ആഗോള നിക്ഷേപ സംഗമം; 31,429 കോടി രൂപയുടെ 86 പദ്ധതികൾക്ക് തുടക്കം

Mail This Article
തിരുവനന്തപുരം ∙ വ്യവസായ വകുപ്പ് ഫെബ്രുവരിയിൽ സംഘടിപ്പിച്ച ആഗോള നിക്ഷേപ സംഗമത്തിന്റെ ഭാഗമായി താൽപര്യപത്രം ഒപ്പുവച്ചതിൽ 31429.15 കോടിയുടെ പദ്ധതികൾക്കു തുടക്കംകുറിച്ചു. 86 പദ്ധതികളിലൂടെയാണ് ഇത്രയും നിക്ഷേപമെത്തിയതെന്നു മന്ത്രി പി.രാജീവ്, കെഎസ്ഐഡിസി എംഡി മിർ മുഹമ്മദലി, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ് എന്നിവർ പറഞ്ഞു. ഇത്രയും പദ്ധതികൾ പൂർത്തീകരിക്കുന്നതോടെ 40,439 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
കെഎസ്ഐഡിസിയാണു പദ്ധതികൾക്കു മേൽനോട്ടം വഹിക്കുന്നത്. കിൻഫ്രയുടെ 8 പാർക്കുകളിലായി 25 പദ്ധതികൾ ഇക്കാലയളവിൽ ആരംഭിച്ചു. സൂക്ഷ്മപരിശോധനയിലൂടെ അന്തിമമാക്കിയ 1.77 ലക്ഷം കോടിയുടെ 424 പദ്ധതികൾ നടപ്പാക്കാനാണു തീരുമാനം. ഇതിൽ 29 പദ്ധതികൾക്കു ഭൂമി തരം മാറ്റുകയോ നിയമപരമായ ഇളവു ലഭിക്കുകയോ വേണം. 154 പദ്ധതികൾക്കു ഭൂമി കണ്ടെത്താനുണ്ട്.
നിക്ഷേപ സംഗമത്തിന്റെ ഭാഗമായി തുടങ്ങുന്ന പദ്ധതികൾക്ക് അടിസ്ഥാന അനുമതികൾ നേടിയെടുക്കാൻ കെഎസ്ഐഡിസി നേരിട്ടു വകുപ്പുകളുമായി ബന്ധപ്പെടുമെന്ന് എംഡി മിർ മുഹമ്മദലി പറഞ്ഞു.
ജൂണിൽ 3 വൻകിട പദ്ധതികൾ തുടങ്ങിയതായി മന്ത്രി പറഞ്ഞു. പാലക്കാട് കിൻഫ്ര പാർക്കിൽ 880 കോടിയുടെ ബിപിസിഎൽ പെട്രോളിയം ലോജിസ്റ്റിക്സ്, കഞ്ചിക്കോട് 510 കോടിയുടെ ഗാഷ സ്റ്റീൽസ് ടിഎംടി നിർമാണ പ്ലാന്റ്, 350 കോടിയുടെ എയർപോർട്ട് ഗോൾഫ് വ്യൂ ഹോട്ടൽസ് എന്നിവ. ഈ മാസം 1500 കോടി രൂപയുടെ 3 പദ്ധതികളുടെ നിർമാണം തുടങ്ങും. കളമശേരിയിൽ അദാനി ലോജിസ്റ്റിക്സ്, ചെർപ്പുളശ്ശേരിയിൽ കാനിയോ ഹെൽത്ത് മൾട്ടി സ്പെഷ്യൽറ്റി ആശുപത്രി, പെരുമ്പാവൂരിൽ കെയ്ൻസ് ടെക്നോളജി പദ്ധതി എന്നിവയാണു തുടങ്ങുന്നത്.