനിന്നു സർക്കാരിനു ലഭിക്കേണ്ട നികുതി ഇനത്തിലെ നഷ്ടവും ഭീമമാണ്. ഒരു ഡസനോളം കമ്പനികളാണ് ഓഹരികളുടെ ആദ്യ പൊതു വിൽപന (ഐപിഒ) യ്ക്ക് അനുമതി ലഭിച്ചിട്ടും വിപണിയിലെ മടുപ്പു മൂലം മടിച്ചുനിൽക്കുന്നത്.
‘ഡീമാറ്റ്’ അക്കൗണ്ടുകളുടെ എണ്ണം മൊത്തത്തിൽ വർധിക്കുന്നുണ്ടെങ്കിലും മുൻ കാലങ്ങളിലെ തോതിൽ പുതിയ അക്കൗണ്ടുകൾ ആരംഭിക്കുന്നില്ല. ജനുവരിയിൽ 28.3 ലക്ഷം അക്കൗണ്ടുകൾ മാത്രമാണു റജിസ്റ്റർ ചെയ്തത്. 2023 നവംബറിനു ശേഷം ആദ്യമാണ് ഇത്രയും കുറഞ്ഞ നിരക്ക്. ഡിസംബറിൽ 32.6 ലക്ഷം അക്കൗണ്ടുകൾ ആരംഭിക്കുകയുണ്ടായി. 2024ലെ പ്രതിമാസ ശരാശരിതന്നെ 38.4 ലക്ഷമായിരുന്നു.

ജനുവരി അവസാനം വരെയുള്ള കണക്കനുസരിച്ചു നാഷനൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് (എൻഎസ്ഡിഎൽ), സെൻട്രൽ ഡിപ്പോസിറ്ററീസ് ലിമിറ്റഡ് (സിഡിഎസ്എൽ) എന്നിവയിലായി ആകെ 18.81 കോടി ‘ഡീമാറ്റ്’ അക്കൗണ്ടുകളാണുള്ളത്. പല നിക്ഷേപകർക്കും ഒന്നിലേറെ അക്കൗണ്ടുകളുള്ളതാണ് ഈ കണക്കിനു കാരണം. യഥാർഥത്തിൽ നിക്ഷേപകരുടെ എണ്ണം 11 കോടിയോളം മാത്രമാണെന്ന് അനുമാനിക്കുന്നു.
ഓഹരി വിപണി മുന്നേറ്റത്തിന്റെ പാതയിൽ തുടർന്നിരുന്നുവെങ്കിൽ അക്കൗണ്ടുകൾ ആരംഭിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകുമായിരുന്നില്ല. ഓഹരി വില സൂചികകൾ സർവകാല ഔന്നത്യം കൈവരിച്ചതു സെപ്റ്റംബർ 27ന് ആയിരുന്നു. റെക്കോർഡ് നിലവാരത്തിൽനിന്നു സെൻസെക്സ് 14.9 ശതമാനവും നിഫ്റ്റി 15.8 ശതമാനവും താഴെയെത്തിയാണു ഫെബ്രുവരി 28നു ‘ക്ളോസ്’ ചെയ്തത്. സെൻസെക്സിൽ 12,779.9 പോയിന്റും നിഫ്റ്റിയിൽ 4152.65 പോയിന്റുമാണു നഷ്ടം.

വിപണിക്ക് ഏറ്റവും വലിയ പിന്തുണ നൽകുന്നതു മ്യൂച്വൽ ഫണ്ട് പദ്ധതികളാണ്. അവയുടെ ‘സിപ്’ നിക്ഷേപ പദ്ധതി പ്രകാരം ജനുവരിയിൽ 56.19 ലക്ഷം അക്കൗണ്ടുകൾ ആരംഭിക്കുകയുണ്ടായി. എന്നാൽ നിക്ഷേപം നിർത്തിയവരുടെ എണ്ണം 61.33 ലക്ഷമാണെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (ആംഫി) യുടെ കണക്കുകൾ വ്യക്തമാക്കുന്നു. പുതിയ അക്കൗണ്ടുകൾ ആരംഭിക്കുന്നതിന്റെ നിരക്കിൽ ആറാം മാസമാണു തുടർച്ചയായ ഇടിവ്. ഡിസംബറിൽ 10.32 കോടി ‘സിപ്’ അക്കൗണ്ടുകളുണ്ടായിരുന്നു. ജനുവരിയിൽ 10.27 കോടി മാത്രം.
ബ്രോക്കിങ് കമ്പനികളുടെ പ്ളാറ്റ്ഫോമിലൂടെയുള്ള ഓഹരി വ്യാപാരത്തിൽ 30 – 40% ഇടിവുണ്ടെന്നു ബന്ധപ്പെട്ടവർ വെളിപ്പെടുത്തുന്നു. ഇതു മൊത്ത വരുമാനത്തിലും അറ്റാദായത്തിലും കാര്യമായ കുറവിന് ഇടയാക്കുന്നു.
ഇടപാടു നികുതി (എസ്ടിടി) ഇനത്തിൽ ഈ സാമ്പത്തിക വർഷം ലഭിക്കുമെന്നു സർക്കാർ കണക്കാക്കിയിരുന്നത് 55,000 കോടി രൂപയാണ്. സാമ്പത്തിക വർഷം അവസാനിക്കാൻ 20 വ്യാപാര ദിനങ്ങൾ മാത്രമാണു ബാക്കിയെന്നിരിക്കെ 42,000 കോടി മാത്രമേ ലഭിച്ചിട്ടുള്ളൂ. അടുത്ത സാമ്പത്തിക വർഷത്തെ പ്രതീക്ഷ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം 80,000 കോടി രൂപയാണ്. വിപണിയിലെ ഇടിവു തുടർന്നാൽ ആ ലക്ഷ്യവും പ്രതീക്ഷ മാത്രമായി അവശേഷിക്കും.