ADVERTISEMENT

ബ്രിജ് വേ ഗ്രൂപ്പ് എന്നത് കേരളത്തിൽ അത്ര പരിചിതമുള്ള പേരല്ല. എന്നാല്‍ കൊച്ചിയിലെ സെന്റര്‍ സ്‌ക്വയര്‍ മാള്‍, മാരുതി ഡീലറായ ഇന്‍ഡസ് മോട്ടോഴ്‌സ് ഇവയൊക്കെ സുപരിചിതമാണ്. ഇവയുള്‍പ്പടെ ഇന്ത്യയിലും വിദേശങ്ങളിലുമായി പടർന്നു കിടക്കുന്ന നിരവധി ബിസിനസുകളുടെ മാതൃകമ്പനിയാണ് ബ്രിജ് വേ ഗ്രൂപ്പ്. പ്രവാസി  സംരംഭകനും രാജ്യസഭാ എം പിയുമായ പി വി അബ്ദുള്‍ വഹാബ് സ്ഥാപിച്ച കമ്പനി വിവിധ മേഖലകളില്‍ സജീവ സാന്നിധ്യമാണ്. 

അര നൂറ്റാണ്ട് മുമ്പ് ആരംഭിച്ച ഗ്രൂപ്പ് വൈവിധ്യം നിറഞ്ഞ നിരവധി മേഖലകളില്‍ ഇപ്പോള്‍ സജീവമാണെന്ന് പി വി അബ്ദുള്‍ വഹാബിന്റെ മകനും ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ജാബിര്‍ അബ്ദുള്‍ വഹാബ് പറയുന്നു. കഴിഞ്ഞ വർഷമാണ് ഗ്രൂപ്പ് 50 വര്‍ഷം തികഞ്ഞതിന്റെ ആഘോഷ പരിപാടികള്‍ തുടങ്ങിയതെന്നും ജാബിര്‍ പറയുന്നു. 

ഒരു ട്രേഡിങ് ബിസിനസ് എന്ന നിലയില്‍ 1974ല്‍ തുടങ്ങിയതാണ് ബ്രിജ് വേ ഗ്രൂപ്പ്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടയില്‍ ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലുമായി വിവിധ മേഖലകളിലേക്ക് ഗ്രൂപ്പിന്റെ ബിസിനസ് വ്യാപിച്ചു. പ്രവര്‍ത്തനം തുടങ്ങി 20 വര്‍ഷം കഴിഞ്ഞായിരുന്നു ഗ്രൂപ്പിന്റെ വൈവിധ്യവല്‍ക്കരണമെന്ന് ജാബിര്‍ പറയുന്നു. വമ്പന്‍ വികസനമായിരുന്നു അക്കാലത്ത്. ഇപ്പോള്‍ പുതിയ കാലത്തിനനുസരിച്ചുള്ള പരിവര്‍ത്തനത്തിന്റെ പാതയിലാണ്. 

കുടുംബത്തിലെ എല്ലാവര്‍ക്കും മികച്ച അവസരങ്ങള്‍ നല്‍കാന്‍ ഗ്രൂപ്പിന് സാധിക്കുന്നുവെന്നും രണ്ടാം തലമുറ തീര്‍ത്തും അനുഗ്രഹീതരാണെന്നും ജാബിര്‍ പറയുന്നു. 

jaber1
പി വി അബ്ദുള്‍ വഹാബും മക്കളും

പരിവര്‍ത്തനത്തിന്റെ പാതയില്‍

ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്‌സ്, എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി, റിയല്‍ എസ്‌റ്റേറ്റ്, ട്രേഡ് ആന്‍ഡ് മാര്‍ക്കറ്റിങ്, ഹെല്‍ത്ത്‌കെയര്‍ ആന്‍ഡ് എജ്യൂക്കേഷന്‍, മെഡിക്കല്‍ എക്യുപ്‌മെന്റ്, ടൂറിസം തുടങ്ങി നിരവധി വ്യവസായ മേഖലകളില്‍ സജീവമാണ് ഗ്രൂപ്പ്. സാന്നിധ്യമറിയിച്ചിട്ടുള്ള ഓരോ വ്യവസായ മേഖലയിലും ഗ്രൂപ്പിന്റേതായി രണ്ടോ മൂന്നോ കമ്പനികളെങ്കിലുമുണ്ടാകും. അത് ആ സ്ഥലത്തിന്റെ പ്രത്യേകത കൊണ്ടോ ആ ബിസിനസിന്റെ ആവശ്യകത കൊണ്ടോ ആകാം. ദക്ഷിണേന്ത്യ, ആഫ്രിക്ക, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലെല്ലാം ഗ്രൂപ്പിന് സാന്നിധ്യമുണ്ടെന്ന് ജാബിർ അറിയിച്ചു

കുടുംബ ബിസിനസിന്റെ വിജയമന്ത്രം

jaber2

കൃത്യമായ ഡെലിഗേഷനാണ് കുടുംബ ബിസിനസില്‍ നിര്‍ണായകമായതെന്ന് ജാബിര്‍ പറയുന്നു. 1990കളിലെ വൈവിധ്യവല്‍ക്കരണം മുതല്‍ ആ ശൈലിയുണ്ടായിരുന്നു. കുടുംബ ബിസിനസിന്റെ ഭാഗമായി രണ്ടാം തലമുറ വന്നപ്പോള്‍ ആദ്യമെടുത്ത തീരുമാനം ഡെലിഗേഷന്‍ ശൈലി നിലനിര്‍ത്തിക്കൊണ്ട് ഗ്രൂപ്പിന്റെ പൊതുകാഴ്ചപ്പാടുമായി ഓരോ ബിസിനസിനെയും യോജിപ്പിക്കുക എന്നതായിരുന്നു. അതിനാല്‍ ഓരോ ബിസിനസിന്റെയും ചുമതല നോക്കുന്നവര്‍ക്ക് ഇരട്ട ഉത്തരവാദിത്തങ്ങളുണ്ടാകും, ഒന്ന് കമ്പനി റെസ്‌പോണ്‍സിബിലിറ്റിയും രണ്ടാമത്തേത് ഗ്രൂപ്പിലേക്കുള്ള റെസ്‌പോണ്‍സിലിബിറ്റിയും. 

സ്വതന്ത്രമായാണ് ഓരോ ബിസിനസിലെയും കമ്പനികള്‍ പ്രവര്‍ത്തിക്കാറുള്ളത്. ദൈനംദിന മോണിറ്ററിങ് സംവിധാനമൊന്നുമില്ല. ഓരോ ബിസിനസിനെയും നയിക്കുന്നവര്‍ക്കാണ് പൂര്‍ണ ഉത്തരവാദിത്തം. മാസത്തിലൊരിക്കലോ, പാദത്തിലൊരിക്കലോ അവര്‍ ഗ്രൂപ്പിനെ അപ്‌ഡേറ്റ് ചെയ്യുകയെന്നതാണ് രീതി. ഗ്രൂപ്പിന്റെ വിഷനുമായി താദാത്മ്യം പ്രാപിച്ചുള്ള പ്രവര്‍ത്തനമാണെങ്കില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടാകില്ല-ജാബിര്‍ പറയുന്നു. 

ബ്രിജ് വേ ഗ്രൂപ്പ് പരമ്പരാഗത കുടുംബ ബിസിനസായി തുടങ്ങിയതല്ല. അതിനാല്‍ കുറേ കാര്യങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് പഠിച്ചാണ് മുന്നേറിയത്. ആറാം തലമുറ ബിസിനസ് വരെ കേരളത്തിലുണ്ട്. ഓരോരുത്തര്‍ക്കും ഓരോ സ്‌റ്റൈലുണ്ട്. ലോകത്തിലെ വിവിധ ഫാമിലികളില്‍ നിന്ന് പ്രചോദനം നേടിയിട്ടുണ്ട് ഞങ്ങള്‍. കുടുംബ ബിസിനസ് സ്മൂത്ത് ആക്കാന്‍ ഏറ്റവും ആദ്യം ചെയ്ത കാര്യം ബിസിനസിന്റെ ഭാഗമായ കുടുംബാംഗങ്ങള്‍ക്കിടയില്‍ ആശയവിനിമയം കൂട്ടി എന്നതാണ്. കമ്യൂണിക്കേഷന്‍ ഫ്രീക്വന്‍സി കൂട്ടി എന്നതായിരുന്നു ഞങ്ങളെടുത്ത ഏറ്റവും മികച്ച തീരുമാനം. 

എല്ലാ ബുധനാഴ്ച്ചകളിലും വൈകുന്നേരം ലോകത്തെവിടെയാണെങ്കിലും ഞങ്ങള്‍ മീറ്റ് ചെയ്ത് അപ്‌ഡേഷനുകള്‍ പങ്കുവെക്കും. ഫാമിലി ചാര്‍ട്ടര്‍ ഉണ്ടാക്കി, കോണ്‍സ്റ്റിറ്റ്യൂഷന്‍ ഉണ്ടാക്കിയൊക്കെ കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുന്നു.

പോയവർ മടങ്ങിവരും

കേരളത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും തൊഴില്‍ തേടി ആളുകള്‍ മറ്റ് രാജ്യങ്ങളില്‍ പോകുന്ന അവസ്ഥ ഇനി ഉണ്ടാകാന്‍ സാധ്യതയില്ലെന്നും ജാബിര്‍ പറയുന്നു. അവർ നാട്ടിലേയ്ക്ക് തന്നെ  മടങ്ങി വരുന്ന നാളുകൾ ഏറെ അകലയല്ല, അപ്പോൾ  നമുക്ക് ലഭ്യമാകുന്നത് രാജ്യാന്തര നിലവാരത്തിലുള്ള ടെക്നോളജി, അനുബന്ധ സേവനങ്ങളൊക്കെയായിരിക്കും. തൊഴിൽ തേടി മറ്റ് രാജ്യങ്ങളിൽ പോയവർ മടങ്ങിവരും.

കേരളത്തിന്റെ ഭാവി പ്രതീക്ഷയേകുന്നതാണ്. സമ്പദ് വ്യവസ്ഥ ഭാവിയില്‍ മുന്നേറുമെന്നത് തീര്‍ച്ചയാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ ആശങ്ക വേണ്ട. ബ്രിഡ്ജ് വേ ഗ്രൂപ്പിനെ സംബന്ധിച്ച് ഭാവി പദ്ധതി ടെക്‌നോളജി അധിഷ്ഠിമാക്കി എല്ലാ കമ്പനികളെയും മാറ്റുകയാണെന്ന് ജാബിര്‍ പറയുന്നു. കാരണം ടെക്നോളജി, റോബോട്ടിക്സ് ഇവയൊക്കെ അധിഷ്ഠിതമായാരിക്കും ഇനിയുള്ള മുന്നേറ്റം വരിക. ഇതെല്ലാം ഓപ്പറേറ്റ് ചെയ്യുന്നതിന് വൈദഗ്ധ്യമുള്ള ജീവനക്കാർ കൂടിയേ തീരൂ. 

English Summary:

Bridgeway Group, a diversified Indian conglomerate led by Jabir Abdul Wahab, celebrates 50 years of success. This article explores its growth strategy, family business model, and optimistic outlook on Kerala's future, predicting a return of skilled workers from abroad.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com