കടത്തിൽ മുങ്ങി; എന്നിട്ടും പാക്കിസ്ഥാനു വേണം ചൈനയുടെ യുദ്ധവിമാനം; അവസരം മുതലെടുത്ത് കുതിച്ച് ചൈനീസ് പ്രതിരോധ ഓഹരികൾ

Mail This Article
ദൈനംദിന സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാൻ രാജ്യാന്തര നാണയനിധിയുടെ (IMF) ഉൾപ്പെടെ രക്ഷാപ്പാക്കേജിനായി യാചിക്കുന്ന പാക്കിസ്ഥാൻ ചൈനയിൽ നിന്ന് 40 യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങുന്നു! അതും ഏറ്റവും നൂതന ഫൈറ്റർ ജെറ്റുകൾ. 5-ാം തലമുറയിൽപ്പെട്ട 40 ജെ-35, കെജെ-500 യുദ്ധവിമാനങ്ങളും എച്ച്ക്യു-19 ബാലിസ്റ്റിക് മിസൈൽ ഡിഫൻസ് സിസ്റ്റവുമാണ് ചൈനയിൽ നിന്ന് പാക്കിസ്ഥാൻ വാങ്ങുന്നതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
പാക്കിസ്ഥാന്റെ നീക്കത്തിന് പിന്നാലെ കഴിഞ്ഞ 3 വ്യാപാര സെഷനുകളിലായി ചൈനീസ് പ്രതിരോധ കമ്പനികളുടെ ഓഹരികൾ കുതിച്ചുകയറുകയാണ്. തിങ്കളാഴ്ച മാത്രം അവിക് ഷെന്യാങ് എയർക്രാഫ്റ്റ് കമ്പനിയുടെ ഓഹരി 10% ഉയർന്നു. ജെ-35 വിമാനങ്ങൾ നിർമിക്കുന്ന കമ്പനിയാണിത്. എയറോസ്പേസ് നാൻഹു ഇലക്ട്രോണിക് ഇൻഫർമേഷൻ ടെക്നോളജി കമ്പനിയുടെ ഓഹരി മുന്നേറിയത് 15%.
യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള തീരുമാനവുമായി പാക്കിസ്ഥാൻ മുന്നോട്ടുപോയാൽ, 5-ാംതലമുറ ഫൈറ്റർ ജെറ്റുകളുടെ ആദ്യ കയറ്റുമതിക്കാണ് ചൈന സാക്ഷിയാവുക. പഹൽഗാമിലെ ഭീകരാക്രമണത്തിന് തിരിച്ചടിയെന്നോണം പാക്കിസ്ഥാനിലെ ഭീകരരുടെ താവളങ്ങളിൽ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ പ്രത്യാക്രമണത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലെ സംഘർഷം രൂക്ഷമായിരുന്നു.
പാക്കിസ്ഥാന്റെ യുദ്ധസാമഗ്രികളുടെ പ്രധാന സ്രോതസ്സാണ് ഇപ്പോൾ ചൈന. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സംഘർഷമുണ്ടായാൽ അതിന്റെ പ്രധാന ഗുണഭോക്താവും ചൈനയായതിനാൽ, ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ചൈനീസ് പ്രതിരോധ കമ്പനികളുടെ ഓഹരികൾ വൻ നേട്ടമാണ് കുറിക്കുന്നത്.
ഇന്ത്യ-പാക്ക് സംഘർഷം: ചൈനയ്ക്ക് ‘കുറുക്കന്റെ സന്തോഷം’; ‘സ്വന്തം’ ആയുധ ഓഹരികൾ വാങ്ങിക്കൂട്ടി ചൈനക്കാർ - Click here to read details
ഇന്തോനീഷ്യയും ചൈനയിൽ നിന്ന് ജെ-10 യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള ഒരുക്കത്തിലാണെന്ന് റിപ്പോർട്ടിലുണ്ട്. നേരത്തേ യുഎസ്, റഷ്യ എന്നിവിടങ്ങളിൽ നിന്ന് ആയുധങ്ങൾ വാങ്ങിയിരുന്ന ഇന്തോനീഷ്യ, അവയെ കൈവിട്ടാണ് ചൈനയിലേക്ക് കണ്ണെറിയുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business