28000 ടൺ സ്വർണം ജനങ്ങളുടെ കയ്യിൽ, അതിൽ 4000 ടൺ പണയം, ഇന്ത്യയിൽ സ്വർണവായ്പാ ബിസിനസ് ഇരട്ടിയാവും

Mail This Article
കൊച്ചി∙ ഇന്ത്യയിൽ സ്വർണപ്പണയ ബിസിനസ് 3 വർഷത്തിനകം ഇരട്ടിയാക്കുമെന്നു മുത്തൂറ്റ് ഫിനാൻസ് എംഡി ജോർജ് അലക്സാണ്ടർ മുത്തൂറ്റ്. ബാങ്കുകളും മുത്തൂറ്റ് പോലുള്ള ധനകാര്യ സ്ഥാപനങ്ങളും നിലവിൽ നൽകുന്ന പണയ വായ്പ പല മടങ്ങായി വളരാൻ ഇനിയും സാധ്യതയുണ്ട്.
കോവിഡ് കാലത്താണ് വൻകിട ബാങ്കുകൾ സ്വർണ പണയ വായ്പയിൽ ഫോക്കസ് ചെയ്തു തുടങ്ങിയത്. ഇന്ത്യയിൽ 28000 ടൺ സ്വർണം ജനങ്ങളുടെ കയ്യിലുണ്ടെന്നാണു കണക്ക്. അതിൽ 4000 ടൺ മാത്രമാണ് ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമായി പണയത്തിലുള്ളത്.
മുത്തൂറ്റ് ഫിനാൻസ് വിപണി മൂല്യം ഒരു ലക്ഷം കോടി കടന്ന സാഹചര്യത്തിൽ മനോരമയോടു സംസാരിക്കുകയായിരുന്നു എംഡി. റിസർവ് ബാങ്ക് 2.5 ലക്ഷം രൂപ വരെയുള്ള ചെറുകിട സ്വർണപ്പണയത്തിന് ഉദാര വ്യവസ്ഥകൾ ഏർപ്പെടുത്തിയത് ഈ ബിസിനസിന്റെ വിശ്വാസ്യത വർധിക്കാനിടയാക്കി. മുത്തൂറ്റ് ഫിനാൻസ് കമ്പനി മികച്ച രീതിയിൽ നടത്തുന്നതാണെന്ന പ്രതിഛായയും വർധിച്ചു. ബിസിനസ് നന്നായി നടത്തുകയാണ് എല്ലാറ്റിലും പ്രധാനം.
?നന്നായി നടത്തുക എന്നാൽ.
തെറ്റായ നടപടികൾ ഒന്നും ഉണ്ടാവരുത്. ഞങ്ങളുടെ ലാഭം 5352 കോടിയാണ്. അതിൽ 22% ഡിവിഡന്റ് കൊടുക്കുന്നു. കുടുംബത്തിന് 73.2% ഓഹരിയുണ്ട്. 4 സഹോദരങ്ങൾക്കും 18% വീതം. ആരും ഒരു ഓഹരി പോലും വിറ്റിട്ടില്ല. ഡിവിഡന്റ് മുഴുവൻ കമ്പനിയിൽ തന്നെ നിക്ഷേപിക്കപ്പെടുന്നു. ഓഹരി മൂലധനം 28000 കോടിയാണ്. മൂലധന പര്യാപ്തത 28%. അതിനർഥം 100 രൂപ വായ്പയെടുത്താൽ അതിൽ 28 രൂപ കമ്പനിയിൽ നിന്നുള്ളതു തന്നെയാണ്.
സ്വാഭാവികമായും റേറ്റിങ് കൂടുന്നു. മൂന്നരലക്ഷം ഓഹരി ഉടമകളും ഞങ്ങളുടെ പ്രവർത്തനം സദാ നിരീക്ഷിക്കുന്നുണ്ട്. 11% ഓഹരിയുമായി ഏറ്റവും വലിയ നിക്ഷേപകർ എസ്ബിഐയാണ്.
?ഉത്തരേന്ത്യയിലെ വിജയം എത്രമാത്രം സഹായിച്ചു.
ആകെ 5000 ബ്രാഞ്ചുകളിൽ 2500 എണ്ണം ഉത്തരേന്ത്യയിലാണ്. ഡൽഹിയിൽ മാത്രം 200 ബ്രാഞ്ചുകൾ. ആകെ ബിസിനസിന്റെ 3% മാത്രമാണ് കേരളത്തിൽ. ഓരോ നാട്ടിലും ജീവനക്കാർ അവിടത്തെ ഭാഷ സംസാരിക്കുന്നവരാണ്. സ്വർണം നിങ്ങളുടെ ലോക്കറിൽ നിന്ന് ഞങ്ങളുടെ ലോക്കറിലേക്ക് മാറ്റി പണം നേടൂ എന്നായിരുന്നു അവിടങ്ങളിലെ പരസ്യം. കൊള്ളപ്പലിശക്കാരുടെ ചൂഷണത്തിന് ഇരയാകാതെ മാന്യമായി സ്വർണം പണയം വയ്ക്കുന്ന രീതി എല്ലാ നാട്ടിലും എത്തിച്ചതു മുത്തൂറ്റാണ്. വില കൂടിയപ്പോൾ സ്വർണം കയ്യിലുള്ളവരുടെ ആസ്തി ഇരട്ടിയായി. നേരത്തേ വിറ്റു പോയിരുന്നെങ്കിലോ?
? ഇനിയുള്ള ലക്ഷ്യങ്ങൾ.
നിലവിൽ മുത്തൂറ്റ് ഫിനാൻസിന്റെ സ്വർണപ്പണയ വായ്പ 1,02,000 കോടിരൂപയാണ്. ഒരു ബ്രാഞ്ചിന്റെ ശരാശരി വാർഷിക വായ്പ 24 കോടി. 50 കോടിയും 75 കോടിയും വായ്പയുള്ള ബ്രാഞ്ചുകളുണ്ട്. അപ്പോൾ ശരാശരി ബ്രാഞ്ച് വായ്പ 50 കോടി ആയാലോ? ആകെ വായ്പകളും ഇരട്ടിയാകും. ഓഹരി വിലയും വിപണി മൂല്യവും അതനുസരിച്ചു വളരും.