വിറ്റുവരവ് 850 കോടി; ബർഗോയ്ൻ കുടുംബത്തിന് കേരളത്തിലും മിന്നുന്ന ബിസിനസ് വിജയം

Mail This Article
കൊച്ചി∙ അയർലൻഡിൽ 3 തലമുറയായി പ്രശസ്തമായ ഐറിഷ് ലിനൻ നിർമിക്കുന്ന ബർഗോയ്ൻ കുടുംബത്തിന് കേരളത്തിലും ബിസിനസ് വിജയം. കൊച്ചിയിൽ 20 വർഷം മുൻപ് തുടങ്ങിയ ലിനൻ ടെക്സ്റ്റൈൽ കമ്പനിയുടെ വിറ്റുവരവ് ഇക്കൊല്ലം 10 കോടി ഡോളർ (850 കോടി രൂപ) കവിഞ്ഞു.
കാക്കനാട്ടെ പ്രത്യേക സാമ്പത്തിക മേഖലയിൽ 2005ൽ തുടങ്ങിയ ഡബ്ല്യുഎഫ്പി ബയേഡ് എന്ന ലിനൻ ഫാക്ടറി പിന്നീട് ഈറോഡിലേക്കും വികസിപ്പിക്കുകയായിരുന്നെങ്കിലും ഇപ്പോഴും ഉൽപാദനത്തിന്റെ 60% കൊച്ചിയിൽ നിന്നാണ്. 1.6 കോടി മീറ്റർ ലിനൻ തുണിയാണ് വർഷം ഉൽപാദനം. അടുത്ത വർഷം 2 കോടി മീറ്ററാക്കുക ലക്ഷ്യം. 5 വർഷത്തിനകം വിറ്റുവരവ് ഇരട്ടിയാക്കണമെന്ന ലക്ഷ്യവുമുണ്ട്. 20 വർഷം മുൻപത്തെ ഉൽപാദനത്തിന്റെ 7 ഇരട്ടിയും വരുമാനത്തിന്റെ 10 ഇരട്ടിയും ഇപ്പോഴുണ്ട്. കോവിഡിനു ശേഷം വർഷം 20–25% വളർച്ച നിരക്കുമുണ്ട്.
ഇവിടെ ഇതുവരെ തൊഴിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നും ഉൽപാദനക്ഷമത യൂറോപ്പിലേതിനു തുല്യമാണെന്നും ഡബ്ല്യുഎഫ്പി ബയേഡ് ചെയർമാൻ ജയിംസ് ബയേഡ് പറഞ്ഞു. 500 ജീവനക്കാരുണ്ട്. കൊഴിഞ്ഞുപോക്ക് വളരെ കുറവ്. ആദ്യ കാലത്തു ജോലിക്കു ചേർന്നവർ ഇപ്പോഴുമുണ്ട്, ചിലർ വിരമിക്കാനും തുടങ്ങി.ഇവിടെ ഉൽപാദിപ്പിക്കുന്ന ലിനൻ ബി2ബി ബിസിനസിൽ ലോകത്തെ പ്രമുഖ ബ്രാൻഡുകൾക്കാണു വസ്ത്രനിർമാണത്തിനു നൽകുന്നതെന്ന് സിഇഒ സുചിത്ര മേനോൻ ചൂണ്ടിക്കാട്ടി.
പോളോ, ലിവൈസ്, റാൽഫ് ലോറൻ, ടോമി ഹിൽഫിഗർ, കാൽവിൻ ക്ലെയ്ൻ തുടങ്ങിയ ബ്രാൻഡുകൾ വാങ്ങുന്നുണ്ട്. ബ്രാൻഡ് വസ്ത്രങ്ങൾ നിർമിക്കുന്ന ചൈന, ബംഗ്ലദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കാണു കയറ്റുമതി. ഇന്ത്യൻ ബ്രാൻഡുകളായ ബ്ലാക്ബെറി, റെയർ റാബിറ്റ്, റിലയൻസ്, ഫാബ് ഇന്ത്യ തുടങ്ങിയവയ്ക്കും ലിനൻ നൽകുന്നു. പുറമേ ഇന്ത്യയാകെ 3000 തുണിക്കടകളിൽ ബർഗോയ്ൻ ബ്രാൻഡ് ലിനൻ വിൽക്കുന്നുമുണ്ട്.
യുഎസിലേക്ക് നേരിട്ടു കയറ്റുമതി ഇല്ലാത്തതിനാൽ പകരം തീരുവ ബാധിക്കുന്നില്ല. ക്ഷമയോടെ കാത്തിരുന്നാൽ വാണിജ്യ രംഗത്ത് ട്രംപ് സൃഷ്ടിച്ച ചാഞ്ചാട്ടങ്ങൾ അവസാനിക്കുമെന്നും ജയിംസ് ബയേഡ് പറഞ്ഞു.