വീണ്ടുമെത്തുന്നു; ‘ലൊല്ലപ്പലൂസ’, സംഗീതപ്രേമികൾ മുംബൈയിലേയ്ക്ക്

Mail This Article
മുംബൈ∙ ലോകസംഗീതത്തിന്റെ ഉത്സവവേദികളുമായി ‘ലൊല്ലപ്പലൂസ’ വീണ്ടുമെത്തുന്നു. രാജ്യത്തെ ലൈവ് എന്റർടെയ്‌ൻമെന്റ്– ഇവന്റ് മേഖലയ്ക്കു വൻകുതിപ്പ് സമ്മാനിച്ച ലോക ടൂറിങ് സംഗീതോത്സവത്തിന്റെ ഇന്ത്യയിലെ മൂന്നാം പതിപ്പിന്റെ വേദി മുംബൈ മഹാലക്ഷ്മി റേസ്കോഴ്സിലാണ്. 7,8 തീയതികളിലായാണു ഷോ.
പ്രശസ്ത രാജ്യാന്തര ബാൻഡുകളായ ഗ്രീൻ ഡേ, ഷോൺ മെൻഡസ്, ഗ്ലാസ് അനിമൽസ്, കോറി വോങ്, ലൂയി ടോമ്‌ലിൻസൺ, ജോൺ സമ്മിറ്റ്, അറോറ, നത്തിങ് ബട്ട് തീവ്‌സ് എന്നിവർക്കൊപ്പം കൊറിയൻ പോപ് ബാൻഡ് വേവ് ടു എർത്ത്, ഇന്ത്യയിൽ നിന്ന് ഹനുമാൻ കൈൻഡ്, അലോക്, സിദ് വാഷി, സാഹിൽ വസുദേവ എന്നിവരും ലൊല്ലപ്പലൂസയുടെ ഭാഗമാണ്.
അഞ്ചു തവണ ഗ്രാമി ജേതാക്കളായ അമേരിക്കൻ റോക്ക് ബാൻഡ് ഗ്രീൻ ഡേയുടെയും കനേഡിയൻ പോപ് താരം ഷോൺ മെൻഡസിന്റെയും ഇന്ത്യയിലെ അരങ്ങേറ്റ വേദി കൂടിയാണിത്.
രണ്ടുദിവസം 20 മണിക്കൂറുകളിലായി മുപ്പതിലേറെ ലോക കലാകാരന്മാരുടെ പ്രകടനത്തിനൊപ്പം ചുവടുവയ്ക്കാൻ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള സംഗീതപ്രേമികൾ മുംബൈയിലെത്തും. ഓൺലൈൻ ടിക്കറ്റ് വിൽപന, ട്രാവൽ ആൻഡ് ടൂറിസം മേഖലകളിൽ വലിയ വരുമാന വർധനയാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവർഷം ജനുവരിയിൽ നടന്ന ലൊല്ലപ്പലൂസയുടെ രണ്ടാം പതിപ്പിന്റെ വിജയം കോൾഡ് പ്ലേ ഉൾപ്പെടെയുള്ള രാജ്യാന്തര പ്രശസ്ത ബാൻഡുകൾ ഇന്ത്യയിലെത്തുന്നതിനിടയാക്കിയിരുന്നു.
കലാകാരന്മാരുടെ ലിസ്റ്റ് പുറത്തുവിടും മുൻപേ പ്രീബുക്കിങ് ആരംഭിക്കുന്ന ലൊല്ലപ്പലൂസയുടെ മൂന്നാംപതിപ്പിന്റെ ബുക്കിങ് 2024 സെപ്റ്റംബറിൽ തുടങ്ങിയിരുന്നു.
ആദ്യഘട്ടം വിറ്റുതീർന്നതിനാൽ രണ്ടു ദിവസത്തെ സംഗീതലഹരി ആസ്വദിക്കാൻ ജനറൽ വിഭാഗത്തിൽ 9,999 രൂപയും ഏറ്റവും ഉയർന്ന വിഭാഗമായ നെക്സ ലൗഞ്ചിന് 49,999 രൂപയുമാണ് ടിക്കറ്റ് നിരക്ക്.