വെള്ളത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഗ്രീൻ ഹൈഡ്രജൻ ഇന്ധനമാക്കിയ ട്രക്കുകളെ നിരത്തിലിറക്കി ടാറ്റ

Mail This Article
ന്യൂഡൽഹി ∙ പ്രകൃതി സൗഹൃദ ഇന്ധനമായ ഗ്രീൻ ഹൈഡ്രജൻ ഉപയോഗിക്കുന്ന ട്രക്കുകളുടെ പരീക്ഷണ ഓട്ടത്തിന് തുടക്കം കുറിച്ച് ടാറ്റാ മോട്ടോഴ്സ്. വെള്ളത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഗ്രീൻ ഹൈഡ്രജൻ ഇന്ധനമാക്കി ഓടുന്ന 16 ടാറ്റ പ്രൈമ ട്രക്കുകളാണ് പുറത്തിറക്കിയത്. രാജ്യത്ത് ആദ്യമായാണ് ഗ്രീൻ ഹൈഡ്രജൻ ഉപയോഗിക്കുന്ന ട്രക്കുകളുടെ പരീക്ഷണ ഓട്ടം ആരംഭിക്കുന്നത്. ഹൈഡ്രജൻ ഇന്റേണൽ കംബസ്റ്റ് എൻജിൻ (H2-ICE), ഹൈഡ്രജൻ ഫ്യുവൽ സെൽ ഇലക്ട്രിക് വെഹിക്കിൾ (H2-FCEV) എന്നീ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള ട്രക്കുകളാണിവ. ഈ എൻജിനുകൾ ഉപയോഗിച്ചുള്ള ടാറ്റ പ്രൈമ H.55S വാഹനങ്ങൾക്ക് 300 മുതൽ 500 കിലോമീറ്റർ വരെയാണ് റേഞ്ച് ലഭിക്കുക. മുംബൈ– പുണെ, ഡൽഹി, എൻസിആർ– സൂറത്ത്, വഡോദര– ജംഷഡ്പൂർ– കലിംഗനഗർ എന്നീ പ്രധാന ചരക്ക് ഇടനാഴികളിൽ 16 ഹൈഡ്രജൻ പവർ ട്രക്കുകളാണ് ആദ്യ ഘട്ടത്തിൽ പരീക്ഷണ ഓട്ടം നടത്തുന്നത്. 2 വർഷം ഈ ട്രക്കുകൾ ഓടിച്ച് പ്രവർത്തനം വിലയിരുത്തും. ഈ സമയത്തിനുള്ളിൽ ആവശ്യമായ സർവീസ് സ്റ്റേഷനുകളും ഹൈഡ്രജൻ ഫില്ലിങ് പമ്പുകളും സർക്കാർ സഹായത്തോടെ ആരംഭിക്കും.
ഇന്നലെ ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ട്രക്കുകൾ ഫ്ലാഗ് ഓഫ് ചെയ്തു. കേന്ദ്ര പുനരുപയോഗ ഊർജ മന്ത്രി പ്രഹ്ലാദ് ജോഷി, ടാറ്റ മോട്ടോഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ ഗിരിഷ് വാഗ് എന്നിവർ പങ്കെടുത്തു.
ഗ്രീൻ ഹൈഡ്രജൻ വാഹനങ്ങളുടെ പരീക്ഷണ ഓട്ടത്തിനായി കേന്ദ്രസർക്കാർ തിരഞ്ഞെടുത്ത 10 റൂട്ടുകളിൽ രണ്ടെണ്ണം കേരളത്തിലാണ്. തിരുവനന്തപുരം–കൊച്ചി, കൊച്ചി–എടപ്പാൾ റൂട്ടുകളിൽ കേരളത്തിലും പരീക്ഷണ ഓട്ടം നടക്കും. അശോക് ലെയ്‌ലാൻഡ് ട്രക്കുകളാണ് കേരളത്തിലോടുക.