9 വർഷം, കേരളം കണ്ടത് മുഖച്ഛായ മാറ്റുന്ന വികസനക്കുതിപ്പെന്ന് മന്ത്രി കെ. രാജൻ

Mail This Article
കഴിഞ്ഞ 9 വർഷത്തിനിടെ കേരളത്തിന്റെ പശ്ചാത്തല വികസനമേഖലയിലുണ്ടായത് റോക്കറ്റ് വേഗത്തിലുള്ള വികസനമെന്ന് മന്ത്രി കെ. രാജൻ. നവകേരളം എന്നു വിശേഷിപ്പിക്കാവുന്ന വിധം കേരളം മറ്റൊരു കേരളമായി മാറുകയായിരുന്നു പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിനു കീഴിൽ ഈ 9 വർഷത്തിനിടെ. സംസ്ഥാനത്തിന്റെ സർവ മേഖലകളിലും വികസനം പ്രകടമാണെന്നും മന്ത്രി പറഞ്ഞു.
ശ്രദ്ധേയമായ ഈ മാറ്റത്തിന് പിന്നിലെ കരുത്ത് കിഫ്ബിയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ദേശീയപാതയ്ക്കായി 6,000 കോടി രൂപയോളം ചെലവഴിച്ച് റവന്യൂ വകുപ്പ് കൂടി ഇടപെട്ടതുകൊണ്ടാണ് ഭൂമി ഏറ്റെടുക്കൽ അതിവേഗം പൂർത്തിയാക്കാനായത്. കിഫ്ബിയുടെ പിന്തുണയോടെയാണ് ഇതു സാധ്യമായത്. തന്റെ മണ്ഡലമായ ഒല്ലൂരിലും കിഫ്ബിയുടെ പദ്ധതികൾ മികച്ചതലത്തിൽ പ്രയോജനപ്പെടുത്താൻ കഴിഞ്ഞു.

ലോകത്തിന്റെ ശ്രദ്ധയാകർഷിക്കുന്ന, ഏഷ്യയിലെ തന്നെ രണ്ടാമത്തെ വലിയ സുവോളജിക്കൽ പാർക്കാണ് പുത്തൂരിൽ വരുന്നത്. കിഫ്ബിയുടെ വികസനപദ്ധതികളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നതുമാണ് ടൂറിസത്തെ ലോകനിലവാരത്തിലെത്തിച്ച പുത്തൂർ സുവോളജിക്കൽ പാർക്ക്. കിഫ്ബിയുടെ പിന്തുണയോടെയാണ് മണ്ഡലത്തിലെ പിഡബ്ല്യുഡി റോഡുകൾ ബിഎംബിസി ആക്കാൻ സാധിച്ചത്. നെടുമ്പുഴ പാലം ഉൾപ്പെടെ 4 പാലങ്ങളുടെ നിർമാണവും പൂർത്തിയാക്കി. ഒല്ലൂർ മണ്ഡലത്തിനു മാത്രം വികസനപദ്ധതികൾക്കായി കിഫ്ബി ഫണ്ട് ലഭിച്ചത് 560 കോടി രൂപയാണ്.

കണ്ണാറയിലെ ബനാന ആൻഡ് ഹണി പാർക്ക് നിർമാണത്തിന് അനുവദിച്ചത് 24 കോടി രൂപ. മണ്ഡലത്തിലെ ഒട്ടുമിക്ക സ്കൂളുകൾക്കും കോടികളുടെ കിഫ്ബി ഫണ്ട് ലഭിച്ചു. റോഡുകൾക്കും പാലങ്ങൾക്കും കിഫ്ബിയുടെ മികച്ച പിന്തുണയുണ്ടായി. ശ്രീധരി പാലത്തിനും അനുബന്ധ റോഡ് നിർമ്മാണത്തിനുമായി 10 കോടി രൂപ അനുവദിച്ചു. നെടുമ്പുഴ റെയിൽവേ ഓവർബ്രിജിനു 36 കോടി രൂപ. മണ്ണുത്തി-എടക്കുന്ന് റോഡ് നിർമ്മാണത്തിന് 35 കോടി രൂപ. പീച്ചി-വാഴാനി ടൂറിസം കോറിഡോർ റോഡ് വികസനത്തിന് 65 കോടി രൂപ. കണ്ണാറ മൂർക്കിനിക്കര റോഡിന് 36 കോടി. നെടുമ്പുഴ-പടിഞ്ഞാറേ കോട്ട റോഡിന് 18 കോടി എന്നിങ്ങനെയും ഫണ്ട് കിഫ്ബി വഴി ലഭിച്ചെന്ന് മന്ത്രി പറഞ്ഞു.