കാർഷിക, ഭക്ഷ്യമേഖല സ്റ്റാർട്ടപ്പുകൾക്ക് സഹായമേകാൻ വെള്ളായണി കാർഷിക കോളജിൽ പുത്തൻ സംരംഭം

Mail This Article
തിരുവനന്തപുരം∙ കാർഷിക, ഭക്ഷ്യമേഖലയിലെ സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്കു സഹായിക്കാൻ ലക്ഷ്യമിട്ടുള്ള ‘കെ അഗ്ടെക് ലോഞ്ച്പാഡ്’ ഇൻക്യുബേറ്റർ 14ന് വെള്ളായണി കാർഷിക കോളജിൽ പ്രവർത്തനമാരംഭിക്കും. രാവിലെ 11ന് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.
കാർഷിക സർവകലാശാല, നബാർഡ്, ഓസ്ട്രേലിയയിലെ വെസ്റ്റേൺ സിഡ്നി സർവകലാശാല എന്നിവ സംയുക്തമായാണു പദ്ധതി നടപ്പാക്കുന്നത്. ഇതിനായി 15 കോടി രൂപ കാർഷിക സർവകലാശാലയ്ക്ക് നബാർഡ് ലഭ്യമാക്കും. സംസ്ഥാനത്തെ സർവകലാശാലയ്ക്ക് നബാർഡ് നൽകുന്ന ഏറ്റവും ഉയർന്ന സാമ്പത്തിക സഹായമാണിത്. വെള്ളായണി കാർഷിക കോളജ് ഡീൻ ഡോ. റോയ് സ്റ്റീഫൻ, കാർഷിക വിജ്ഞാന വിഭാഗം മേധാവി ഡോ. അലൻ തോമസ് എന്നിവർ പദ്ധതിക്കു മേൽനോട്ടം വഹിക്കും.
സ്റ്റാർട്ടപ്പുകൾക്കുള്ള സാമ്പത്തിക സഹായം, സാങ്കേതികപിന്തുണ, ഉൽപന്നം വിപണിയിലിറക്കുന്നതിനുള്ള സഹായം എന്നിവ ഇൻക്യുബേറ്റർ വഴി ലഭ്യമാക്കും. സംരംഭകർക്ക് 2 കോടിയോളം രൂപ അനുവദിക്കും. സ്റ്റാർട്ടപ്പുകൾക്കുള്ള പരിശീലനം, ഉൽപന്നങ്ങൾക്കു പേറ്റന്റ് ലഭിക്കാനുള്ള സഹായം തുടങ്ങിയവയ്ക്കായി 4 കോടി നീക്കിവയ്ക്കും. കാർഷിക മേഖലയിലെ പുതു സാങ്കേതികവിദ്യകൾ, കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള മാർഗങ്ങൾ എന്നിവ വികസിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business