സ്വിഗ്ഗിയുടെ ട്രെയിൻ ഫുഡ് ഡെലിവറി കൂടുതൽ സ്റ്റേഷനുകളിലേക്ക്; ഭക്ഷണം പ്രത്യേക പാക്കേജിൽ

Mail This Article
ന്യൂഡൽഹി ∙ ഐആർസിടിസിയുമായി സഹകരിച്ചുള്ള സ്വിഗ്ഗിയുടെ ട്രെയിൻ ഫുഡ് ഡെലിവറി കേരളത്തിലെ ഉൾപ്പെടെ 20 സംസ്ഥാനങ്ങളിലെ 100 റെയിൽവേ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിച്ചു. കൺഫേം ടിക്കറ്റുമായി യാത്ര ചെയ്യുന്നവർ ഓർഡർ ചെയ്യുന്ന ഭക്ഷണം സ്റ്റേഷനിൽ വച്ച് സീറ്റിലെത്തിച്ചു നൽകുന്ന സംവിധാനമാണ് സ്വിഗ്ഗി ട്രെയിൻ ഡെലിവറി. 60,000 ബ്രാൻഡുകളുടെ 70 ലക്ഷം ഭക്ഷണസാധനങ്ങൾ ആപ് വഴി ബുക്ക് ചെയ്യാനാവുമെന്ന് സ്വിഗ്ഗി അറിയിച്ചു.

ഉപഭോക്താക്കൾക്ക് സ്വിഗ്ഗി, ഐആർസിടിസി ആപ്പുകൾ വഴി ഭക്ഷണം ബുക്ക് ചെയ്യാം. പിഎൻആർ നമ്പർ ഉണ്ടെങ്കിൽ മാത്രമേ ഓർഡർ ചെയ്യാനാകു. ശേഷം സ്വിഗ്ഗി നിങ്ങളുടെ ട്രെയിൻ ട്രാക്ക് ചെയ്യുകയും ഏറ്റവും അടുത്ത സ്റ്റേഷനിൽ ഭക്ഷണം സീറ്റിലെത്തിച്ചു നൽകുകയും ചെയ്യും. ട്രെയിൻ യാത്രക്കാർക്ക് പ്രത്യേക പാക്കേജിലാണ് ഭക്ഷണമെത്തുക. ട്രെയിൻ വൈകുകയോ, സ്വിഗ്ഗിക്ക് ഡെലിവറി നൽകാൻ പറ്റാതിരിക്കുകയോ ചെയ്താൽ മുഴുവൻ തുകയും തിരികെ ലഭിക്കും വിധമാണ് ക്രമീകരണം. നിലവിൽ രാജ്യത്തെ 59 സ്റ്റേഷനുകളിലാണ് സ്വിഗ്ഗി ഡെലിവറി ഉള്ളത്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business