ADVERTISEMENT

തിരുവനന്തപുരം (വിഴിഞ്ഞം) ∙ ലോകത്ത് ഏറ്റവുമധികം കണ്ടെയ്നർ ശേഷിയുള്ള 6 കപ്പലുകളിൽ ആദ്യം നിർമിച്ച എംഎസ്‍സി ഐറിന ആദ്യമായി വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെത്തി. ലോകത്തെ വലിയ കപ്പലുകളിലൊന്നാണിത്. ഇതേ വലിപ്പവും കണ്ടെയ്നർ ശേഷിയുമുള്ള എംഎസ്‍സി തുർക്കിയെ, എംഎസ്‍സി മൈക്കിൾ കപ്പെല്ലിനി എന്നിവയ്ക്കു പിന്നാലെയാണ് ഐറിനയുടെ വരവ്. 


ക്യാപ്റ്റൻ വില്ലി ആന്റണി
ക്യാപ്റ്റൻ വില്ലി ആന്റണി

ഷിപ്പിങ് കമ്പനിയായ എംഎസ്‍സിക്ക് 24346 ടിഇയു കണ്ടെയ്നർ ശേഷിയുള്ള ‘ഐറിന ക്ലാസ്’ വിഭാഗത്തിൽ 6 കപ്പലുകളാണുള്ളത്. ഇതിൽ ആദ്യത്തെ കപ്പൽ 2023ൽ നിർമിച്ച ഐറിന ആയതിനാലാണ് ഈ കപ്പലുകൾക്ക് ‘ഐറിന ക്ലാസ്’ എന്ന വിശേഷണം. മുഴുവൻ കണ്ടെയ്നർ ശേഷിയും ഉപയോഗിച്ചാൽ 22 നില കെട്ടിടത്തിന്റെ ഉയരം വരും. 

ഐറിന ക്ലാസിൽപെട്ട 6 കപ്പലുകൾക്കും 399.93 മീറ്റർ നീളവും 61.33 മീറ്റർ വീതിയുമാണുള്ളത്. ഇതേ നീളവും ഇതിലധികം വീതി (61.5 മീറ്റർ)യുമുള്ള 36 കണ്ടെയ്നർ കപ്പലുകൾ ലോകത്താകെയുണ്ട്. ഇതിൽ 14 എണ്ണം എംഎസ്‍സിയുടേതുമാണ്. വീതിയിൽ മുന്നിലാണെങ്കിലും ഐറിന ക്ലാസിനെ അപേക്ഷിച്ച് ഇവയ്ക്കെല്ലാം കണ്ടെയ്നർ ശേഷി 600 ടിഇയു വരെ കുറവാണ്. 

ലോകത്തെ കണ്ടെയ്നർ നീക്കത്തിന്റെ 20% കൈകാര്യം ചെയ്യുന്നത് സ്വിറ്റ്സർലൻഡ് ആസ്ഥാനമായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയാണ് (എംഎസ്‍സി). വർഷം ശരാശരി 27 മില്യൻ ടിഇയു വഹിക്കുന്നുണ്ടെന്നാണു കണക്ക്. കഴിഞ്ഞമാസം വിഴിഞ്ഞത്തുനിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ മുങ്ങിയ എൽസ–3 കപ്പലും എംഎസ്‍സിയുടേതായിരുന്നു. 

സിംഗപ്പുരിൽ നിന്നെത്തിയ എംഎസ്‍സി ഐറിനയ്ക്കു വിസിൽ അധികൃതർ തുറമുഖത്തു സ്വീകരണം നൽകി. തൃശൂർ സ്വദേശിയായ വില്ലി ആന്റണിയാണു കപ്പലിന്റെ ക്യാപ്റ്റൻ. മൂവായിരത്തോളം കണ്ടെയ്നറുകൾ ഇറക്കുകയും അത്രയുംതന്നെ കയറ്റുകയും ചെയ്യുമെന്നാണു വിവരം. സ്പെയിനിലേക്കു പോകുന്ന കപ്പൽ 12നു വിഴിഞ്ഞം തുറമുഖം വിട്ടേക്കും. ട്രയൽ റൺ തുടങ്ങിയ 2024 ജൂലൈ മുതൽ ഇതുവരെ വിഴിഞ്ഞം തുറമുഖത്ത് 349 കപ്പലുകളാണെത്തിയത്.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business

English Summary:

The giant container ship MSC Irina, the first of its kind in the Irina Class, with a capacity of 24,346 TEU, arrived at Vizhinjam Port. Learn more about this colossal vessel and its impact on Kerala's maritime sector.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com