മസ്കിന്റെ അതിവേഗ ഇന്റർനെറ്റ് ഉടൻ ഇന്ത്യയിൽ; സേവനം കുഞ്ഞൻ ഡിഷ് ആന്റിന വഴി, എന്താണ് മെച്ചം?

Mail This Article
ന്യൂഡൽഹി∙ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ ലഭ്യമാക്കാനായി ഭാരതി എയർടെൽ കമ്പനിയുമായി കരാർ. കേന്ദ്രസർക്കാർ സ്റ്റാർലിങ്കിന് അനുമതി നൽകുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും സേവനം ഇന്ത്യയിൽ ലഭ്യമാവുക.

സ്റ്റാർലിങ്കിനുള്ള കേന്ദ്ര അനുമതി അവസാനഘട്ടത്തിലാണ്. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) നിർദേശം കൂടി പരിഗണിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽ അനുമതി നൽകിയേക്കും.
എന്താണ് മെച്ചം?
ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയും ടെലികോം ടവറുകളും ഇല്ലാത്ത വിദൂരമായ സ്ഥലങ്ങളിൽ പോലും ഉപഗ്രഹങ്ങളിൽ നിന്ന് ഉയർന്ന വേഗമുള്ള ഇന്റർനെറ്റ് ലഭിക്കുമെന്നതാണ് മെച്ചം. ഡയറക്ട് ടു ഹോം ഡിഷ് ടിവി സേവനത്തിനു സമാനമായി കെട്ടിടങ്ങളുടെ മുകളിൽ സ്ഥാപിക്കുന്ന ചെറിയ ഡിഷ് ആന്റിന വഴിയാണ് സാറ്റലൈറ്റ് ഇന്റർനെറ്റ് നൽകുന്നത്.

സ്പേസ്എക്സിന്റെ ഉപകരണം എയർടെലിന്റെ റീട്ടെയ്ൽ സ്റ്റോറുകളിലൂടെ വിൽക്കും. കമ്പനികൾക്കുള്ള സ്റ്റാർലിങ്ക് സേവനവും എയർടെൽ വഴി ലഭ്യമാക്കാൻ പദ്ധതിയുണ്ട്. എയർടെലിനെ സംബന്ധിച്ച് ഇതു രണ്ടാമത്തെ ഉപഗ്രഹ ഇന്റർനെറ്റ് പങ്കാളിത്തമാണ്. ബ്രിട്ടിഷ് കമ്പനിയായ യൂട്ടെൽസാറ്റ് വൺവെബ് കമ്പനിയിലും എയർടെലിന്റെ പ്രമോട്ടർമാരായ ഭാരതി ഗ്രൂപ്പിന് ഓഹരിയുണ്ട്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business