സ്വർണാഭരണ വിപണിയിൽ 18 കാരറ്റിനും 916 തിളക്കം; അണിയാൻ ചെറുപ്പക്കാർക്കും വല്യ ഇഷ്ടം

Mail This Article
കൊച്ചി∙ സ്വർണവില പിടിവിട്ട് ഉയരുമ്പോൾ കണക്കുകൾ മാറ്റിപ്പിടിക്കുകയാണ് സ്വർണാഭരണ വിപണി. 22 കാരറ്റ് (91.6% സ്വർണം) ആഭരണങ്ങൾക്കൊപ്പം 18,14 കാരറ്റിന്റെ ലൈറ്റ് വെയ്റ്റ് സ്വർണാഭരണങ്ങളാണ് ഇപ്പോൾ വിപണിയിലെ താരങ്ങൾ. ഇന്ത്യയിൽ ബിഐഎസ് ഹാൾമാർക്കിങ് ചെയ്യുന്ന ആഭരണങ്ങളിൽ 6–8% മാത്രമാണ് 18 കാരറ്റ് എങ്കിലും കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ഇതിലുണ്ടായ 6% വർധന 18 കാരറ്റിനോടുള്ള വിപണിയുടെ താൽപര്യം വ്യക്തമാക്കുന്നു. 2021ൽ ഹാൾമാർക്കിങ് നിർബന്ധമാക്കിയപ്പോൾ വെറും രണ്ടു ശതമാനമായിരുന്നു 18 കാരറ്റ് സ്വർണാഭരണങ്ങളുടെ വിപണി.

22 കാരറ്റ് സ്വർണം ഗ്രാമിന് 8,930 രൂപ നൽകേണ്ടി വരുമ്പോൾ 18 കാരറ്റിന് 7360 രൂപയാണ് ഇന്നലത്തെ വില. നവീന ഡിസൈനിലുള്ള വിപുലമായ കലക്‌ഷനുകൾ ഒരുക്കി പ്രമുഖ ജ്വല്ലറികളെല്ലാം ഉപയോക്താക്കളെ ആകർഷിക്കുന്നതും 18 കാരറ്റ് സ്വർണാഭരണങ്ങളുടെ മാറ്റ് കൂട്ടുന്നു.
നേരത്തെ ഡയമണ്ട് ആഭരണങ്ങളിലാണ് കൂടുതലായും 18 കാരറ്റ് ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ സാധാരണ സ്വർണാഭരണങ്ങൾ എല്ലാം ഇതിൽ നിർമിക്കുന്നുണ്ട്. ലൈറ്റ് വെയ്‌റ്റ്, റോസ് ഗോൾഡ്, വൈറ്റ് ഗോൾഡ് ആഭരണങ്ങളോടുള്ള ചെറുപ്പക്കാരുടെ പ്രത്യേക താൽപര്യവും 18 കാരറ്റ് സ്വർണ ഡിമാൻഡിനു കാരണമാണെന്ന് വ്യാപാരികൾ പറയുന്നു. ചെറിയ മാലകൾ, ലോക്കറ്റുകൾ, മൂക്കുത്തി, കമ്മലുകൾ, മോതിരം, ചെറിയ വളകൾ തുടങ്ങിയവയാണ് പ്രധാനമായും 18 കാരറ്റിൽ വിറ്റുപോകുന്നത്.
18 കാരറ്റിൽ 75% സ്വർണമുണ്ടെങ്കിൽ 14 കാരറ്റിൽ ഇത് 58 ശതമാനമാണ്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ 18 കാരറ്റ് സ്വർണവിലയിൽ ഗ്രാമിന് 97.6% വർധനയാണ് ഉണ്ടായത്. 2022 ജനുവരി ഒന്നിന് സംസ്ഥാനത്ത് 18 കാരറ്റ് സ്വർണവില 3725 രൂപയായിരുന്നു. ഇപ്പോൾ 7300 രൂപയ്ക്കു മുകളിലും.

വിപണിയിൽ മുൻതൂക്കം 22 കാരറ്റിന് ആണെങ്കിലും ഉപയോക്താക്കളുടെ താൽപര്യത്തിന് അനുസരിച്ച് 18 കാരറ്റ് സ്വർണാഭരണങ്ങളും ആകർഷകമായ ഡിസൈനുകളിൽ നിർമിച്ചു നൽകുന്നുണ്ട്. കൂടുതലും ലൈറ്റ് വെയ്റ്റ് ആഭരണങ്ങളാണ് ഈ വിഭാഗത്തിൽ വരുന്നത്.
ടി.എസ്.കല്യാണരാമൻ, മാനേജിങ് ഡയറക്ടർ, കല്യാൺ ജ്വല്ലേഴ്സ്
കേരളത്തിൽ ഇന്ന് (മേയ് 22) സ്വർണവിലയിൽ വൻ വർധനയുണ്ട്. വില ഇനിയും കുതിക്കുമെന്നാണ് പ്രവചനങ്ങൾ - വിശദാംശങ്ങൾ (Click here)