25ാം വര്‍ഷത്തില്‍ 550 കോടിയുടെ പാര്‍ക്ക് ചെന്നൈയില്‍; വണ്ടര്‍ലാ മുന്നേറ്റം തുടരുന്നു

Mail This Article
ദക്ഷിണേന്ത്യയുടെയാകെ വിനോദ വ്യവസായ രംഗത്ത് പുതിയ ചലനങ്ങള്‍ സൃഷ്ടിച്ച വണ്ടര്‍ലാ പാര്‍ക്ക് 25ാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ വരാനിരിക്കുന്നത് വമ്പന്‍ പദ്ധതികള്‍. അമ്യൂസ്‌മെന്റ് പാര്‍ക്കുകളെന്ന ആശയം പോലും പലര്‍ക്കും കേട്ടുകേള്‍വിയില്ലാത്ത കാലത്ത് തുടങ്ങിയ വണ്ടര്‍ലാ പാര്‍ക്കിന്റെ ഏറ്റവും പുതിയ അമ്യൂസ്‌മെന്റ് പാര്‍ക്ക് ചെന്നൈയില്‍ ഈ വര്‍ഷം തുറക്കുമെന്ന് മാനേജിങ് ഡയറക്ടർ അരുണ്‍ കെ ചിറ്റിലപ്പിള്ളി പറഞ്ഞു. 550 കോടി രൂപയുടെ വമ്പന്‍ പദ്ധതിയാണ് ചെന്നൈയിലേത്. കൊച്ചിയിൽ നടന്ന മനോരമ സമ്പാദ്യം കേരള ബിസിനസ് സമ്മിറ്റിൽ സംബന്ധിക്കുകയായിരുന്നു അദ്ദേഹം.
'ചെന്നൈയില്‍ അടുത്ത പ്രൊജക്ട് ലോഞ്ച് ചെയ്യാന്‍ പോവുകയാണ്. വളരെ വലിയ അമ്യൂസ്‌മെന്റ് പാര്‍ക്കാണത്. കൊച്ചിയിലും ബെംഗാളൂരുവിലുമെല്ലാം ഉള്ളതു പോലെ വലിയൊരു പാര്‍ക്കായിരിക്കും. ഈ വര്‍ഷം തന്നെ തുറന്ന് പ്രവര്‍ത്തിക്കാനാണ് പദ്ധതി. 550 കോടി രൂപയുടെ നിക്ഷേപത്തിലാണ് ചെന്നൈയിലെ അമ്യൂസ്‌മെന്റ് പാര്‍ക്ക് വരുന്നത്,' അരുണ്‍ പറയുന്നു.
ചെന്നൈയിലെ പാര്‍ക്ക് കൃത്യസമയത്ത് തന്നെ ജനങ്ങള്‍ക്ക് തുറന്നു നല്‍കാന്‍ കഴിയുമെന്നാണ് അരുണിന്റെ പ്രതീക്ഷ. നിലവില്‍ കൊച്ചി, ബെഗാളൂരു, ഹൈദരാബാദ്, ഭുവനേശ്വര്‍ എന്നിവിടങ്ങളിലാണ് വണ്ടര്‍ലാ പാര്‍ക്കുകളുള്ളത്.
വരുന്നു കൂടുതൽ പദ്ധതികള്‍
സര്‍ക്കാര്‍ പിന്തുണയോട് കൂടി പദ്ധതികള്‍ നടപ്പാക്കാനാണ് ശ്രമിക്കുന്നത്. കൂടുതല്‍ സ്ഥലം വേണം, വലിയ മുതല്‍മുടക്ക് വേണം എന്നതെല്ലാമാണ് ഈ വ്യവസയാത്തിന്റെ പ്രത്യേകത. സര്‍ക്കാരുകള്‍ക്ക് ഞങ്ങളുടെ ബിസിനസ് മോഡലിനോട് വലിയ താല്‍പ്പര്യവുമാണ്. വണ്ടര്‍ലയുടെ ബ്രാന്‍ഡ് വാല്യുവും അതിന് കാരണമാണ്. മാത്രമല്ല പ്രകൃതി സൗഹൃവും വലിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതുമാണ് പദ്ധതികള്‍. അങ്ങനെ നിരവധി ഘടകങ്ങളുണ്ട്. മധ്യപ്രദേശ്, ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ പുതിയ പദ്ധതികള്‍ ആലോചിക്കുന്നുണ്ട്,' അരുണ്‍ ചിറ്റിലപ്പിള്ളി പറയുന്നു.

പാര്‍ക്കുകളില്‍ പുതിയ റൈഡുകള്‍ അവതരിപ്പിക്കാനും പദ്ധതിയുണ്ടെന്ന് അരുണ്‍ വ്യക്തമാക്കുന്നു. 'ഇപ്പോഴത്തെ കുട്ടികള്‍ക്ക് എആര്‍, വിആര്‍ ടെക്‌നോളജി അടിസ്ഥാനപ്പെടുത്തിയുള്ള റൈഡുകളാണ് താല്‍പ്പര്യം. അതുപോലുള്ള നൂതനാത്മക റൈഡുകള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്.
അടുത്തിടെ വണ്ടര്‍ലാ കൊച്ചിയില്‍ ചിക്കു എന്ന മാസ്‌കോട്ടിനെ വച്ച് പുതിയ റൈഡ് ഉണ്ടാക്കിയിരുന്നു. അതുപോലെ ടെക്‌നോളജി അടിസ്ഥാനപ്പെടുത്തിയുള്ള റൈഡുകള്‍ കൂടുതല്‍ വരും. വണ്ടര്‍ലയില്‍ ടെക്‌നോളജി ട്രാന്‍സ്‌ഫോര്‍മേഷന്‍ നടന്നുകൊണ്ടിരിക്കുകയുമാണ്. പാര്‍ക്കിനായി ഞങ്ങളുടെ തന്നെ ഓപ്പറേറ്റിങ് സിസ്റ്റം ഡെവലപ്പ് ചെയ്തുവരികയുമാണ്. എല്ലാ പാര്‍ക്കും ആ സോഫ്റ്റ് വെയറിലായിരിക്കും പ്രവര്‍ത്തിക്കുക.'
മാര്‍ക്കറ്റിങ്ങിലും പുതിയ മാറ്റങ്ങള്‍ അവലംബിക്കും. കഴിഞ്ഞ വര്‍ഷം ക്ലിക്കായ ക്യാംപെയ്ന്‍ ഈ വര്‍ഷം ക്ലിക്കായെന്ന് വരില്ല. പക്ഷേ ജനങ്ങള്‍ കൂടുതലായി പാര്‍ക്കുകളിലെക്കെത്തും. എപ്പോഴും ഫോണ്‍ പിടിച്ച് ഇരിക്കാതെ ഫാമിലിയുമായി എന്‍ജോയ് ചെയ്യാന്‍ ഇതുപോലുള്ള അമ്യൂസ്‌മെന്റ് പാര്‍ക്കുകളും സ്‌പേസുകളും അനിവാര്യമാണ്.

ദക്ഷിണേന്ത്യക്ക് പുറത്ത് പുതിയ പദ്ധതികള്‍
ദക്ഷിണേന്ത്യയിലേ മികച്ച അമ്യൂസ്‌മെന്റ് പാര്‍ക്കുകളുള്ളൂവെന്ന് അരുണ്‍ പറയുന്നു. നോര്‍ത്ത് ഇന്ത്യയില്‍ കാര്യമായി വലിയ പാര്‍ക്കുകളില്ല. അവിടെയെല്ലാം വലിയ അവസരങ്ങളുണ്ട്. ഡല്‍ഹി, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ് തുടങ്ങിയിടങ്ങളിലെല്ലാം പദ്ധതികള്‍ നടപ്പാക്കാന്‍ ആഗ്രഹമുണ്ട്. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വളരെ പോസിറ്റീവായ സമീപനമാണ് യുപി സര്‍ക്കാരില്‍ നിന്നെല്ലാം ലഭിക്കുന്നത്.
അന്ന് സര്‍ക്കാര്‍ നെഗറ്റീവ്
2025 വണ്ടര്‍ലയുടെ 25ാം വാര്‍ഷികമാണ്. ഏപ്രിലിൽ ആഘോഷങ്ങൾ തുടങ്ങും അഞ്ചാമത്തെ പാര്‍ക്ക് തുടങ്ങുന്ന വര്‍ഷം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. ഇതിന്റെ ഭാഗമായി ലോഞ്ച് ചെയ്യുന്ന ചെന്നൈയിലെ പാര്‍ക്കില്‍ ഇന്ത്യയിലെ ആദ്യ ഇന്‍വര്‍ട്ടര്‍ റോളര്‍ കോസ്റ്റര്‍ ഉള്‍പ്പടെ ഒട്ടേറെ ഇന്നവേറ്റിവ് റൈഡുകള്‍ ഉണ്ടാകും.
എല്ലാ സംസ്ഥാനങ്ങള്‍ക്കും അവരുടേതായ വ്യത്യസ്ത സമീപനമാണെന്ന് അരുണ്‍ ചൂണ്ടിക്കാട്ടുന്നു. പൊതുവേ സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ നിക്ഷേപം തങ്ങളുടെ സംസ്ഥാനങ്ങളിലേക്ക് വരണമെന്ന നല്ല ചിന്ത ഇപ്പോഴുണ്ട്. വളരെ പോസിറ്റീവ് സമീപനും മാറ്റുമാണത്. പണ്ട് ഡാഡി (കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി) വീഗാലാന്‍ഡിന് സ്ഥലം ചോദിച്ചപ്പോള്‍ ഇത്തരമൊരു സമീപനമായിരുന്നില്ല സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നത്. സര്‍ക്കാരുകളുടെ സമീപനം മാറി എന്നതും ജനങ്ങളുടെ ചെലവിടല്‍ കൂടി എന്നതുമാണ് 25 വര്‍ഷത്തിനിടെയുണ്ടായ വലിയ മാറ്റങ്ങള്‍.
എന്തുകൊണ്ട് ഈ ബിസിനസ് വ്യത്യസ്തം

നടത്തിപ്പ് ചെലവേറിയ ബിസിനസാണെന്നതാണ് അമ്യൂസ്‌മെന്റ് പാര്‍ക്കുകളുടെ പ്രത്യേകത. ഈ ബിസിനസിനെ സംബന്ധിച്ചിടത്തോളം സുരക്ഷ വളരെ പ്രധാനമാണ്. വലിയ മൂലധനം വേണ്ട മേഖലയുമാണ്. അതുകൊണ്ടായിരിക്കാം പലരും ഈ രംഗത്തേക്ക് വരാന്‍ മടിക്കുന്നത്. ഒരു റിസോര്‍ട്ട് പ്രവര്‍ത്തിപ്പിക്കുന്നതുപോലെയെല്ല അമ്യൂസ്‌മെന്റ് പാര്‍ക്ക് നടത്തുന്നത്. പല തരത്തിലുള്ള 45ഓളം ലൈസന്‍സുകള്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക് ഓപ്പറേറ്റ് ചെയ്യണമെങ്കില്‍ വേണ്ടി വരും. ഇതില്‍ ഒരു ലൈസന്‍സ് കിട്ടിയില്ലെങ്കില്‍ പാര്‍ക്ക് തുറക്കാനാകില്ല-പല വമ്പന്‍മാരും ഈ മേഖലയിലേക്ക് കടന്നുവരാന്‍ മടിക്കുന്നതിന്റെ കാരണം ഇതാകാമെന്ന് അരുണ്‍ പറയുന്നു.