ADVERTISEMENT

ഇക്കുറി അക്ഷയതൃതീയ (Akshaya Tritiya) ദിനത്തിൽ കേരളത്തിലെ സ്വർണാഭരണ (gold) വിൽപന 1,500 കോടി രൂപ കടന്നേക്കുമെന്ന് പ്രതീക്ഷ. 2023ലും 2024ലും 1,500 കോടി രൂപ കടന്നിരുന്നു. ഇക്കുറി താരതമ്യേന വില വൻതോതിൽ കൂടി നിൽക്കുന്നുണ്ടെങ്കിലും വിറ്റുവരവിനെ അതു ബാധിക്കില്ലെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.

അക്ഷയതൃതീയ ദിനത്തിൽ വാങ്ങുന്നതിനായി ഉപഭോക്താക്കൾ നേരത്തേ തന്നെ ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് ഭീമ ഗ്രൂപ്പ് ചെയർമാനും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) ചെയർമാനുമായ ഡോ.ബി. ഗോവിന്ദൻ മനോരമ ഓൺലൈനിനോട് പറഞ്ഞു. 

Image : Shutterstock AI
Image : Shutterstock AI

കഴിഞ്ഞവർഷത്തേക്കാൾ 20% വരെ വളർച്ച ഇക്കുറിയുണ്ടാകുമെന്നാണ് കരുതുന്നത്. വില കൂടുതൽ ആയതിനാൽ വാങ്ങൽ അളവ് കുറവായിരിക്കും. എന്നാൽ, വാങ്ങൽ മൂല്യത്തിൽ കുറവുണ്ടാകാൻ സാധ്യതയില്ലെന്നും കേരളത്തിൽ സ്വർണത്തോടുള്ള താൽപര്യം ശക്തമായി തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസത്തിന്റെ ഭാഗമായിക്കണ്ടുള്ള വാങ്ങലുകൾക്കാണ് അക്ഷയതൃതീയയിൽ ഉപഭോക്താക്കൾക്ക് താൽപര്യം. സ്വർണനാണയം, മോതിരം, കമ്മൽ, മൂക്കുത്തി എന്നിവയ്ക്കാണ് ഡിമാൻഡ് കൂടുതൽ.

പ്രതീക്ഷിക്കുന്നത് 5 ലക്ഷം കുടുംബങ്ങളെ

അക്ഷയതൃതീയ ദിനത്തിൽ 5 ലക്ഷം കുടുംബങ്ങളെ സംസ്ഥാനത്തെ സ്വർണാഭരണ ഷോറൂമുകളിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (അബ്ദുൽ നാസർ വിഭാഗം) ജനറൽ സെക്രട്ടറി എസ്. അബ്ദുൽ നാസർ മനോരമ ഓൺലൈനിനോട് പറഞ്ഞു. അക്ഷയതൃതീയയോട് അനുബന്ധിച്ച് പുത്തൻ സ്റ്റോക്കുകൾ വ്യാപാരികൾ സജ്ജമാക്കിയിട്ടുണ്ട്. ഓരോ വർഷവും ശരാശരി 15% വളർച്ച അക്ഷയതൃതീയ ദിനത്തിലെ വിൽപനയിൽ ഉണ്ടാകാറുണ്ട്. ഇക്കുറി വില റെക്കോർഡ് നിലവാരത്തിൽ ആയതിനാൽ വിൽപന അളവ് കുറഞ്ഞേക്കാമെങ്കിലും വിറ്റുവരവിനെ ബാധിക്കില്ലെന്ന് അദ്ദേഹവും പറഞ്ഞു.

കേരളവും വിറ്റുവരവും

സാധാരണ ദിനങ്ങളിൽ കേരളത്തിൽ ശരാശരി 250-300 കോടി രൂപയുടെ സ്വർണാഭരണ വിൽപന നടക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഓരോ സാമ്പത്തിക വർഷത്തെയും ശരാശരി വിറ്റുവരവ് ഒരു ലക്ഷം കോടി രൂപയും. അക്ഷയതൃതീയ ദിനങ്ങളിൽ വിറ്റുവരവ് 1,000 കോടി രൂപ കവിയാറുമുണ്ട്. 2024ലെ അക്ഷയതൃതീയ ദിനമായ മേയ് 10ന് കേരളത്തിൽ പവൻവില 53,600 രൂപയും ഗ്രാം വില 6,700 രൂപയുമായിരുന്നു. പവന് 2023ലെ അക്ഷയതൃതീയ ദിനത്തെ അപേക്ഷിച്ച് 10,000 രൂപയോളം അധികമായിരുന്നെങ്കിലും വിറ്റുവരവിനെ ബാധിച്ചിരുന്നില്ല.

Gold-Loan

കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് നിലവിൽ പവൻവില 18,440 രൂപയും ഗ്രാം വില 2,305 രൂപയും അധികമാണ്. പവന് 72,040 രൂപയും ഗ്രാമിന് 9,005 രൂപയുമാണ് വില. കഴിഞ്ഞവർഷം 22 കാരറ്റിനു പുറമെ 18 കാരറ്റ് സ്വർണാഭരണങ്ങൾക്കും ആവശ്യക്കാരുണ്ടായിരുന്നു. ഇക്കുറിയും ഇതേ ട്രെൻഡ് പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ ആളോഹരി സ്വർണ ഉപഭോഗത്തിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനമാണ് കേരളം. 2024ലെ അക്ഷയതൃതീയ ദിനത്തിൽ സ്വർണം വാങ്ങിയവർക്ക് ഇതിനകം 35 ശതമാനം നേട്ടം (റിട്ടേൺ) കിട്ടിയിട്ടുണ്ട്.

ഓഫറുകളും സജീവം

സംസ്ഥാനത്തെ ചെറുതും വലുതുമായ സ്വർണാഭരണശാലകളെല്ലാം നഗര, ഗ്രാമ വ്യത്യാസമില്ലാതെ അക്ഷയതൃതീയ ഓഫറുകളുമായി സജീവമാണ്. പണിക്കൂലിയിൽ ഇളവിനു പുറമെ ആകർഷക സമ്മാനങ്ങളും പല ജ്വല്ലറികളും വാഗ്ദാനം ചെയ്യുന്നു. സ്വർണത്തിനു പുറമെ വജ്രാഭരണങ്ങൾക്കും ഓഫറുകളുണ്ട്. പണിക്കൂലിയിൽ 25% വരെ ഇളവാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പ്രധാന ഓഫർ (വിശദാംശങ്ങൾ). മികച്ച അഡ്വാൻസ് ബുക്കിങ് സൗകര്യവുമുണ്ട്.

Image : Shutterstock/AI
Image : Shutterstock/AI

സ്വർണം, വജ്രം, പ്ലാറ്റിനം, വെള്ളി ആഭരണങ്ങൾ വാങ്ങുന്നവർക്ക് സ്വർണ ബാർ ഉൾപ്പെടെയുള്ള സമ്മാനങ്ങളാണ് ജോയ് ആലുക്കാസ് ഒരുക്കിയിരിക്കുന്നത്. പണിക്കൂലിയിൽ 50% വരെ ഇളവാണ് കല്യാൺ ജ്വല്ലേഴ്സിന്റെയും പ്രധാന ഓഫർ. മിക്ക ജ്വല്ലറികളിലും അഡ്വാൻസ് ബുക്കിങ് ഓഫറും സജീവം. ബുക്ക് ചെയ്ത ദിവസത്തെയും വാങ്ങുന്ന ദിവസത്തെയും വില താരതമ്യം ചെയ്ത്, വിലക്കുറവിൽ സ്വർണാഭരണം സ്വന്തമാക്കാമെന്നതാണ് നേട്ടം.

ദേശീയതലത്തിലും ഓഫർമേളം

ദേശീയതലത്തിലും സ്വർണാഭരണ വിപണി അക്ഷയതൃതീയ മികച്ച വിൽപന നേട്ടത്തിന്റേതാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ്. പ്രമുഖ ജ്വല്ലറി ശൃംഖലകളായ തനിഷ്ക്, റിലയൻസ് ജുവൽസ് തുടങ്ങിയവയും പണിക്കൂലിയിൽ ഇളവും വിലയിൽ 20 ശതമാനം വരെ ഡിസ്കൗണ്ടും സമ്മാനങ്ങളും ഉൾപ്പെടെയുള്ള ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

An employee arranges gold jewellery kept for display at a store in Amritsar on February 8, 2025. (Photo by Narinder NANU / AFP)
Photo by Narinder NANU / AFP

അക്ഷയതൃതീയയ്ക്ക് ഉപഭോക്താക്കളെ ആകർഷിക്കാൻ ഡിജിറ്റൽ സേവന കമ്പനികളും സജ്ജം. 24 കാരറ്റ് ഡിജിറ്റൽ സ്വർണം വാങ്ങുന്നവർക്ക് 2,000 രൂപവരെ ക്യാഷ്ബാക്ക് ഓഫറാണ് ഫോൺപേയുടെ വാഗ്ദാനം. ഡിജിറ്റൽ സ്വർണനിക്ഷേപ പദ്ധതികളിൽ നിക്ഷേപിക്കാനുള്ള അവസരമാണ് എയർടെൽ പേയ്മെന്റ്സ് ബാങ്ക് ഒരുക്കിയിട്ടുള്ളത്.

എന്താണ് അക്ഷയതൃതീയ?

ഭാരതീയ വിശ്വാസപ്രകാരം സര്‍വൈശ്വര്യത്തിന്റെ ദിനമാണ് അക്ഷയതൃതീയ. വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തൃതീയയാണിത്. ശുഭകാര്യങ്ങൾക്ക് ഏറ്റവും ഉത്തമമായ മാസമാണത്രേ വൈശാഖം. അക്ഷയതൃതീയ ദിനത്തിൽ ചെയ്യുന്ന സത്കർമങ്ങളുടെ ഫലം മോശമാകില്ലെന്നാണ് വിശ്വാസം. ഈ ദിവസം സ്വർണം, വസ്ത്രം, വീട്, വാഹനം തുടങ്ങിയവ വാങ്ങാൻ ഉത്തമമാണെന്നും വിശ്വസിക്കപ്പെടുന്നു. 

അക്ഷയതൃതീയയ്ക്ക് സ്വർണം വാങ്ങിയാൽ ഐശ്വര്യം വരുമോ? വായിക്കൂ

2024 ഏപ്രിൽ 12ന് ഒരു പവൻ സ്വർണം 53,200 രൂപയ്ക്ക് വാങ്ങിയവർക്ക് 2025 ഏപ്രിലിൽ ഇതിനു ലഭിക്കുന്ന മൂല്യം 70,000 രൂപ (Photo by Narinder NANU / AFP)
2024 ഏപ്രിൽ 12ന് ഒരു പവൻ സ്വർണം 53,200 രൂപയ്ക്ക് വാങ്ങിയവർക്ക് 2025 ഏപ്രിലിൽ ഇതിനു ലഭിക്കുന്ന മൂല്യം 70,000 രൂപ (Photo by Narinder NANU / AFP)

ദുബായിയിലും ആവേശം

മലയാളികൾ ഉൾപ്പെടെ ഒട്ടനവധി പ്രവാസി ഇന്ത്യക്കാരുള്ള യുഎഇയിലെ സ്വർണാഭരണ വിപണിയും അക്ഷയതൃതീയയുടെ ആരവത്തിലാണ്. തവണവ്യവസ്ഥയിൽ സ്വർണാഭരണം വാങ്ങുന്ന ട്രെൻഡ് ദുബായിയിലെ ഷോറൂമുകളിലും കാണാം. സ്വർണവില കഴിഞ്ഞദിവസങ്ങളിൽ റെക്കോർഡ് ഉയരത്തിൽ നിന്ന് അൽപം കുറഞ്ഞത് മുതലെടുത്ത്, അക്ഷയതൃതീയയ്ക്കായി ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തുന്നവരും നിരവധി.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business

English Summary:

Akshaya Tritiya 2025: Kerala expects Rs 1,500 cr gold sales.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com