പഞ്ചനക്ഷത്ര ഹോട്ടൽ മാറി നിൽക്കും, 30 നിലയിൽ ലുലു ട്വിൻ ടവർ സ്മാർട്ട് സിറ്റിയിൽ തുടങ്ങുന്നു
Mail This Article
ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള ഐടി ടവറുകള്‍ കൊച്ചി സ്മാർട്ട് സിറ്റിയിൽ ഈ മാസം അവസാനം ആരംഭിക്കുന്നു.1500 കോടി രൂപ മുതൽ മുടക്കിലാണ് 30 നിലകളുള്ള ലുലു ഐടി സമുച്ചയം കൊച്ചി സ്മാർട്ട് സിറ്റിയിൽ ഒരുങ്ങുന്നത്. കേരളത്തിലെ ഏറ്റവും ഉയരമുള്ള വാണിജ്യ സമുച്ചയമാണ് പഞ്ചനക്ഷത്ര ഹോട്ടലുകളോട് കിടപിടിക്കുന്ന സൗകര്യങ്ങളോടെ ഇവിടെ ഒരുങ്ങുന്നത്. ഇരു ടവറുകളിലുമായി 25 ലക്ഷം ചതുരശ്ര അടിയിലുള്ള ഓഫീസ് സമുച്ചയമാണ് ലുലു ഐടി ഇൻഫ്രാ ബിൽഡ് പ്രവർത്തന സജ്ജമാക്കുന്നത്.
12 ഏക്കറിലേറെ വരുന്ന സ്ഥലത്ത് 34 ലക്ഷം ചതുരശ്ര അടിയിൽ153 മീറ്റർ ഉയരത്തിലുള്ള ഇരു ടവറുകള്‍ക്കും പൂർത്തീകരണ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. പ്രവർത്തന സജ്ജമാകുന്നതോടെ 30000 പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് കരുതുന്നത്. വമ്പൻ ഐടി കമ്പനികളാണ് ഇവിടെ പ്രവർത്തിക്കാൻ താൽപ്പര്യമറിയിച്ചിട്ടുള്ളത്. ഇവിടുത്തെ തൊഴിൽ സേനയുടെ വൈദഗ്ധ്യവും ചെലവ് കുറവും മികച്ച അടിസ്ഥാന സൗകര്യങ്ങളുമാണ് വൻകമ്പനികളെ ഇങ്ങോട്ടേയ്ക്ക് ആകർഷിക്കുന്ന ഘടകങ്ങൾ.
രണ്ട് കെട്ടിടങ്ങൾക്കും ഗുണനിലവാര സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. ഫുഡ്കോര്‍ട്ട്, ജിം, റീട്ടെയ്ൽ സ്പേസ്, ക്രഷെ, കേന്ദ്രീകൃത എസി, പവർ ബാക്കപ്, ഇവി ചാർജിങ് സ്റ്റേഷൻ മാലിന്യസംസ്കരണ സൗകര്യം, മഴവെള്ള സംഭരണി എന്നിവയെല്ലാമുണ്ട്. ഇരു ടവറുകളുടെയും മധ്യത്തിലായാണ് വിശാലമായ ഫുഡ് കോർട്ടുള്ളത്, റോബോട്ടിക് സംവിധാനം വരെ ഉപയോഗിച്ചുള്ള വിശാലമായ കാർ പാർക്കിങിൽ ഒരേ സമയം 4500 കാറുകൾ വരെ പാർക്ക് ചെയ്യാനാകും.