സംരംഭക സ്വപ്നങ്ങൾക്ക് പ്രതീക്ഷകളുടെ പുതുവേദി; ലക്ഷങ്ങൾ നേടിയത് ആരൊക്കെ? ഇപ്പോൾ കാണാം മനോരമ ഓൺലൈൻ എലവേറ്റ് എപ്പിസോഡ്-2

Mail This Article
സംരംഭക രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആത്മവിശ്വാസവും പ്രതീക്ഷകളും സമ്മാനിച്ച് ‘മനോരമ ഓൺലൈൻ എലവേറ്റ്-ഡ്രീംസ് ടു റിയാലിറ്റി’ ഷോ. എലവേറ്റിന്റെ രണ്ടാം എപ്പിസോഡ് ഇപ്പോൾ കാണാം. സംപ്രേഷണം മനോരമ ഓൺലൈനിലും മനോരമ മാക്സിലും യൂട്യൂബിലും. വിനോദ യാത്രകൾക്ക് പുത്തൻമാനം നൽകി ഒരുകൂട്ടം യുവാക്കൾ കെട്ടിപ്പടുത്ത ട്രാവൽജീൻ, കായികപ്രേമികൾക്ക് ആവേശം പകരുന്ന പ്ലേ സ്പോട്സ് എന്നീ സംരംഭങ്ങളാണ് രണ്ടാം എപ്പോസോഡിൽ നിക്ഷേപക പാനലിന് മുന്നിൽ പിച്ചിങ്ങുമായി എത്തുന്നത്. താഴെയുള്ള വീഡിയോയിൽ എപ്പിസോഡ്-2 കാണാം.
മീരാൻ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ, ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനീഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം എം.ജോസഫ്, അസറ്റ് ഹോംസ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ സുനിൽ കുമാർ, ഹീൽ സ്ഥാപകൻ രാഹുൽ ഏബ്രഹാം മാമ്മൻ എന്നിവർ ഉൾപ്പെട്ട നിക്ഷേപക പാനലിന്റെ മനസ്സുകീഴടക്കാൻ ഇവർക്ക് കഴിഞ്ഞോ? മൂലധന പിന്തുണയായി കോടികളും ലക്ഷങ്ങളും സ്വന്തമാക്കിയത് ആരൊക്കെ? കാണാം മനോരമ ഓൺലൈൻ എലവേറ്റ് എപ്പിസോഡ്-2ൽ.

ആദ്യ എപ്പിസോഡിൽ കാലിക്കറ്റ് കസിൻസ് എന്ന ചെറുപ്പക്കാരായ സംരംഭകരുടെ ‘ഫുൽവ’, ശാരീരിക വൈകല്യമുള്ളവരെ പോലും എഴുന്നേൽപ്പിച്ചു നിർത്തുന്ന, നടത്തിപ്പിക്കുന്ന, വ്യായാമം ചെയ്യിപ്പിക്കുന്ന വെയറബിൾ റോബോട്ടിക്സ് ഡിവൈസ് അവതരിപ്പിച്ച ആസ്ട്രെക് ഇന്നൊവേഷൻസ് എന്നിവ നടത്തിയ പിച്ചിങ്ങിന് നിക്ഷേപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും വൻ പ്രതികരണമാണ് ലഭിച്ചത്. ഫുൽവയുടെയും ആസ്ട്രെക്കിന്റെയും പിച്ചിങ് ഇവിടെ കാണാം.
നൂതനവും മികച്ച വളർച്ചാസാധ്യതയുള്ളതും മൂലധനത്തിനായി ശ്രമിക്കുന്നതുമായ ബിസിനസ്/സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ഫണ്ടിങ്, മെന്ററിങ്, ഇൻകുബേഷൻ, നെറ്റ്‍വർക്കിങ് എന്നിവയ്ക്കു പിന്തുണ ഉറപ്പാക്കാനും വിജയവഴിയിലേക്ക് നയിക്കാനും ഒരുക്കിയ വേദിയാണ് ‘മനോരമ ഓൺലൈൻ എലവേറ്റ്’ എന്ന ബിസിനസ് പിച്ച് റിയാലിറ്റി ഷോ. ജെയിൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചാണ് എലവേറ്റ് ഒരുക്കിയത്.

ബ്രഹ്മ ലേണിങ് സൊല്യൂഷൻസ് സാരഥി ഡോ. സജീവ് നായർ ആണ് മനോരമ ഓൺലൈൻ എലവേറ്റിന്റെ മെന്റർ. കേരള സ്റ്റാർട്ടപ്പ് മിഷൻ, കേരള ഏയ്ഞ്ചൽ നെറ്റ്‍വർക്ക് (KAN) എന്നിവയുടെയും പിന്തുണയോടെ സംഘടിപ്പിച്ച എലവേറ്റിൽ 500ൽ പരം അപേക്ഷകൾ ലഭിച്ചു. കൂടുതൽ മികവുറ്റ 21 സംരംഭങ്ങളാണ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

സംരംഭകർക്ക് മികച്ച അവതരണത്തിന്റെ സാധ്യതകളെക്കുറിച്ച് ഉള്‍ക്കാഴ്ച നൽകുന്ന ഗ്രൂമിങ് സെഷനും ഒരുക്കിയിരുന്നു. ബ്രഹ്മ ലേണിങ് സൊല്യൂഷൻസ് സിഇഒ എ.ആർ. രഞ്ജിത്ത് ഗ്രൂമിങ് സെഷനു നേതൃത്വം നൽകി. സംരംഭകരുടെ അനുഭവങ്ങളെയും എങ്ങനെ ആശയത്തെ മികച്ച ബിസിനസ് സംരംഭമാക്കി മാറ്റാം എന്നതിനെയും കുറിച്ചു കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക ക്ലാസുകൾ നയിച്ചു. വിവിധ ബിസിനസ് സംരംഭങ്ങളുടെ സാധ്യതകളെയും ഭാവിയെയും കുറിച്ച് ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. ടോം എം. ജോസഫും സംസാരിച്ചു.