ADVERTISEMENT

വയ്യാതായ അമ്മയെ പെട്ടെന്നു തന്നെ ആശുപത്രിയിലെത്തിച്ചു. എന്നാൽ, ഡോക്ടർ ചോദിച്ചപ്പോഴാണ്, മുൻ ചികിത്സാ രേഖകളോ ലാബ് റിപ്പോർട്ടുകളോ മരുന്നു വിവരങ്ങളോ കൈവശമില്ലെന്ന് മക്കൾ മനസ്സിലാക്കുന്നത്. തിരികെ വീട്ടിലെത്തി തിരഞ്ഞിട്ടും ഡോക്ടറുടെ പ്രിസ്ക്രിപ്ഷനോ പഴയ ലാബ് പരിശോധനാ ഫലങ്ങളോ കണ്ടെത്താനുമായില്ല. അപ്പോഴാണ്, ആരോഗ്യ വിവരങ്ങൾ പെട്ടെന്നെടുക്കാൻ കഴിയുന്ന വിധം കൈവശമില്ലാത്തത് എത്ര വലിയ വില കൊടുക്കേണ്ട സാഹചര്യമാകാമെന്നു തിരിച്ചറിയുന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. പലരുടെയും സ്ഥിതി ഇതുതന്നെ.

എന്നാൽ, ഇനി ആശങ്ക വേണ്ട. ആശുപത്രിയിലേക്കു കൈയും വീശി പോകാം. ചികിത്സാ രേഖകൾ ഒരു കുടക്കീഴിലാക്കി, ആരോഗ്യ വിവരങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതും ഡോക്ടർമാരെ കാണാൻ അപ്പോയിൻമെന്റ് എടുക്കുന്നതും ആരോഗ്യ സംരക്ഷണ സേവനങ്ങൾ ബുക്ക് ചെയ്യുന്നതുമെല്ലാം എളുപ്പക്കാൻ ‘ഹാബിറ്റൺ’ സഹായിക്കും; അതും സൗജന്യമായി. ഇതിനായി രോഗികൾക്കും ‍ഡോക്ടർമാർക്കും ഉപയോഗിക്കാനുള്ള ആപ്പുകളും ക്ലിനിക്കുകൾ, ആശുപത്രികൾ തുടങ്ങിയവയ്ക്കുള്ള സോഫ്റ്റ്‍വെയർ സേവനവും ഹാബിറ്റൺ നൽകുന്നുണ്ട്.

സ്വപ്ന സംരംഭങ്ങൾക്ക് സാക്ഷാത്കാരത്തിന്‍റെ പുതുചിറകു സമ്മാനിച്ച് മനോരമ ഓൺലൈൻ ഒരുക്കിയ ‘മനോരമ ഓൺലൈൻ എലവേറ്റ് ബിസിനസ് ഇൻവെസ്റ്റ്മെന്റ് പിച്ചിങ് റിയാലിറ്റി ഷോയിൽ നിക്ഷേപക പാനൽ അംഗങ്ങളുടെ മികച്ച പ്രശംസയാണ് ഹാബിറ്റൺ സാരഥികൾ സ്വന്തമാക്കിയത്. ജെയിൻ യൂണിവേഴ്സിറ്റിയുമായി ചേർന്നൊരുക്കുന്ന മനോരമ ഓൺലൈൻ എലവേറ്റിന്‍റെ എപ്പിസോഡ്-6 ഇവിടെ കാണാം.

ഒപ്പമുണ്ട്, ഹാബിറ്റൺ

ഒരു വ്യക്തിക്ക് തന്റെ ആരോഗ്യ–ചികിത്സാ വിവരങ്ങൾ ഡിജിറ്റലായി ഒരിടത്തു സൂക്ഷിക്കാവുന്ന ഇന്റഗ്രേറ്റ‍ഡ് മൊബൈൽ ആപ്പ് ആണ് ഹാബിറ്റൺ. രോഗ വിവരങ്ങൾ, മുൻകാല ചികിത്സകൾ, ടെസ്റ്റ് റിസള്‍ട്ടുകൾ ഇവയെല്ലാം ആപ്പിൽ ലഭ്യമാകും. ആശുപത്രിയിലോ ക്ലിനിക്കുകളിലോ അപ്പോയിന്റ്മെന്റുകളെടുക്കാനും ആപ്പിൽ സംവിധാനമുണ്ട്. ഡോക്ടറുടെ കുറിപ്പുകളും മരുന്നു വിവരങ്ങളും സൂക്ഷിക്കാം.

manorama-online-elevate-ep-6

മരുന്നു കഴിക്കണമെന്ന് കൃത്യമായി ഓട്ടോമാറ്റിക്കായി ഓർമപ്പെടുത്തുകയും ചെയ്യും. നിങ്ങളുടെ പഴ്സനൽ അസിസ്റ്റന്റ്‍ തന്നെയായിരിക്കും ഹാബിറ്റണെന്ന് സ്ഥാപകനും സിഇഒയുമായ ജി. വിനീത് പറഞ്ഞു. ഇതിനുപുറമെ, ഒരോ വ്യക്തിയുടെയും ആരോഗ്യ വിവരങ്ങൾ പഠിച്ച്, അവയ്ക്ക് അനുസൃതമായി ഡയറ്റ്, ഫിറ്റ്നസ് നിർദേശങ്ങൾ മുന്നോട്ടുവയ്ക്കാനുള്ള എഐ സാങ്കേതികതയും ഹാബിറ്റൺ ആപ്പിലുണ്ട്.

മനോരമ ഓൺലൈൻ എലവേറ്റിന്റെ നിക്ഷേപക പാനൽ അംഗങ്ങളായ ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ, ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. ടോം എം. ജോസഫ്, അസറ്റ് ഹോംസ് സ്ഥാപകൻ സുനിൽ കുമാർ, ഹീൽ സ്ഥാപകൻ രാഹുൽ എബ്രഹാം മാമ്മൻ എന്നിവർ
മനോരമ ഓൺലൈൻ എലവേറ്റിന്റെ നിക്ഷേപക പാനൽ അംഗങ്ങളായ ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ, ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. ടോം എം. ജോസഫ്, അസറ്റ് ഹോംസ് സ്ഥാപകൻ സുനിൽ കുമാർ, ഹീൽ സ്ഥാപകൻ രാഹുൽ എബ്രഹാം മാമ്മൻ എന്നിവർ

ഡോക്ടർമാർക്ക് ഉപയോഗിക്കാനുള്ള ആപ്പ് വ്യത്യസ്തമാണ്. ഡോക്ടർക്ക് രോഗിയുടെ മുൻകാല ചികിത്സകളുമായി ബന്ധപ്പെട്ട പൂർണവിവരങ്ങൾ ഒറ്റയടിക്കു ഹാബിറ്റൺ ആപ്പിൽ ലഭിക്കും. ഡിജിറ്റൽ പ്രിസ്ക്രിപ്ഷൻ ജനറേറ്റ് ചെയ്യാനും പേഷ്യന്റ് ഫോളോഅപ്പിനും ഇത് സഹായിക്കുമെന്നതാണ് നേട്ടം. ആശുപത്രികൾക്കും മറ്റ് ആരോഗ്യ/ചികിത്സ സേവനകേന്ദ്രങ്ങള്‍ക്കുമായി ‘PxP’ എന്ന സോഫ്റ്റ്‍വെയറാണ് ഹാബിറ്റണിനുള്ളത്. രോഗികളുടെ വിവരങ്ങൾ, ഓട്ടോമേറ്റഡ് ഡോക്യുമെന്റേഷൻ, അഡ്വാൻസ് അനലിറ്റിക്സ് തുടങ്ങിയവയുള്ള സംവിധാനമാണിത്.

elevate-idea

കേന്ദ്ര സര്‍ക്കാരിന്റെ ABHA (ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ട്) രജിസ്റ്റേഡ് കമ്പനിയാണ് ഹാബിറ്റൺ. ഇതു വഴിയാണു രോഗികളുടെ ഡേറ്റ ഇവർക്കു ലഭിക്കുന്നതും ആപ്പ് പ്രവർത്തനത്തിനുപയോഗിക്കുന്നതും. വ്യക്തിയെ തിരിച്ചറിയാനുള്ള വിവരങ്ങളെല്ലാം പൂർണമായും എൻക്രിപ്റ്റ‍ഡാണെന്നും സുരക്ഷിതമാണെന്നും വിനീത് പറഞ്ഞു. രോഗിയുടെ അനുവാദമില്ലാതെ ഡോക്ടർമാർക്കും വിവരങ്ങൾ ലഭിക്കില്ല. രോഗി നിശ്ചയിക്കുന്ന സമയം വരെ മാത്രമേ ഡോക്ടർക്ക് വിവരങ്ങൾ കാണാനുമാകൂ.

ആറു വർഷം മുൻപ് സുഹൃത്തിനൊപ്പം ആശുപത്രിയിൽ പോയപ്പോൾ ശ്രദ്ധിച്ച ഒരു കാര്യത്തിൽ നിന്ന് വിനീതിന്റെ മനസ്സിൽ ഉദിച്ച ആശയമാണ് ഹാബിറ്റൺ. 2024 ഡിസംബറിലാണ് ഹാബിറ്റൺ ആപ്പ് ലോഞ്ച് ചെയ്തത്. ഇതിനകം തന്നെ ആയിരത്തോളം പേരും 35 ക്ലിനിക്കുകളും ഉപഭോക്താക്കളായെത്തി. വരും വര്‍ഷങ്ങളിൽ യുകെയിലും യുഎഇയിലും ലോഞ്ച് ചെയ്യും. 5 വർഷത്തിനകം 866 കോടി രൂപയുടെ വരുമാനമാണ് ഹാബിറ്റൺ പ്രതീക്ഷിക്കുന്നത്.

നിലവിൽ, ഹാബിറ്റണിന്റെ ചില ഡയറ്റ്–ഫിറ്റ്നസ് നിർദേശങ്ങൾ നൽകുന്നതുപോലയുള്ള പ്രീമിയം ഫീച്ചറുകൾ ഒഴികെ ബാക്കിയെല്ലാം സൗജന്യമാണ്. 49 രൂപയ്ക്കാണ് പ്രീമിയം പ്ലാൻ ആരംഭിക്കുന്നത്. ആരോഗ്യ/ചികിത്സ സേവനകേന്ദ്രങ്ങള്‍ക്കുള്ള സോഫ്റ്റ്‍വെയറിനു ഓരോ ഡോക്ടർക്കും ചാർജ് 499 രൂപ.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business

English Summary:

Habbiton, a Kerala-Based Startup, Elevates the Digital Healthcare Experience. Watch Manorama Online Elevate episode-6 Now.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com