ADVERTISEMENT

ആഡംബര വാഹന ബ്രാൻഡായ ജനസിസിനെ (Genesis) ഇന്ത്യൻ വിപണിയിലെത്തിക്കാൻ പ്രമുഖ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ് (Hyundai Motor Co). ഇതിനായി ഇറക്കുമതിച്ചുങ്കത്തിൽ (Import Tariff) ഇളവ് ലഭിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് കമ്പനി. ഹ്യുണ്ടായ് മോട്ടോറിന്റെ ഉപസ്ഥാപനമായ ജനസിസ് 2024ൽ ആഗോളതലത്തിൽ 2.29 ലക്ഷത്തോളം വാഹനങ്ങൾ വിറ്റഴിച്ചിരുന്നു. കൊറിയയ്ക്ക് പുറമെ യുഎസ്, കാനഡ, ജിസിസി, യൂറോപ്പ്, ചൈന, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ജനസിസിന് ശക്തമായ വിപണിയുണ്ട്.

ബിഎംഡബ്ല്യു, മെഴ്സിഡീസ്-ബെൻസ്, ലെക്സസ് തുടങ്ങിയവയാണ് ജനസിസിന്റെ മുഖ്യ എതിരാളികൾ. 2018ൽ യുഎസിൽ 10,312 യൂണിറ്റുകൾ മാത്രം വിറ്റഴിച്ച ജനസിസ്, 2024ൽ വിൽപന 75,000ലേക്ക് ഉയർത്തിയിരുന്നു. നിലവിൽ‌ പൂർണമായും വിദേശത്ത് നിർമിച്ചശേഷം ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് (completely built units /CBUs) ഇന്ത്യ 110% ഇറക്കുമതിച്ചുങ്കമാണ് സെസ് ഉൾപ്പെടെ ഈടാക്കുന്നത്. അതേസമയം, വാഹനഘടകങ്ങൾ (completely knocked down /CKDs) ഇന്ത്യയിലെത്തിച്ച് നിർമിക്കുകയാണെങ്കിൽ (assembly in India) 16.5 ശതമാനമേ ചുങ്കമുള്ളൂ.

hyundai-genesis-g80-sedan-main-inside-1

നിലവിൽ യുഎസും യൂറോപ്യൻ യൂണിയനുമടക്കം ഇന്ത്യയോട് ഇറക്കുമതിച്ചുങ്കം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയും ദക്ഷിണ കൊറിയയും തമ്മിലും വ്യാപാരക്കരാർ പുനഃക്രമീകരിക്കുന്നത് സംബന്ധിച്ച് ചർച്ചകളുണ്ട്. ഇന്ത്യ ചുങ്കം കുറയ്ക്കാനായി കാത്തുനിൽക്കുകയാണ് ടെസ്‍ലയും (Tesla). ഈ ചർച്ചകളിൽ ചുങ്കം കുറയ്ക്കാൻ തീരുമാനമുണ്ടായാൽ ജനസിസിനെ 2026ലോ 2027ലോ ഇന്ത്യയിലെത്തിക്കാനാണ് ഹ്യുണ്ടായ് ആലോചിക്കുന്നത്.

എസ്‍യുവിയും സെഡാനും

ജനസിസിന്റെ ജിവി80 (GV80 SUV) ലക്ഷ്വറി എസ്‍യുവി, ജി80 സെഡാൻ (G80 Sedan) എന്നിവയാകും ആദ്യഘട്ടത്തിൽ ഇന്ത്യയിൽ എത്തിച്ചേക്കുക. ഇതിനു പുറമെ 2030ഓടെ ഇന്ത്യയിൽ 26 പുത്തൻ വാഹനങ്ങൾ വിപണിയിലിറക്കാനും ഹ്യുണ്ടായ് ലക്ഷ്യമിടുന്നു. 20 എണ്ണം പരമ്പരാഗത എൻജിൻ ശ്രേണിയിലുള്ളതും (internal combustion engine / ICE) 6 എണ്ണം ഇലക്ട്രിക് മോഡലുകളുമായിരിക്കും. ഹൈബ്രിഡ് മോഡലുകൾ പുറത്തിറക്കാനും ആലോചനകളുണ്ട്.

മത്സരം കടുപ്പം

മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റാ മോട്ടോഴ്സ് എന്നിവയിൽ നിന്ന് എസ്‍യുവി ശ്രേണിയിൽ നേരിടുന്ന കടുത്ത മത്സരം ചെറുക്കുക കൂടിയാണ് പുതിയ മോഡലുകളിലൂടെ ഹ്യുണ്ടായ് ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2020-21ൽ ഇന്ത്യയിൽ 17.36% വിപണിവിഹിതം ഹ്യുണ്ടായ്ക്കുണ്ടായിരുന്നു. 5.35 ശതമാനമായിരുന്നു ആ വർഷം മഹീന്ദ്രയുടെ വിഹിതം. നിലവിൽ മഹീന്ദ്രയ്ക്ക് 12.34 ശതമാനവും ഹ്യുണ്ടായ്ക്ക് 13.47 ശതമാനവുമാണ് വിപണിവിഹിതമെന്ന് ലൈവ്മിന്റിന്റെ ഒരു റിപ്പോർ‌ട്ട് പറയുന്നു. അതായത്, വെല്ലുവിളി ശക്തം.

ഓഹരികളിൽ നഷ്ടം

ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ ഓഹരികൾ ഇന്ന് 2.59% നഷ്ടവുമായി 1,860.50 രൂപയിലാണ് വ്യാപാരം ചെയ്യുന്നത്. ഐപിഒയ്ക്ക് ശേഷം ലിസ്റ്റിങ് നടന്ന കഴിഞ്ഞ ഒക്ടോബർ 22ലെ 1,970 രൂപയാണ് ഓഹരികളുടെ ഏറ്റവും ഉയരം. താഴ്ച ഇക്കഴിഞ്ഞ ഏപ്രിൽ 7ലെ 1,541.70 രൂപയും. ഇക്കഴിഞ്ഞ ജനുവരി-മാർച്ച് പാദത്തിൽ 3.7% ഇടിവോടെ 1,614 കോടി രൂപയുടെ സംയോജിത ലാഭമാണ് ഹ്യുണ്ടായ് രേഖപ്പെടുത്തിയത്. വരുമാനം 1.5% ഉയർന്ന് 17,940 കോടി രൂപയും. ഓഹരിക്ക് 21 രൂപവീതം ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിരുന്നു.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business

(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

English Summary:

Hyundai wants to debut Genesis in India, But Import Duties Pose a Challenge.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com