ADVERTISEMENT

കഴിഞ്ഞ സാമ്പത്തിക വർഷം (2024-25) രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ (Public Sector Banks/ PSBs) സംയോജിതമായി നേടിയ ലാഭം (Consolidated Net Profit) റെക്കോർഡ് 1.78 ലക്ഷം കോടി രൂപ. 2023-24ലെ 1.41 ലക്ഷം കോടി രൂപയേക്കാൾ 26% അധികം. കഴിഞ്ഞവർഷ ലാഭത്തിൽ ഏതാണ്ട് 40 ശതമാനവും എസ്ബിഐയുടേതാണ് (SBI). 70,901 കോടി രൂപയാണ് എസ്ബിഐയുടെ ലാഭം. തൊട്ടുമുൻവർഷത്തെ 61,077 കോടി രൂപയേക്കാൾ 16% കൂടുതൽ. ലാഭത്തിൽ വിപണിയിലെ ‘സ്വകാര്യ’ എതിരാളികളായ ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയെ മറികടക്കാനും എസ്ബിഐക്ക് കഴിഞ്ഞു.

എച്ച്ഡിഎഫ്സി ബാങ്ക് 67,347 കോടി രൂപയും ഐസിഐസിഐ ബാങ്ക് 47,277 കോടി രൂപയുമാണ് കഴിഞ്ഞവർഷം നേടിയ ലാഭം. പൊതുമേഖലാ ബാങ്കുകളിൽ ഉയർന്ന ലാഭ വളർച്ചനിരക്ക് കുറിച്ചത് പ‍ഞ്ചാബ് നാഷണൽ ബാങ്കാണ് (102 ശതമാനം). ലാഭം 16,630 കോടി രൂപ. 71% വളർച്ചയോടെ 1,016 കോടി രൂപ ലാഭം നേടി പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കാണ് രണ്ടാമത്. 12 പൊതുമേഖലാ ബാങ്കുകളും കഴിഞ്ഞവർഷം ലാഭത്തിലേറിയെന്ന പ്രത്യേകതയുമുണ്ട്. മറ്റൊന്ന്, 2017-18ൽ  സംയോജിതമായി 85,390 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയതിൽ നിന്നാണ് പൊതുമേഖലാ ബാങ്കുകളുടെ ലാഭത്തിലേക്കുള്ള ഈ കുതിച്ചുകയറ്റം.

കഴിഞ്ഞവർഷം സെൻട്രൽ ബാങ്ക് 48.4% വളർച്ചയോടെ 3,875 കോടി രൂപയും യൂകോ ബാങ്ക് 47.8% നേട്ടത്തോടെ 2,445 കോടി രൂപയും ലാഭം കുറിച്ചപ്പോൾ ബാങ്ക് ഓഫ് ഇന്ത്യയുടെ ലാഭം 45.9% ഉയർന്ന് 9,219 കോടി രൂപ. മുൻവർഷങ്ങളിൽ ലാഭവളർച്ചനിരക്കിൽ ഏറ്റവും മുന്നിലായിരുന്ന ബാങ്ക് ഓഫ് മഹാരാഷ്ട്ര ഇക്കുറി രേഖപ്പെടുത്തിയത് 36.1% വർധന; ലാഭം 5,520 കോടി രൂപ. 35.4% വർധനയുമായി ഇന്ത്യൻ ബാങ്ക് 10,918 കോടി രൂപയുടെ ലാഭവും രേഖപ്പെടുത്തി.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business

English Summary:

SBI Leads the Way, Public Sector Banks' Profit Soars to ₹1.78 Lakh Crore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com