അരുൺ മാമ്മൻ ആത്മ ചെയർമാൻ

Mail This Article
കൊച്ചി∙ ഓട്ടമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ (ആത്മ) ചെയർമാനായി എംആർഎഫ് ലിമിറ്റഡ് വൈസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അരുൺ മാമ്മൻ തിരഞ്ഞെടുക്കപ്പെട്ടു. ബ്രിജ്സ്റ്റോൺ ഇന്ത്യ മാനേജിങ് ഡയറക്ടർ ഹിരോഷി യോഷിസെയ്ൻ ആണ് വൈസ് ചെയർമാൻ.
മദ്രാസ് ക്രിസ്റ്റ്യൻ കോളജിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ അരുൺ മാമ്മൻ, യുഎസിലെ ആഷ്‌ലാൻഡ് സർവകലാശാലയിൽ നിന്ന് എംബിഎ ബിരുദവും നേടിയിട്ടുണ്ട്. 2004ലാണ് അരുൺ മാമ്മൻ എംആർഎഫ് മാനേജിങ് ഡയറക്ടറാകുന്നത്. 2017ൽ വൈസ് ചെയർമാനും എംഡിയുമായി. ക്രിക്കറ്റും മോട്ടർ സ്പോർട്ടുകളും ഏറെ ഇഷ്ടപ്പെടുന്ന അരുൺ മാമ്മൻ ആത്മയുടെ സുവർണ ജൂബിലി വർഷത്തിലാണ് ചെയർമാനായി ചുമതലയേൽക്കുന്നത്.
കൂടുതൽ അംഗങ്ങളെ ചേർത്ത് ആത്മയുടെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന് അരുൺ മാമ്മൻ പറഞ്ഞു. ഇന്ത്യൻ ടയർ വ്യവസായത്തെ ആഗോള വിതരണ രംഗത്തെ അതികായരാക്കി മാറ്റുമെന്നും ടയർ വ്യവസായത്തെ കൂടുതൽ മത്സരാധിഷ്ഠിതവും സാങ്കേതിക മേന്മയുള്ളതുമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
2,00,000 ഹെക്ടർ തോട്ടം എന്ന ലക്ഷ്യത്തിലേക്കായി ഇൻറോഡ് പ്രോജക്റ്റ് വ്യാവസായികാടിസ്‌ഥാനത്തിൽ തന്നെ അടുത്ത രണ്ടുവർഷത്തിനുള്ളിൽ പൂർത്തിയാക്കും. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ, ടയർ മേഖലയിലെ ഗുണനിലവാരവും പരിശീലനവും നവീകരിക്കുന്നതിന് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അരുൺ മാമ്മൻ പറഞ്ഞു.