മക്കളുടെ ആരോഗ്യത്തിനൊരുക്കിയ സ്നാക്കുകള് വിപണിയിലെത്തിച്ച് ദമ്പതികള്

Mail This Article
മുൻപൊക്കെ വീടുകളിൽ വ്യത്യസ്തങ്ങളായ എത്രയെത്ര പലഹാരങ്ങളും വിഭവങ്ങളുമാണ് ഉണ്ടാക്കിയിരുന്നത്. പുതിയ കാലത്ത് രക്ഷിതാക്കളുടെ ജോലി തിരക്കുകളും മാറിയ ജീവിതസാഹചര്യങ്ങളും നമ്മുടെ ഭക്ഷണ രീതികൾ മാറ്റിമറിച്ചു. അത് ഏറെ ബാധിച്ചത് കുട്ടികളുടെ ഭക്ഷണ ശീലത്തെയാണ്.
കുട്ടികളെ എൻഗേജ്ഡ് ആക്കുവാൻ സ്മാർട്ട് ഫോണുകൾ നൽകി അടക്കി ഇരുത്തുന്ന പോലെ അവരുടെ ‘വിശപ്പിനും’ നമ്മൾ എളുപ്പ വഴികൾ കണ്ടെത്തി. ഫലമോ ‘ഭക്ഷണങ്ങളിലെ പോഷകവൈവിധ്യങ്ങളുടെ അഭാവം കുട്ടികളുടെ അമിത വണ്ണം പോലുള്ള അവസ്ഥകളിലേക്കും അനാരോഗ്യത്തിലേക്കും തള്ളിവിടുന്നു. മുതിർന്നവരിലും അവസ്ഥ മറ്റൊന്നല്ല. തിരക്കേറിയ ജീവിതത്തിൽ ഇത് എളുപ്പമാണെങ്കിലും നമുക്കാവശ്യമായ പോഷകങ്ങൾ അവയിൽ നിന്ന് കിട്ടുന്നില്ല.
ഈ സാഹചര്യത്തിന് മാറ്റം കൊണ്ടുവരാനും അതിലെ ബിസിനസ് സാധ്യതകളെ പ്രയോജനപ്പെടുത്താനുമാണ് കോഴിക്കോട്ടെ സ്റ്റാർട്ടപ്പ് സംരംഭമായ ഷെഫൗസ് ലക്ഷ്യം വെക്കുന്നത്.
ആശയത്തിന് പിന്നിൽ
മലപ്പുറം സ്വദേശികളായ കെ. പി നൂറുദ്ദീൻ -ഫാത്തിമ ഫസ്മിന ദമ്പതികളാണ് ഈ ആശയത്തിന് പിന്നിൽ. കാലങ്ങളായി സൗദി, യുഎഇ തുടങ്ങിയ അറേബ്യൻ നാടുകളിൽ ഫുഡ് ബിസിനസിൽ പ്രാഗൽഭ്യം തെളിയിച്ചിട്ടുള്ള കുടുംബത്തിന്റെ പാരമ്പര്യമാണ് പുതിയ സംരംഭത്തിന്റെ കരുത്ത്. നാടൻ വിഭവങ്ങൾ പുതിയ രീതിയിൽ അവതരിപ്പിക്കുന്നതിനൊപ്പം, അവയെ പോഷക വൈവിധ്യങ്ങളുള്ളവയാക്കാനും കൂടിയാണ് നൂറുദ്ദീനും ഫസ്മിനയും ശ്രമിക്കുന്നത്.

ഷെഫൗസിന്റെ ഉദയം
“ഷെഫൗസ്” എന്ന ആശയം വെറുമൊരു ബിസിനസ് ഉൽപ്പന്നം മാത്രമല്ല. വളരെ വ്യക്തിപരമായ ഒരു അനുഭവത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു സംരംഭത്തിന് തയാറായത്. എല്ലാ അമ്മമാരെയും പോലെ സ്വന്തം മക്കൾ ആരോഗ്യകരമവും പോഷക സമൃദ്ധവുമായ ഭക്ഷണം കഴിക്കണം എന്നാഗ്രഹിക്കുന്ന ഒരാളാണ് ഫാർമസിസ്റ്റായ താനും എന്ന് ഫാത്തിമ ഫസ്മിന പറയുന്നു. അങ്ങനെയാണ് രുചിയിൽ വിട്ടുവീഴ്ച ചെയ്യാതെ ആരോഗ്യകരമായ മികച്ച സ്നാക്കുകളും മറ്റ് വിഭവങ്ങളും ഉണ്ടാക്കണമെന്ന് തീരുമാനിച്ചത്”.
ഒരു വ്യത്യസ്ത ഹൈജീനിക് ഫുഡ് ബ്രാൻഡ് എന്ന സ്വപ്ന സംരംഭത്തിന്റെ പണിപ്പുരയിലാരുന്ന നൂറുദ്ദീൻ പുതിയ ആശയം ഉൾകൊണ്ടതോടെ ഷെഫൗസ് പിറന്നു. കുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും സ്നേഹത്തോടെ, ധൈര്യമായി വിളമ്പാവുന്ന വിഭവങ്ങൾ വിപണിയിലെത്തിക്കുകയാണ് ഷെഫൗസിന്റെ ലക്ഷ്യമെന്ന് ഫാത്തിമയും നൂറുദ്ദീനും പറയുന്നു.
ചേമ്പ് വറുത്തതും മില്ലറ്റ് ബിസ്കറ്റും
നമ്മുടെ നാട്ടിൽ ലഭ്യമാകുന്ന ചാമഅരി, ചക്ക, റാഗി, കിഴങ്ങുവർഗങ്ങൾ, ചെറുധാന്യങ്ങൾ, കണ്ണൻകായ തുടങ്ങിയ പോഷകവൈവിധ്യം നിറഞ്ഞ പരമ്പരാഗത ചേരുവകൾ കൊണ്ട് രുചികരമായ പലഹാരങ്ങൾ നിർമ്മിക്കാനാണ് ഷെഫൗസ് ശ്രദ്ധിക്കുന്നത്. കായ വറുത്തത്, കപ്പ വറുത്തത്, ചേമ്പ് വറുത്തത് എന്നിവ മൂന്ന് വ്യത്യസ്ത ഫ്ലേവറുകളിൽ ഷെഫൗസ് നിർമിക്കുന്നു. റാഗിയും ചോളവും അടങ്ങിയ മില്ലറ്റ് ബിസ്കറ്റാണ് മറ്റൊരു ഐറ്റം. പലതരം മാവുകളും ധാന്യങ്ങളും പ്രകൃതിദത്ത മധുരവും ചേർത്താണ് ഷെഫൗസ് ബിസ്ക്കറ്റുകൾ. കേരളത്തിലെ തനത് രുചികൾ കൂടുതൽ ആളുകൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യവും ഷെഫൗസിനുണ്ട് - പ്രത്യേകിച്ച് പുതുതലമുറയ്ക്കും വിദേശികൾക്കും ഇടയിൽ.

ബിസിനസിന് അപ്പുറം കൂട്ടായ്മ
കർഷകരെയും വീട്ടമ്മമാരെയും ആരോഗ്യ ഭക്ഷണരീതികളിൽ ശ്രദ്ധിക്കുന്ന വ്യക്തികളെയും ഉൾപ്പെടുത്തി ഒരു കൂട്ടായ്മ രൂപീകരിക്കാനാണ് ഷെഫൗസ് ലക്ഷ്യമിടുന്നത്. മലയാളികൾ മറന്നുതുടങ്ങിയ ആരോഗ്യകരമായ ചില ധാന്യങ്ങളുടെയും വിളകളുടെയും കൃഷി തിരികെയെത്തിക്കാനും ഇത് പ്രോത്സാഹനമാകുമെന്ന് കരുതുന്നു.
സാധാരണ ഗതിയിൽ സ്നാക്കുകൾ മാസ് പ്രൊഡക്ഷൻ നടത്തുന്ന കമ്പനികൾ ഏതെങ്കിലും ചില ഉൽപ്പന്നങ്ങളിൽ മാത്രമായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിന് പകരം വൈവിധ്യമാർന്ന പലഹാരങ്ങളും ഭക്ഷ്യവസ്തുക്കളും ചെറിയ ബാച്ചുകളായി നിർമിച്ച് വിപണിയിൽ എത്തിക്കാനാണ് ഷെഫൗസ് ശ്രമിക്കുന്നത്. വൻകിട ഫാക്ടറികൾക്ക് പകരം, ഫ്രാഞ്ചൈസി മോഡലിൽ പ്രാദേശിക സ്ഥലങ്ങൾ കേന്ദ്രീകരിച്ച് രാജ്യാന്തര നിലവാരം പുലർത്തുന്ന ഉൽപ്പാദന കേന്ദ്രങ്ങളാണ് ഷെഫൗസിന്റെ മറ്റൊരു പ്രത്യേകത. ഉത്പാദനം വികേന്ദ്രീകരിക്കുന്നതിലൂടെ അതാത് ദേശങ്ങളിലെ രുചിവൈവിധ്യങ്ങൾ പ്രോത്സാഹിപ്പിക്കാൻ ഷെഫൗസിന് കഴിയും. സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് സ്വന്തം നാട്ടിൽ തൊഴിലവസരങ്ങളും ലഭിക്കും. നിലവിൽ കോഴിക്കോടിനടുത്ത് കക്കാഞ്ചേരിയിൽ ഷെഫൗസിന് ഒരു ആർ ആൻഡ് ഡി സെന്ററും ഉല്പാദനകേന്ദ്രവുമുണ്ട്. കണ്ണൂർ മട്ടന്നൂരിലെ കേന്ദ്രം ഉടൻ പ്രവർത്തനക്ഷമമാകും.
മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിൽ കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കാനാണുദ്ദേശം. വൃത്തിയും ഫുഡ് സേഫ്റ്റി മാനദണ്ഡങ്ങളും ലോകോത്തര നിലവാരമുള്ളതാണ്.

ആഗോള മാർക്കറ്റിലേക്ക്
പഴയകാലരുചികളെയും ഭക്ഷണസംസ്കാരങ്ങളെയും ആദരിക്കുന്നതിനോടൊപ്പം അവയിൽ പുതുമകൾ കൊണ്ടുവരാനും ഷെഫൗസ് ആഗ്രഹിക്കുന്നു. ഗ്രാമീണ അടുക്കളകളിൽ നിന്ന് ആഗോള മാർക്കറ്റിലേക്കുള്ള ദൂരം കുറയ്ക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഷെഫൗസ് സഹ സ്ഥാപകനും സിഇഓയുമായ കെ.പി നൂറുദ്ദീൻ പറയുന്നു. ഇന്ത്യയിലെ നാടൻ പലഹാരങ്ങളുടെ വൈവിധ്യവും പോഷകഗുണങ്ങളും ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുമെന്നും അദ്ദേഹം പറയുന്നു.
ഇ-കോമേഴ്‌സ് വിപണിയിലേക്കും ഷെഫൗസ് ചുവടുവെച്ചിരുന്നു. പുതിയ പലഹാരങ്ങൾ വിപണിയിൽ അവതരിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. എല്ലാ മാസവും ഒരു പുതിയ ഉൽപ്പന്നം വിപണിയിലെത്തിക്കാനാണ് നീക്കം. നിലവിൽ 11 പലഹാര ഇനങ്ങളാണ് ലഭ്യമായിട്ടുള്ളത്. വൈകാതെ ഇരുന്നൂറോളം വ്യത്യസ്ത വിഭവങ്ങളുടെനിര അവതരിപ്പിക്കും. രണ്ട് ടൺ പലഹാരങ്ങൾ നിർമിക്കാനുള്ള ശേഷിയാണ് നിലവിലെ ഉല്പാദന കേന്ദ്രങ്ങൾക്കുള്ളത്. അടുത്ത ആറ് മാസത്തിനുള്ളിൽ ഉത്പാദനം 10 ടണ്ണായി ഉയർത്തും. കേരളത്തിനകത്ത് 20 നിർമാണ യൂണിറ്റുകൾക്ക് പുറമെ, മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനും നീക്കമുണ്ട്.