ഓഹരിയുടെ ഡൈനിങ് ടേബിൾ വിഭവസമൃദ്ധമാക്കിയ ബഫറ്റ്; ഒരു ‘ഒഎൻജിസി’ കഥ ഇങ്ങനെ

Mail This Article
ഒഎൻജിസി 2011ൽ പബ്ലിക് ഇഷ്യു തുടങ്ങിയ ആദ്യ ദിവസം തന്നെ 2.23 മടങ്ങ് ‘ഓവർ സബ്‌സ്‌ക്രൈബ്’ (വിൽപനയ്ക്കു വച്ചു ഓഹരികൾക്ക് 2.23 ഇരട്ടി ആവശ്യക്കാർ) ചെയ്‌തു. വ്യാപാരം തുടങ്ങി കേവലം 11 മിനിറ്റിനുള്ളിൽ ഓഹരികൾ ഓവർ സബ്‌സ്‌ക്രൈബ്ഡ് ആയപ്പോൾ പ്രാഥമിക വിപണിയിൽ അന്നത് ചരിത്ര നേട്ടമായി.
എന്നാൽ, ഈ ഓഹരിയിൽ കോടികളുടെ നിക്ഷേപം നടത്തി അണിയറയിൽ നിൽക്കുന്ന അമേരിക്കക്കാരനായ ഒരു വൻകിട നിക്ഷേപകൻ ഉണ്ടായിരുന്നു - വാറൻ ബഫറ്റ്. 4,500 കോടി രൂപയുടെ ഓഹരികൾക്കാണ് ബഫറ്റ് ബിഡ് ചെയ്‌തത്. അതായത് 14.25 കോടി ഓഹരികൾ. ഒഎൻജിസിയുടെ ഓഹരി വിൽപനയിലുടെ സമാഹരിക്കാൻ ലക്ഷ്യമിട്ടിരിക്കുന്നതാകട്ടെ 10,000 കോടി രൂപയും. ലോകമെമ്പാടുമുള്ള നിക്ഷേപത്തിൽ ബഫറ്റിന്റെ കണ്ണും കാതുമുണ്ട്.
94-ാം വയസ്സിൽ ബാക്‌ഷർ ഹാത്തവെയ് എന്ന തന്റെ നിക്ഷേപക സ്ഥാപനത്തിന്റെ അമരത്തു നിന്ന് 60 വർഷത്തിനുശേഷം ബഫറ്റ് പടിയിറങ്ങുകയാണെന്ന് പ്രഖ്യാപിക്കുമ്പോൾ ലോകത്തെ സാമ്പത്തിക ചലനങ്ങൾ ഏറ്റവും സൂക്ഷ്മമായി നിരീക്ഷിച്ച വ്യവസായിയുടെ പടിയിറക്കം കൂടിയാകുമത്. ഗോൾഫ് പന്തുകൾ വിൽപന നടത്തി പണം കണ്ടെത്തിയിരുന്ന വാറൻ ബഫറ്റ് 11-ാം വയസ്സിൽ സഹോദരിക്കൊപ്പമാണ് ആദ്യമായി ഓഹരി വിപണിയിൽ എത്തുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business
12-ാം വയസ്സിൽ സുഹൃത്തുമൊത്ത് ബിസിനസ് തുടങ്ങി. ഇതിൽ നിന്നു നേടിയ ലാഭം ഉപയോഗിച്ച് 40 ഏക്കർ കൃഷിത്തോട്ടം വാങ്ങി. തുടർന്നു സാമ്പത്തിക ശാസ്‌ത്രത്തിൽ ബിരുദം നേടി. 1956 ൽ ബഫറ്റ് പാർട്നർഷിപ് എന്ന കമ്പനി തുടങ്ങി.1965ൽ സുഹൃത്ത് ചാർലി മുംഗറിനൊപ്പമാണ് ബാക്‌ഷർ ഹാത്തവെയ് ഏറ്റെടുക്കുന്നത്.
രാജ്യാന്തര ഓഹരി വിപണിയിൽ നിക്ഷേപത്തിന്റെ അവസാന വാക്കായും അമേരിക്കൻ മുതലാളിത്തത്തിന്റെ മുഖമായും ബഫറ്റ് മാറിയതാണ് ചരിത്രം. ബഫറ്റ് എങ്ങോട്ടു തിരിഞ്ഞാലും ഓഹരി അങ്ങോട്ടു തിരിയുമെന്ന് ലോകം കരുതിയ കാലം. 34,770 കോടി ഡോളറാണ് (29,29,024.80 കോടി രൂപ) വാറൻ ബഫറ്റിന്റെ കമ്പനിയുടെ ആസ്തി.
ജീവിതത്തിൽ സ്വന്തം ഫിലോസഫികളാണ് ബഫറ്റിനെ നയിക്കുന്നത്. 1958 താമസം തുടങ്ങിയ അതേ വീട്ടിലാണ് ഇപ്പോഴും താമസം. 2006നു ശേഷം ചാരിറ്റി പ്രവർത്തനങ്ങൾക്ക് കൂടുതൽ തുക നീക്കിവച്ച ബഫറ്റ്, മക്കൾ മേൽനോട്ടം വഹിക്കുന്ന പുതിയ ചാരിറ്റബിൾ ട്രസ്റ്റിനാകും ആ ഉത്തരവാദിത്തം കൈമാറുക. 25 വർഷമായി കമ്പനിയിലുള്ള നിലവിലെ വൈസ് ചെയർമാൻ ഗ്രെഗ് ഏബലാണ് ബാക്‌ഷറിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ്. സിഇഒ സ്ഥാനമൊഴിഞ്ഞ വാറൻ ബഫറ്റ് കമ്പനിയുടെ ചെയർമാനായി തുടരും.