ADVERTISEMENT

കേന്ദ്രസർക്കാരിന് അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (AGR) ഇനത്തിൽ വീട്ടേണ്ട കുടിശികയിന്മേൽ ചുമത്തിയ പിഴയും പലിശയും പിഴപ്പലിശയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ടെലികോം കമ്പനികൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. വോഡഫോൺ ഐഡിയ (Vodafone Idea), ഭാരതി എയർടെൽ (Bharti Airtel), ടാറ്റ ടെലിസർവീസസ് (Tata Teleservices) എന്നിവ സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.

എജിആർ സംബന്ധിച്ച് നേരത്തെ തന്നെ അന്തിമവിധി പുറപ്പെടുവിച്ചിട്ടുള്ളതിനാൽ ടെലികോം കമ്പനികൾ വീണ്ടും ഹർജി സമർപ്പിച്ചത് ഞെട്ടലുണ്ടാക്കിയെന്നും വിധി തെറ്റായി വ്യാഖ്യാനിച്ചതാകാമെന്നും ജസ്റ്റിസ് ജെ.ബി. പാർദിവാല അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.

ടെലികോം, ടെലികോം ഇതര വരുമാനങ്ങൾ കണക്കാക്കി ലൈസൻസ് ഫീസും സ്പെക്ട്രം ഉപയോഗ ഫീസും ഈടാക്കാനായി കേന്ദ്രം കൊണ്ടുവന്ന മാനദണ്ഡമാണ് എജിആർ. ഫീസ് കണക്കാക്കുന്നതിൽ ടെലികോം ഇതര വരുമാനം കൂടി ഉൾപ്പെടുത്തിയതോടെ കമ്പനികൾ കൂടുതൽ തുക കേന്ദ്ര സർക്കാരിന് അടയ്ക്കേണ്ട സ്ഥിതി വന്നിരുന്നു.

സാമ്പത്തികഞെരുക്കം മൂലം മിക്ക കമ്പനികൾക്കും ഫീസ് നിശ്ചിത സമയത്തിനകം അടയ്ക്കാനാകാതെ വന്നതോടെ കേന്ദ്രം പിഴയും പിഴയ്ക്കുമേൽ പലിശയും പിഴപ്പലിശയും ആവശ്യപ്പെട്ടിരുന്നു. ഇതിൽ ഇളവുതേടി സമർപ്പിച്ച ഹർജിയാണ് തള്ളിയത്. കേന്ദ്രസർക്കാരിന് വോഡഫോൺ ഐഡിയ മാത്രം മൊത്തം ഫീസിനത്തിൽ 1.96 ലക്ഷം കോടിയിലേറെ രൂപ വീട്ടാനുണ്ട്. ഇതിൽ നിന്ന് എജിആർ കുടിശിക (45,457 കോടി രൂപ) ഒഴിവാക്കിത്തരണമെന്നും അല്ലെങ്കിൽ 2025-26ന് ശേഷം കമ്പനിക്ക് പ്രവർത്തിക്കാനാവില്ലെന്നും പാപ്പരത്തത്തിന് അപേക്ഷിക്കേണ്ടി വരുമെന്നും കമ്പനി കഴിഞ്ഞദിവസം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

ഇതിനു പിന്നാലെയാണ്, ഇപ്പോൾ സുപ്രീം കോടതിയുടെ വിധിയുമെന്നത് കമ്പനിക്ക് വൻ തിരിച്ചടിയായി. വിധിക്ക് പിന്നാലെ ഇന്ന് വോഡഫോൺ ഐഡിയ ഓഹരികൾ 10 ശതമാനം വരെ ഇടിഞ്ഞു. ഒരുഘട്ടത്തിൽ 6.48 രൂപവരെ താഴ്ന്ന ഓഹരിവില, വ്യാപാരം അവസാനത്തെ സെഷനിലേക്ക് കടക്കുമ്പോഴുള്ളത് 8.82% നഷ്ടത്തോടെ 6.72 രൂപയിൽ. ഭാരതി എയർടെൽ, ഭാരതി ഹെക്സാകോം എന്നിവ 34,745 കോടി രൂപയുടെ കുടിശിക ഒഴിവാക്കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. നിലവിൽ 0.46% താഴ്ന്ന് 1,353.10 രൂപയിലാണ് ഭാരതി എയർ‌ടെൽ ഓഹരികളുള്ളത്.

എജിആർ കണക്കാക്കുന്നത് ഒഴിവാക്കണമെന്നല്ല, പകരം പലിശ, പിഴ, പിഴപ്പലിശ തുടങ്ങിയവ വീട്ടാൻ സാവകാശമാണ് തേടുന്നതെന്നും കമ്പനികൾ വ്യക്തമാക്കിയിരുന്നു. നേരത്തെ, എജിആർ സംബന്ധിച്ച കമ്പനികളുടെ ഹർജി 2020ലും സുപ്രീം കോടതി തള്ളിയിരുന്നു. തുടർന്നാണ്, എജിആർ കണക്കാക്കുന്നതിൽ അഭിപ്രായ വ്യത്യാസമില്ലെന്നും സാവകാശമാണ് തേടുന്നതെന്നും കമ്പനികൾ അറിയിച്ചത്. എജിആർ‌ അധിഷ്ഠിത കണക്കുകൂട്ടൽ വന്നത് സാമ്പത്തികാഘാതമായെന്നും കമ്പനികൾ വാദിച്ചിരുന്നു.

ഭാരതി എയർടെൽ, ഭാരതി ഹെക്സാകോം എന്നിവയുടെ യഥാർഥ എജിആർ കുടിശിക 9,235 കോടി രൂപ മാത്രമാണ്. പിഴയും പലിശയും പിഴപ്പലിശയും ചേരുന്നതോടെ ആകെ ബാധ്യത 43,980 കോടി രൂപ. വോഡഫോൺ ഐഡിയയുടേത് 83,400 കോടി രൂപയും. ഇതിൽ നിശ്ചിത തുകയുടെ ഇളവാണ് കമ്പനികൾ തേടിയത്.

 വോഡഫോൺ ഐഡിയ വീട്ടാനുള്ള കുടിശിക, കേന്ദ്രം ഓഹരികളാക്കി മാറ്റിയിരുന്നു. ഇപ്പോൾ വോഡഫോൺ ഐഡിയയിൽ 49 ശതമാനം വിഹിതവുമായി കേന്ദ്ര സർക്കാരാണ് ഏറ്റവും വലിയ ഓഹരി പങ്കാളിയും. കുടിശിക ഓഹരികളാക്കി  മാറ്റാനാകുമോ എന്ന് അന്വേഷിച്ച് ഭാരതി എയർടെലും അടുത്തിടെ കേന്ദ്ര ടെലികോം മന്ത്രാലയത്തെ സമീപിച്ചിരുന്നു. 

സുപ്രീം കോടതിയുടെ 2020ലെ വിധിപ്രകാരം മാത്രം ടെലികോം കമ്പനികൾ കേന്ദ്രത്തിന് വീട്ടാനുള്ള എജിആർ കുടിശിക 1.47 ലക്ഷം കോടി രൂപയാണ്. ഇതിൽ 75 ശതമാനവും പലിശ, പിഴ, പിഴപ്പലിശ എന്നിവയാണ്. 2031 മാർച്ചിനകം വാർഷിക ഗഡുക്കളായി എജിആർ കുടിശിക വീട്ടണമെന്നാണ് 2020ലെ സുപ്രീം കോടതി വിധി. എജിആർ കണക്കാക്കുന്നതിൽ പുനഃപരിശോധന അനുവദിക്കില്ലെന്നും തിരിച്ചടവിൽ വീഴ്ചയുണ്ടായാൽ പലിശ, പിഴ, പിഴപ്പലിശ എന്നിവയ്ക്ക് പുറമെ കോടതിയലക്ഷ്യ നടപടിയും നേരിടേണ്ടിവരുമെന്നും വിധിയിലുണ്ട്.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business

(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

English Summary:

SC dismisses Vodafone Idea, Bharti Airtel petition on AGR relief; calls it ‘shocking’, deems it ‘misconceived’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com